അന്തസ്സും മനുഷ്യൻറെ ജീവിതവും ഒരു ജനതയുടെ ഹൃദയം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമൂഹത്തെ താങ്ങിനിറുത്തുന്ന ബന്ധങ്ങളുടെയും സ്തംഭങ്ങളുടെയും സാധുത അഴിമതി നശിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ.
ഇറ്റലിയുടെ ആദായ നികുതി കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന സാമ്പത്തിക പൊലീസ് വിഭാഗമായ “ഗ്വാർദിയ ദി ഫിനാൻസ”യുടെ (Guardia di Finanza) ഇരുനൂറ്റിയമ്പതാം സ്ഥാപന വാർഷികത്തോടനുബന്ധിച്ച് അതിൻറെ മുന്നൂറോളം പ്രതിനിധികളെ ശനിയാഴ്ച (21/09/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
“പാരമ്പര്യത്തിൽ ഭാവി” എന്ന മുദ്രാവാക്യം ഈ വാർഷികാചരണം സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ അതു സൂചിപ്പിക്കുന്നത് ഈ വിഭാഗത്തിൻറെ സ്ഥാപനത്തിലേക്കു നയിച്ച മൂല കാരണങ്ങളും വളർച്ചാ ദിശയും ആണെന്ന് പറഞ്ഞു. പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്നതിനും ജനങ്ങളുമായി അടുത്തിടപഴകുന്നതിനും, അഴിമതിക്കെതിരെ പോരാടുന്നതിനും, നിയമങ്ങളുടെ പാലനം പരിപോഷിപ്പക്കുന്നതിനുമുള്ള അവരുടെ ദൈനംദിന സമൂർത്തയത്നങ്ങളെക്കുറിച്ചും പാപ്പാ പരാമർശിച്ചു.
സമൂഹത്തെ താങ്ങിനിറുത്തുന്ന ബന്ധങ്ങളുടെയും സ്തംഭങ്ങളുടെയും സാധുത ഇല്ലാതാക്കാൻ കഴിയുന്നത്ര ശക്തമായ ഒരു സാമൂഹിക വിരുദ്ധ പെരുമാറ്റമായ അഴിമതി ഇല്ലതാക്കാൻ അതിനെതിരായ നിയമങ്ങൾ മാത്രാം പോരാ ഒരു "നവ മാനവികത"യും ആവശ്യമാണ് എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നീതി ആവശ്യമാണ് എന്നാൽ ഉപവിക്കും സ്നേഹത്തിനും മാത്രം നികത്താനാവുന്ന ശൂന്യത ഇല്ലാതാക്കാൻ അത് മതിയാകില്ല എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.
വാസ്തവത്തിൽ, ആദരവോടും ധാർമ്മിക സമഗ്രതയോടുംകൂടി പ്രവർത്തിക്കുന്നതിലൂടെ വ്യത്യസ്തമായ ഒരു ജീവിത സാദ്ധ്യത കാണിച്ചുകൊടുത്തുകൊണ്ട് മനസ്സാക്ഷിയെ സ്പർശിക്കാൻ കഴിയുമെന്നും അങ്ങനെ, ഈ രീതിയിൽ, നിസ്സംഗതയുടെ ആഗോളവൽക്കരണത്തിന് ഒരു ബദൽ സംവിധാനമുണ്ടാക്കാനാവുമെന്നും പാപ്പാ പറഞ്ഞു.
നിസ്സംഗതയുടെ ആഗോളവത്ക്കരണം അക്രമവും യുദ്ധവും വഴി നാശം വിതയ്ക്കുകയും സമൂഹത്തിൻറെയും പരിസ്ഥിതിയുടെയും പാലനത്തെ അവഗണിക്കുകയും ചെയ്യുന്നു എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി. സാമ്പത്തിക നീതിക്ക് സംഭാവന ചെയ്യാൻ വിളിക്കപ്പെട്ടവരാണ് സാമ്പത്തിക പൊലീസ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നവർ എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: