സാമൂഹ്യവിനിമയോപോധികൾ സാമൂഹ്യവിനിമയോപോധികൾ  (AFP or licensors)

ആശയവിനിമയത്തെ “നിരായുധീകരിക്കുക” പാപ്പാ!

അമ്പത്തിയൊമ്പതാം സാമൂഹ്യവിനിമയദിനത്തിനായുള്ള പ്രമേയം പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

“നിങ്ങളുടെ ഹൃത്തിലെ പ്രത്യാശ സൗമ്യതയോടെ പങ്കുവയ്ക്കുക” എന്ന പ്രമേയം ഫ്രാൻസീസ് പാപ്പാ 2025-ലെ ലോക സാമൂഹ്യവിനിമയദിനത്തിനായി തിരഞ്ഞെടുത്തു.

ചൊവ്വാഴ്‌ചയാണ് (24/09/24) അമ്പത്തിയൊമ്പതാം സാമൂഹ്യവിനിമയദിനത്തിനായുള്ള ഈ പ്രമേയം പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയത്. പത്രോസിൻറെ ഒന്നാം ലേഖനത്തിലെ 15-ഉം 16-ഉം വാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രമേയം.

സംഭാഷണത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനു പകരം ആശയവിനിമയം ആക്രമണം ലക്ഷ്യവച്ചുകൊണ്ട് പലപ്പോഴും അക്രമാസക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈയൊരു പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നതെന്നും ആശയവിനിമയ മേഖലയെ നിരായുധീകരിക്കുകയും അതിനെ ആക്രമണോത്സുകതയിൽ നിന്നു മുക്തമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും ഇതെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ കാണുന്നു.

, പ്രബലമായിരിക്കുന്ന മാതൃക,  മത്സരത്തിൻറെതും എതിർപ്പിൻറെതും ആധിപത്യ അഭിവാഞ്ഛയുടേതുമാണ് എന്ന പ്രതീതി, ടെലെവിഷൻ സംവാദപരിപാടികൾ അഥവാ, ടെലിവിഷൻ ടോക്ക് ഷോകൾ മുതൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള വാക്പോരുകൾ വരെയുള്ളവ ഉളവാക്കുന്ന അപകടസാധ്യതയുണ്ടെന്നും  പ്രസ്താവന പറയുന്നു.

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, പ്രത്യാശ ഒരു വ്യക്തിയായ ക്രിസ്തുവാണ് എന്ന് പ്രസ്താവന ഊന്നിപ്പറയുന്നു. ക്രിസ്തീയ പ്രത്യാശയെക്കുറിച്ചു പറയുമ്പോൾ യേശുസന്ദേശം വിശ്വാസയോഗ്യമായി ജീവിച്ചുകൊണ്ട് പ്രത്യാശയുടെ കിരണങ്ങൾ ചൊരിയുന്ന ഒരു സമൂഹത്തെ അവഗണിക്കാനാവില്ലെന്നും അതിൽ കാണുന്നു. 2025-ൽ ആചരിക്കപ്പെടുന്നത് അമ്പത്തിയൊമ്പതാം ലോക സാമൂഹ്യവിനിമയ ദിനമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2024, 15:59