അധികച്ചെലവുകൾ ഒഴിവാക്കുക, കമ്മി ഇല്ലാതാക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കമ്മി ഇല്ലാതാക്കുകയെന്നത് സൈദ്ധാന്തികമല്ല യഥാർത്ഥത്തിൽ കൈവരിക്കാവുന്ന ലക്ഷ്യമായിരിക്കുന്നതിന് സകലരുടെയും ഉപരിയായ തുടർശ്രമം ആവശ്യമാണെന്ന് മാർപ്പാപ്പാ.
കർദ്ദിനാൾ സംഘത്തിന് നല്കിയ ഒരു കത്തിലാണ് ഫ്രാൻസീസ് പാപ്പാ പത്തുവർഷം മുമ്പാരംഭിച്ച റോമൻ കൂരിയാ പരിഷ്ക്കാരങ്ങളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 16-ന് പാപ്പാ പുറപ്പെടുവിച്ച ഈ കത്ത് ഇരുപതാം തീയതി വെള്ളിയാഴ്‌ചയാണ് (20/09/24) പരസ്യപ്പെടുത്തിയത്.
നിലവിലുള്ള ആസ്തികളിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താൻ അനുവദിക്കുന്ന ധാർമ്മിക നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള അടിത്തറ ഈ പരിഷ്കാരം പാകിയിട്ടുണ്ടെന്നും സഭയുടെ സേവനത്തിൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ നടത്തിപ്പിൻറെ മാതൃകയായി മാറിക്കൊണ്ട് ഓരോ സ്ഥാപനവും അതിൻറെ ദൗത്യത്തിനായി ആവശ്യമായ വിഭവങ്ങൾ പുറത്തുനിന്നു കണ്ടെത്തുന്നതിന് പരിശ്രമിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ചെലവ് ചുരുക്കലിൻറെ ഭാഗമായി സേവനം അനിവാര്യതയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് നിർവ്വഹിക്കപ്പെടണമെന്ന് പാപ്പാ പറയുന്നു. മുൻഗണനകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധചെലുത്തൽ, പരസ്പര സഹകരണം, സംഘാതപ്രവർത്തനം എന്നീ മാർഗ്ഗങ്ങളും പാപ്പാ ഇതിനായി നിർദ്ദേശിക്കുന്നു.
പ്രേഷിതപ്രവർത്തനത്തിൻറെ ഭാവി ഉറപ്പുനൽകാൻ വിളിക്കപ്പെട്ടിരിക്കുന്നതിനാൽ, വലിയ ഉത്തരവാദിത്വത്തോടെ എടുക്കേണ്ട തന്ത്രപരമായ തീരുമാനങ്ങൾക്കു മുന്നിലാണ് ഇന്ന് നാം എന്ന അവബോധം നാം പുലർത്തണമെന്നും സഭയുടെ നന്മയെന്ന ഏക ലക്ഷ്യ പ്രാപ്തിക്കായുള്ള അധികൃത സഹകരണം നമ്മുടെ സേവനത്തിൻറെ അനിവാര്യ ആവശ്യകതയാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: