നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം: പാപ്പാ കിഴക്കെ തിമോറിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഏഷ്യ ഓഷ്യാന നാടുകളിൽ ഇടയസന്ദർശനം നടത്തുന്ന ഫ്രാൻസീസ് പാപ്പാ തൻറെ ഈ നാല്പത്തിയഞ്ചാമത്തെതായ വിദേശ അപ്പൊസ്തോലിക യാത്രയുടെ നാലു വേദികളിൽ മൂന്നാമത്തെതായ പൂർവ്വതിമോറിലാണ് ഇപ്പോൾ. സെപ്റ്റംബർ 2-ന് തിങ്കളാഴ്ച വൈകുന്നേരം യാത്ര ആരംഭിച്ച പാപ്പാ യഥാക്രമം ഇന്തൊനേഷ്യ പാപ്പുവ ന്യൂഗിനി, എന്നീ നാടുകൾ സന്ദർശിച്ചതിനു ശേഷമാണ് കിഴക്കൻ തിമോറിൽ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച (09/09/24) പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് പൂർവ്വതിമോറിൻറെ മണ്ണിൽ പാപ്പാ പാദമൂന്നിയത്. ഇന്ത്യയും പൂർവ്വതിമോറും തമ്മിൽ 3 മണിക്കൂറും 30 മിനിറ്റും വിത്യാസമുണ്ട്, അതായത്, ഇന്ത്യ സമയത്തിൽ 3 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. പതിനൊന്നാം തീയതി ബുധനാഴ്ച വരെ പാപ്പാ പൂർവ്വതിമോറിൽ ചിലവഴിക്കും. അന്ന് പാപ്പാ തൻറെ ഈ ഇടയസന്ദർശനത്തിൽ നാലാമത്തെയും അവസാനത്തെയുമായ സിംഗപ്പൂറിൽ എത്തും. പതിമൂന്നാം തീയതി പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.
ഏഷ്യ ഓഷ്യാന നാടുകളിലേക്കുള്ള യാത്രയുടെ എട്ടാം ദിനമായിരുന്ന സെപ്റ്റംബർ 9-ന്, തിങ്കളാഴ്ച പാപ്പായുടെ പരിപാടികൾ പാപുവ ന്യൂഗിനിയുടെ തലസ്ഥാന പട്ടണമായ പോർട്ട് മോറെസ്ബിയിലുള്ള സർ ജോൺ ഗൈസ് സ്റ്റേഡിയത്തിൽ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, പൂർവ്വ തിമോറിൽ അന്നാടിൻറെ പ്രസിഡൻറുമായുള്ള സൗഹൃദ കൂടിക്കാഴ്ച, അന്നാടിൻറെ ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു
ഞായറാഴ്ച രാത്രി പോർട്ട് മൊറെസ്ബിയിൽ, അപ്പൊസ്തോലിക് നൺഷിയേച്ചറിൽ വിശ്രമിച്ച പാപ്പാ തിങ്കളാഴ്ച രാവിലെ സ്വകാര്യ ദിവ്യബലിക്കും പ്രാതലിനും ശേഷം അപ്പൊസ്തോലിക് നൺഷിയേച്ചറിലെ എല്ലാവരോടും വിട ചൊല്ലുകയും യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി നൺഷിയേച്ചറിൽ നിന്ന് ഏഴുകിലോമീറ്ററിലേറെ അകലെ സ്ഥിതിതചെയ്യുന്ന സർ ജോൺ ഗൈസ് സ്റ്റേഡിയത്തിലേക്ക് കാറിൽ പോകുകയും ചെയ്തു. അവിടേയ്ക്കു പുറപ്പെടുന്നതിനു മുമ്പ് പാപ്പാ ഒരു സമ്മാനം അപ്പൊസ്തോലിക് നൺഷിയേച്ചറിന് നല്കുകയും ചെയ്തു.
