ദിനത്തെ, സമാധാന കർമ്മ പൂരിതമാക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനത്തിൻറെ അഭാവത്തിൽ ജീവിതം സാധ്യമല്ലെന്ന് മാർപ്പാപ്പാ.
തെക്കുപടിഞ്ഞാറെ ഇറ്റലിയിലെ ഒരു സ്ഥലമായ സ്കാലയിൽ സമ്മേളിച്ചിരിക്കുന്ന ആ പ്രദേശത്തുതന്നെയുള്ള അമാൽഫി തീരത്തെ, അഥവാ, “കൊസ്തിയേര അമൽഫിത്താന”യിലെ യുവതീയുവക്കൾക്ക് ചൊവാഴ്ച (03/09/24) അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇന്ന് ലോകത്തിൻറെ വിവിധഭാഗങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന യുദ്ധത്തെയും അനുദിനം ജീവൻ നഷ്ടപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളെയും അനുസ്മരിച്ചുകൊണ്ട് സമാധാനത്തിൻറെ അനിവാര്യത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
“സമാധാനത്തിൻറെ ഉപകരണങ്ങൾ” എന്ന പ്രമേയമാണ് ഈ സമാധാനസമ്മേളനം സ്വീകരിച്ചിരിക്കുന്നത്. സമാധനമില്ലെങ്കിൽ ഉണ്ടാകുന്നത് മരണവും നാശവും മാത്രമാണെന്നും ആകയാൽ ദിനത്തെ ശാന്തിയാൽ നിറയ്ക്കണമെന്നും പാപ്പാ പറയുന്നു.
സമാധാനത്തിനായി ഹൃദയംഗമമായി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ആഗോള സാഹചര്യങ്ങളുടെ നാടകീയതയ്ക്കു മുന്നിൽ നിസ്സഹായത നമുക്കനുഭവപ്പെടുമ്പോൾ, നാം "ദൈവത്തിന് അസാധ്യമായി ഒന്നുമില്ല" എന്നത് ഓർക്കണമെന്നും സമാധാനവും സാഹോദര്യവും സ്വപ്നം കാണുന്നതിൽ നാം തളരരുതെന്നും, കാരണം, അത് ദൈവപിതാവിൻറെയും സ്വപ്നമാണെന്നും പ്രചോദനം പകരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: