തിരയുക

പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠത്തിലെ സമഗ്ര സമ്മേളനത്തിലെ അംഗങ്ങളുമായി 2022 ൽ നടത്തിയ കൂടിക്കാഴ്ച്ച പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠത്തിലെ സമഗ്ര സമ്മേളനത്തിലെ അംഗങ്ങളുമായി 2022 ൽ നടത്തിയ കൂടിക്കാഴ്ച്ച   (ANSA)

ശാസ്ത്രം മാനവികവികസനത്തിനു സംഭാവനകൾ നല്കുന്നതാകണം: ഫ്രാൻസിസ് പാപ്പാ

പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠത്തിലെ സമഗ്ര സമ്മേളനത്തിലെ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മനുഷ്യരുടെ ഉന്നമനത്തിനും, സമൂഹത്തിന്റെ വളർച്ചയ്ക്കും ശാസ്ത്രലോകത്തിന് ഇനിയും ധാരാളം സംഭാവനകൾ നൽകുവാൻ സാധിക്കട്ടെയെന്നു ആശംസിച്ചുകൊണ്ടാണ് പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠത്തിലെ സമഗ്ര സമ്മേളനത്തിലെ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറിയത്. ഇത്തവണത്തെ സമ്മേളനം, 'മുഴുവൻ ഭൗമ വ്യവസ്ഥിതിയിലെയും മാറ്റങ്ങൾ കണക്കിലെടുത്ത് അതിനപ്പുറത്തേക്ക് നോക്കുവാനുള്ള ആശയം ഉൾക്കൊള്ളുന്ന  'ആന്ത്രോപോസീൻ' എന്ന ഗ്രീക്ക്  പദവും, 'നിർമ്മിതബുദ്ധി' എന്ന ആശയവുമാണ് ചർച്ചകൾക്കുള്ള വിഷയങ്ങളായി എടുത്തിരിക്കുന്നത്.

പ്രകൃതിയിലും ആവാസവ്യവസ്ഥയിലും മനുഷ്യരാശി ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച്ച് വിവിധ തലങ്ങളിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠം ഇത്തരം വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ തന്റെ കൃതജ്ഞത പാപ്പാ രേഖപ്പെടുത്തി. ആന്ത്രോപോസീൻ എന്ന ആശയം മുൻപോട്ടു വയ്ക്കുന്ന മാർഗ്ഗങ്ങൾ മനുഷ്യരാശിയുടെ അന്തസ്സിനെ സേവിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും ഇടവരുത്തട്ടെയെന്നും പാപ്പാ ആശംസിച്ചു. ലോകം ഗുരുതരമായ സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, തദ്ദേശവാസികളായവരെയും, ദരിദ്രരും, പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ ആളുകളെ ശ്രവിക്കുവാനും, അവരുടെ വിജ്ഞാനം ശ്രദ്ധിക്കുവാനും അക്കാദമി ചെലുത്തുന്ന ശ്രദ്ധയെ പാപ്പാ അഭിനന്ദിച്ചു.

നിർമ്മിതബുദ്ധിയുടെ ഉപയോഗം നിരവധി നേട്ടങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അവ ചെലുത്തുന്ന ചില വെല്ലുവിളികളെ മറന്നുപോകരുതെന്നും പാപ്പാ എടുത്തുപറഞ്ഞു. വൈദ്യശാസ്ത്രത്തിലും, ആരോഗ്യപരിപാലനത്തിലും പുതുമകൾ പ്രോത്സാഹിപ്പിക്കുന്നതിനും,  പ്രകൃതിയെയും,  പരിസ്ഥിതിയെയും  സംരക്ഷിക്കാൻ സഹായിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെളിച്ചത്തിൽ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം പ്രാപ്തമാക്കുന്നതിനും നിർമ്മിതബുദ്ധി ചെലുത്തിയ ആരോഗ്യപരമായ സ്വാധീനം പാപ്പാ അടിവരയിട്ടു പറഞ്ഞു.

എന്നാൽ, അസമത്വങ്ങളും, സംഘർഷങ്ങളും വർദ്ധിപ്പിക്കുന്ന സാങ്കേതിക, സംഭവവികാസങ്ങൾ ഒരിക്കലും യഥാർത്ഥ പുരോഗതിയായി കണക്കാക്കാൻ കഴിയില്ലയെന്നും പാപ്പാ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. അതിനാൽ നിർമ്മിതബുദ്ധിയുടെ ഉപയോഗത്തെപ്പറ്റി കൂടുതൽ ശ്രദ്ധയും, പഠനങ്ങളും ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. പ്രതിസന്ധികളും, യുദ്ധങ്ങളും, ലോകസുരക്ഷയ്ക്ക് ഭീഷണികളും നിലനിൽക്കുന്ന ഈ സമയത്ത്, മനുഷ്യ കുടുംബത്തിന്റെ സേവനത്തിൽ, അറിവിന്റെ പുരോഗതിക്കായി അക്കാദമിയുടെ  നിശബ്ദമായ സംഭാവനകൾ, ആഗോള സമാധാനത്തിനും അന്താരാഷ്ട്ര സഹകരണത്തിനും കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന ആശംസയോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2024, 13:31