തിരയുക

ഫ്രാൻസീസ് പാപ്പാ മെത്രാന്മാരും വൈദികരും വൈദികാർത്ഥികളും സമർപ്പിതരും മതബോധകരുമൊത്തുള്ള കൂടിക്കാഴ്ചാ വേളയിൽ, പാപുവ ന്യൂഗിനിയിൽ, പോർട്ട് മൊറെസ്ബിയിൽ ഫ്രാൻസീസ് പാപ്പാ മെത്രാന്മാരും വൈദികരും വൈദികാർത്ഥികളും സമർപ്പിതരും മതബോധകരുമൊത്തുള്ള കൂടിക്കാഴ്ചാ വേളയിൽ, പാപുവ ന്യൂഗിനിയിൽ, പോർട്ട് മൊറെസ്ബിയിൽ   (VATICAN MEDIA Divisione Foto)

സുവിശേഷവത്കരണം ക്ഷമയോടും ത്യാഗമനോഭാവത്തോടും കൂടി തുടരുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ പാപുവ ന്യൂഗിനിയിലെ മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും വൈദികാർത്ഥികളും സമർപ്പിതരും മതബോധകരുമൊത്ത് കൂടിക്കാഴ്ച നടത്തി.. പോർട്ട് മൊറെസ്ബിയിൽ ശനിയാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച. തദ്ദവസരത്തിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിൻറെ സംഗ്രഹം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തുടക്കംകുറിക്കാനുള്ള ധൈര്യം, അവിടെ ആയിരിക്കുകയെന്ന മനോഹാരിത, വളരുമെന്ന പ്രതീക്ഷ എന്നീ മൂന്നു കാര്യങ്ങളിൽ കേന്ദ്രീകൃതമായിരുന്നു പാപ്പായുടെ പ്രഭാഷണം. കൂടിക്കാഴ്ചാ വേദി ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ നാമത്തിലുള്ള ദേവാലയമായിരുന്നതിനാൽ ഈ അഭിധാനം വിശുദ്ധ ജോൺ ബോസ്കൊയ്ക്ക് ഏറെ പ്രിയങ്കരമായിരുന്നു എന്നനുസ്മരിച്ചുകൊണ്ട് പാപ്പാ ഇറ്റലിയിലെ ടൂറിൻ നഗരത്തിൽ ഒരു ദേവാലയം  തൻറെ നാമത്തിൽ പണിയുന്നതിന് 1844-ൽ പരിശുദ്ധ കന്യക അദ്ദേഹത്തിന് പ്രചോദനം പകർന്നതിനെക്കുറിച്ചു പരാമർശിച്ചു. “ഇവിടെയാണ് എൻറെ ഭവനം, ഇവിടെ നിന്ന് എൻറെ മഹത്വവും”  എന്ന വാഗ്ദാനം മാതാവ് തദ്ദവസരത്തിൽ വിശുദ്ധ ജോൺ ബോസ്കോയ്ക്ക് നല്കിയതും അവിടെ പണിതുയർത്തപ്പെട്ട ദേവാലയം സുവിശേഷ പ്രസരണത്തിൻരെയും യുവജന പരിശീലനത്തിൻറെയും ഉപവിയുടെയും കേന്ദ്രവും അനേകർക്ക് സംശോധകബിന്ദുവും ആയി പരിണമിച്ചതും പാപ്പാ അനുസ്മരിച്ചു.  

തുടർന്ന് പാപ്പാ ഈ കൂടിക്കാഴ്ചയിൽ അവതരിപ്പിക്കപ്പെട്ട സാക്ഷ്യങ്ങളിൽ തെളിഞ്ഞുനിന്ന മൂന്നു കാര്യങ്ങൾ, അതായത്, ആരംഭിക്കാനുള്ള ധൈര്യം, അവിടെ ആയിരിക്കുകയെന്ന മനോഹാരിത, വളരുമെന്ന പ്രതീക്ഷ എന്നിവ വിശകലനം ചെയ്തു.