യുവജനങ്ങളുമായുള്ള നേർക്കാഴ്ച
കാറിൽ സ്റ്റേഡിയത്തിനടുത്തെത്തിയ പാപ്പാ അവിടെവച്ച് ചെറിയ തുറന്ന വൈദ്യുതി വാഹനത്തിലേക്കു മാറുകയും സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്ന യുവതീയുവാക്കളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. പതിനായിരത്തോളം യുവതീയുവാക്കൾ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. പാപ്പാ അവർക്കിടയിലൂടെ വേദിയിലേക്കു നീങ്ങിയപ്പോൾ അന്തരീക്ഷം സംഗീത സാന്ദ്രമായിരുന്നു. ഹർഷാരവങ്ങളും ഉയർന്നു.തദ്ദേശീയരുടെ ഒരു സ്വാഗത നൃത്തത്തോടെ കൂടിക്കാഴ്ചാ പരിപാടിക്കു തുടക്കമായി.
പാപ്പായ്ക്ക് സ്വാഗതമോതി ബിഷപ്പ് ജോൺ ബോസ്കൊ ഔറം
പാപുവ ന്യുഗിനിയിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ യുവജനസമിതിയുടെ അദ്ധ്യക്ഷൻ കിമ്പെ രൂപതയുടെ മെത്രാൻ ജോൺ ബോസ്കൊ ഔറം (Bishop John Bosco Auram) പാപ്പായെ സ്വാഗതം ചെയ്തു.
ദൈവം നമ്മെ സ്നേഹിക്കുന്നു, ക്രിസ്തു നമ്മെ രക്ഷിക്കുന്നു, യേശു ജീവിക്കുന്നു പരിശുദ്ധാരൂപി ജീവൻ പ്രദാനം ചെയ്യുന്നു എന്നിങ്ങനെ ക്രിസ്തൂസ് വീവിത്ത് എന്ന അപ്പൊസ്തോലികോപദേശത്തിലൂടെ പാപ്പാ നടത്തിയ പ്രഘോഷണങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ബിഷപ്പ് ജോൺ ബോസ്കൊ ഔറം, ക്രിസ്തു ജീവിക്കുന്നു എന്ന് ഫ്രാൻസീസ് പാപ്പായുടെ സാന്നിധ്യം ഇപ്പോൾ തങ്ങളോട് നേരിട്ടു പറയുകയാണെന്ന് പ്രസ്താവിച്ചു.
യുവജനം ഒരേസമയം സുവിശേഷവത്ക്കരണത്തിൻറെ സ്വീകർത്താക്കളും സുവിശേശഷവത്ക്കരണകർത്താക്കളും ആണെന്ന് പാപ്പാ ഓർമ്മപ്പെടുത്തുകയും ആത്മവിശ്വാസവും സൗഹൃദഭാവവും യുവതയ്ക്ക് പകരുകയും അവരിൽ സദാ വിശ്വസമർപ്പിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
തങ്ങളുടെ പ്രത്യേക സംസ്കാരത്തിലും ചുറ്റുപാടിലും ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള വെല്ലുവിളികൾ ഉൾപ്പെടെയുള്ള യാഥാർത്ഥ്യത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ ഈ കൂടിക്കാഴ്ചയിൽ കേൾക്കാനാകുമെന്ന് ബിഷപ്പ് ഔറം പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും ക്രിസ്തീയ മൂല്യങ്ങൾ ജീവിക്കുന്നതിന് വലിയ വെല്ലുവിളികൾ യുവതീയുവാക്കൾ നേരിടുന്നുണ്ടെന്നും ഏറ്റവും വലിയ വെല്ലുവിളി
തങ്ങൾ ജീവിക്കുനന യാഥാർത്ഥ്യങ്ങൾക്കും സാഹചര്യങ്ങൾക്കുമിടയിൽ ക്രിസ്തുവിനെ കണ്ടെത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാപ്പായുടെ സാന്നിധ്യം തങ്ങളെ ശക്തിപ്പെടുത്തുകയും തങ്ങൾക്ക് പ്രചോദനവും പ്രത്യാശയും പ്രദാനം ചെയ്യുകയും, വീണ്ടെടുക്കപ്പെട്ട യുവത്വമാർന്ന ജീവിതത്തിൻറെ ആധികാരിക സാക്ഷികളാകാൻ തങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്നും പറഞ്ഞ ബിഷപ്പ് ഔറം പാപ്പായെ സ്വാഗതം ചെയ്തു. തുടർന്ന് ഗാനത്തിൻറെ അകമ്പടിയോടെ താളാത്മകമായി ചുവടുവച്ച യുവജനത്തിൻറെ ഒരു പ്രകടനമായിരുന്നു.
തദ്ദനന്തരം രണ്ടു യുവതികളുടെയും ഒരു യുവാവിൻറെയും സാക്ഷ്യത്തെ തുടർന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു.പാപ്പാ തൻറെ പ്രസംഗം അവസാനിപ്പിച്ചതിനെ തുടർന്ന് ഒരു പാരമ്പര്യ നൃത്തം അരങ്ങേറി.തദ്ദനന്തരം കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ ആശീർവ്വാദം നല്കി. ആശീർവ്വാദാനന്തരം യുവജനങ്ങൾ പാപ്പായ്ക്ക് സമ്മാനം നല്കി. ഒരു ഗാനത്തിൻറെ അകമ്പടിയോടെ പാപ്പാ വേദി വിട്ടു.
പാപുവ ന്യൂഗിനിയോട് വിട ചൊല്ലി പാപ്പാ
പാപ്പാ സ്റ്റേഡിയത്തിൽ നിന്ന് നേരെ പോയത് നാലുകിലമീറ്ററിലേറെ അകലെയുള്ള രാജ്യാന്തര വിമാനത്താവളത്തിലേക്കാണ്. പോർട്ട് മൊറെസ്ബിയിലെ വിമാനത്താവളത്തിൽ പാപ്പായെ യാത്രയയ്ക്കുന്നതിന് പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപെയും ഇതര സർക്കാർ പ്രതിനിധികളും സഭാപ്രതിനിധികളും സന്നിഹിതരായിരുന്നു. കാറിൽ നിന്നിറങ്ങിയ പാപ്പാ ചക്രക്കസേരയിൽ യാത്രയയപ്പു വേദിയിലേക്കാനയിക്കപ്പെട്ടു. സൈനിക ബാൻറ് വത്തിക്കാൻറെയും പാപ്പുവ ന്യൂഗിനിയുടെയും ദേശീയഗാനങ്ങൾ വാദനം ചെയ്തപ്പോൾ പാപ്പായും പ്രധാനമന്ത്രിയും ആദരവോടെ എഴുന്നേറ്റു നിന്നു. സഭയുടെയും സർക്കാരിൻറെയും പ്രതിനിധികൾ ഓരോരുത്തരായി പാപ്പായുടെ പക്കൽ ചെന്ന് യാത്രാമംഗളങ്ങൾ നേർന്നു. അതിനു ശേഷം പാപ്പായും അനുചരരും പാപുവ ന്യൂ ഗിനിയുടെ എയർ നിയുഗിനിയുടെ ബോയിംഗ് 737 വിമാനത്തിലേറുകയും ഒമ്പതാം തീയതി തിങ്കളാഴ്ച രാവിലെ ഇന്ത്യയിലെ സമയം 7.40 കഴിഞ്ഞപ്പോൾ വ്യോമയാനം പൂർവ്വ തിമോറിൻറെ തലസ്ഥാനമായ ദിലിയിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയരുകയും ചെയ്തു. തനിക്കേകിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യത്തിനും പാപുവ ന്യൂഗിനിയുടെ ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദിപറയുകയും സമാധാനത്തിൻറെയും ഏകതാനതയുടെയും ദൈവികാനുഗ്രങ്ങൾ പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് പാപ്പാ അന്നാടിൻറെ ഗവർണ്ണർ ജനറൽ ബോബ് ദാദെയ്ക്ക് വിമാനത്തിൽ നിന്ന് ഒരു ടെലെഗ്രാം അയച്ചു.