ആദ്യം പാപ്പാ, ആരംഭിക്കാനുള്ള ധൈര്യത്തെക്കുറിച്ചു പറഞ്ഞു. ഈ കൂടിക്കാഴ്ചയുടെ വേദിയായിരിക്കുന്ന ദേവാലയത്തിൻറെ നിർമ്മാതാക്കൾ വിശ്വാസത്തിൻറെ മഹത്തായ ഒരു കർമ്മമാണ് ചെയ്തതെന്നും അത് ഫലം പുറപ്പെടുവിക്കുകയായിരുന്നുവെന്നും പാപ്പാ പറഞ്ഞു. തുടക്കംകുറിക്കാനുള്ള ധൈര്യം അവരുടെ മുൻഗാമികൾ കാണിച്ചതിനാലാണ് അതു സംഭവിച്ചതെന്നും പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ അവിടെ എത്തിയ പ്രേഷിതരുടെ പ്രവർത്തനങ്ങൾ  അത്ര എളുപ്പമായിരുന്നില്ലെന്നും ചിലപ്പോഴൊക്കെ പരാജയത്തിൽ കലാശിച്ചുവെന്നും പാപ്പാ വിശദീകരിച്ചു. എന്നാൽ അവർ തോറ്റു പിന്മാറിയില്ലെന്നും വലിയ വിശ്വാസത്തോടും അപ്പൊസ്തോലിക തീക്ഷണതയോടും ത്യാഗത്തോടും കൂടി സുവിശേഷ പ്രഘോഷണവും സോദരസേവനവും തുടർന്നുവെന്നും പാപ്പാ പറഞ്ഞു. ദേവാലയത്തൽ കാണുന്ന വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ചിത്രഖചിത സ്ഫടിക ജാലകങ്ങൾ ഇത് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ക്ലേശിതരും പരിത്യക്തരുമായവർ വസിക്കുന്നിടങ്ങളിലേക്ക്, പ്രാന്തപ്രദേശങ്ങളിലേക്കു കടന്നുചെല്ലേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

തുടർന്നു പാപ്പാ രണ്ടാമത്തെ മാനമായ അവിടെ ആയിരിക്കുന്നതിൻറെ സുഭഗതയെക്കുറിച്ച് വിശദീകരിച്ചു. യുവജനത്തിന് പ്രേഷിതാവേശം പകരാൻ എങ്ങനെ സാധിക്കുമെന്ന ചോദ്യം സാക്ഷ്യമേകിയ ജെയിംസ് ചോദിച്ചത് അനുസ്മരിച്ച പാപ്പാ അതിനൊരു സാങ്കേതിക വിദ്യയുണ്ടെന്ന് തനിക്കു തോന്നുന്നില്ലെന്നും സഭയായിരിക്കുന്നതിലുള്ള നമ്മുടെ ആനന്ദം വളർത്തിയെടുക്കുകയും അവരുമായി പങ്കുവയ്ക്കുകയും ചെയ്യുകയാണ് അതിനുള്ള മാർഗ്ഗമെന്നും വിശദീകരിച്ചു. മഹാ സംഭവങ്ങളുടെയും നേട്ടങ്ങളുടെയും വേളകളിലല്ല അവിടെ ആയിരിക്കലിൻറെ മനോഹാരിത അനുഭവിച്ചറിയുകയെന്നും മറിച്ച് ഒരുമിച്ചു വളരുന്നതിനുള്ള അനുദിനം നടത്തുന്ന ശ്രമങ്ങളിൽ ഉൾക്കൊള്ളിക്കുന്ന സ്നേഹത്തിലും വിശ്വാസ്തതയിലുമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വളരാമെന്ന പ്രതീക്ഷ എന്ന മൂന്നാമത്തേതും അവസാനത്തേതുമായ മാനത്തെക്കുറിച്ചു വിശകലനം ചെയ്ത പാപ്പാ പുറപ്പാടു സംഭവത്തിൽ ചെങ്കടൽ കടക്കുന്ന രംഗം അബ്രഹാം, ഇസഹാക്ക്, മോശ എന്നിവരുടെ ചിത്രങ്ങളോടു കൂടി  ഈ ദേവാലയത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് അനുസ്മരിച്ചു. ഇത് ഒരു സുപ്രധാന അടയാളമാണെന്നും കാരണം, ലോകത്തിൻറെ ചാലുകളിൽ നന്മയുടെ ചെറിയ വിത്തുകൾ വിതയ്ക്കുന്നത് തുടർന്നുകൊണ്ട് നമ്മുടെ പ്രേഷിതപ്രവർത്തനത്തിൻറെ  ഫലപ്രാപ്തിയിൽ വിശ്വസിക്കാൻ ഇത് നമുക്ക് പ്രചോദനം പകരുന്നുവെന്നും പാപ്പാ പറഞ്ഞു. നിരാശപ്പെടാതെ ക്ഷമയോടുകൂടി സുവിശേഷവത്ക്കരണം തുടരേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു.

മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളും മതബോധകരുമുൾപ്പടെയുള്ള സഭാതനയരുടെ പ്രവർത്തനങ്ങൾക്ക് കൃതജ്ഞതയർപ്പിച്ചുകൊണ്ടും അവരുടെ പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചുകൊണ്ടുമാണ് പാപ്പാ തൻറെ പ്രസംഗം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2024, 12:50