പാപ്പാ ദിലിയിൽ
2578 കിലോമീറ്റർ വ്യോമദൂരം 3-ലേറെ മണിക്കൂർകൊണ്ട് താണ്ടിയ വിമാനം പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.20-ന്, ഇന്ത്യയിലെ സമയം തിങ്കളാഴ്ച രാവിലെ 10.50-ന് പൂർവ്വതിമോറിലെ ദിലിയിലുള്ള രാജ്യന്തര വിമാനത്താവളത്തിൽ ഇറങ്ങി. അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് വൊയ്ച്യെക് ത്സലൂസ്ക്കിയും അന്നാട്ടിൽ ഈ പേപ്പൽയാത്രയുടെ നിയന്താവും വിമാനത്തിലേറുകയും പാപ്പായെ സ്വാഗതം ചെയ്യുകയും ചെയ്തു. ചക്രക്കസേരിയിൽ വിമാനത്തിനു പുറത്തെത്തിയ പാപ്പായെ അന്നാടിൻറെ പ്രസിഡൻറ് ഷൊസേ മനുവേൽ റമോസ് ഹോർത്തയും പ്രധാനമന്ത്രി ക്സനാന ഗുസ്മവോയും ചേർന്നു സ്വീകരിച്ചു. പാരമ്പര്യ വേഷധാരികളായ രണ്ടു കുട്ടികൾ പാപ്പായെ ഉത്തരീയം അണിയിച്ചു. തുടർന്ന് പാപ്പാ സഭാസർക്കാർ പ്രതിനിധികളെ പരിചയപ്പെട്ടു. വിശിഷ്ടാതിഥികൾക്കുള്ള ശാലയിലേക്കു നീങ്ങവെ അവിടേയ്ക്കുള്ള വഴിയിൽ നിന്നിരുന്നവരോടു പാപ്പാ കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ശാലയിലെത്തിയ പാപ്പാ അവിടെനിന്നു പോയത് 6 കിലോമീറ്ററിലേറെ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കാണ്. ഈ ദൂരം മുഴുവൻ പാപ്പായുടെ യാത്ര തുറന്ന വാഹനത്തിലായിരുന്നു. പാതയോരങ്ങളിൽ നിരവധിപ്പേർ പേപ്പൽ പതാകയുടെ മഞ്ഞയും വെള്ളയും നിറങ്ങളോടുകൂടിയ കുടകൾ ചൂടിയും കൊടികൾ വീശിയും നിലയുറപ്പിച്ചിരുന്നു. അവരെ കൈകൾ വീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് പാപ്പാ കടന്നുപോയത്. അപ്പൊസ്തോലിക് നൺഷിയേച്ചറിൽ എത്തിയ പാപ്പാ അവിടെ അല്പം വിശ്രമിച്ചു.
ദിലിയും ദിലി അതിരൂപതയും
2 ലക്ഷത്തി 80000-ത്തിനടുത്ത് നിവാസികളുള്ള നഗരമാണ് പൂർവ്വതിമോറിൻറെ തലസ്ഥാനമായ ദിലി. അന്നാട്ടിലെ മുഖ്യതുറമുഖ പട്ടണവും വ്യവസായ കേന്ദ്രവുമാണ് ഈ നഗരം. എല്ലായ്പോഴും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുകയും വർഷം മുഴുവനും മഴകിട്ടുകയും ചെയ്യുന്ന ഒരു പ്രദേശമാണ് അത്.
ദിലി അതിരൂപത 2019 സെപ്റ്റംബർ 11-നാണ് സ്ഥാപിതമായത്. അതിരൂപതാതിർത്തിക്കുള്ളിൽ വസിക്കുന്ന 7 ലക്ഷത്തി 80000-ലേറെ ജനങ്ങളിൽ 7 ലക്ഷത്തി 40000-ൽപ്പരവും കത്തോലിക്കരാണ്. 33 ഇടവകളും 230 -ലേറെ പള്ളികളും ഈ അതിരൂപതയ്ക്കുണ്ട്. 70-ൽപ്പരം രൂപതാവൈദികരും 140 സന്ന്യസ്ത വൈദികരും 280-ലേറെ സന്ന്യസ്തരും 740-ൽപ്പരം സന്ന്യാസിനികളും ഈ അതിരൂപതയിൽ പ്രവർത്തനനിരതരാണ്. 128 വിദ്യഭ്യാസസ്ഥാപനങ്ങളും 27 ഉപവിപ്രവർത്തന കേന്ദ്രങ്ങളും ദിലി അതിരൂപതയ്ക്കുണ്ട്. കർദ്ദിനാൾ വിർജീലിയൊ ദൊ കാർമെ ദ സീൽവയാണ് അതിരൂപതാദ്ധ്യക്ഷൻ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: