ഫ്രാൻസീസ് പാപ്പാ ജനകീയ പ്രസ്ഥാനങ്ങളുമൊത്തുള്ള കൂടിക്കാഴ്ചാ വേളയിൽ, 20/09/24, റോമിൽ ഫ്രാൻസീസ് പാപ്പാ ജനകീയ പ്രസ്ഥാനങ്ങളുമൊത്തുള്ള കൂടിക്കാഴ്ചാ വേളയിൽ, 20/09/24, റോമിൽ   (VATICAN MEDIA Divisione Foto)

സമ്പത്ത് പങ്കുവയ്ക്കാനും സാഹോദര്യ നിർമ്മിതിക്കുമുള്ളതാണ്, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായി സെപ്റ്റംബർ 20-ന് കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമ്പത്ത് കുന്നുകൂട്ടാനുള്ളതല്ല മറിച്ച് അത് വർദ്ധിപ്പിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ജനകീയ പ്രസ്ഥാനങ്ങളുടെ പ്രഥമ സമ്മേളനത്തിൻറെ പത്താം വാർഷികത്തോടനുബന്ധിച്ച് സമഗ്രമാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20-ന് വെള്ളിയാഴ്ച സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തിൽ സംബന്ധിച്ചവരെ ഈ വിഭാഗത്തിൻറെ ആസ്ഥാനമായ, റോമിൽ, വിശുദ്ധ കലിസ്റ്റൊയുടെ ചത്വരത്തിലുള്ള മന്ദിരത്തിൽ എത്തി സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സാമൂഹ്യനീതിയിൽ കേന്ദ്രീകൃതമായിരുന്നും പാപ്പായുടെ  സുദീർഘ പ്രഭാഷണം. സമ്പന്നർ നിക്ഷേപങ്ങൾ നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ച സംജാതമാക്കുകയും ചെയുന്ന നല്ലമാനം അംഗീകരിക്കുമ്പോൾ തന്നെ പാപ്പാ സമ്പത്തിനോടുള്ള അത്യാർത്തി സാമൂഹ്യ നീതിക്കും സമഗ്രമ പരിസ്ഥിതിക്കും സമ്പന്നർ എതിരായിനില്ക്കുകയും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് അനുകൂലമായ തെറ്റായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ അവർ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന അവസ്ഥ ചൂണ്ടിക്കാട്ടി.

നമ്മുടെ ഗ്രഹത്തിൻറെ ഭൂരിഭാഗം സമ്പന്നതയും കൈയ്യടക്കിവച്ചിരിക്കുന്ന ന്യൂനപക്ഷം വരുന്ന വിഭാഗം അതു ഒരു ഭിക്ഷയെന്ന നിലയിലല്ല, സാഹോദര്യഭാവത്തോടുകൂടി പങ്കുവയ്ക്കുന്നതിന് ധൈര്യം കാണിച്ചിരുന്നെങ്കിൽ അത് എത്ര സുന്ദരമായിരുന്നേനെ എന്ന് പാപ്പാ പറഞ്ഞു.

സഭയുടെ സൃഷ്ടിയായ സാമൂഹ്യനീതി എന്ന ആശയത്തെ അനുകമ്പയിൽ നിന്ന് വേറിട്ടു നിറുത്താനാവില്ലെന്നും സാമൂഹ്യമായ എന്തെങ്കിലും നാം ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ സാമീപ്യം, കാരുണ്യം, അനുകമ്പ എന്നീ ദൈവത്തിൻറെ ഈ മൂന്നു ഭാവങ്ങൾ നാം കണക്കിലെടുത്തേ മതിയാകൂ എന്നും പാപ്പാ വ്യക്തമാക്കി,

സ്നേഹത്തിൽ നിന്നു തുടങ്ങിയാൽ മാത്രമേ സാമൂഹ്യ നീതിയും സമഗ്ര പരിസ്ഥിതി വിജ്ഞാനീയവും നമുക്കു മനസ്സിലാക്കാൻ സാധിക്കുകയുള്ളു എന്നും പാപ്പാ പറഞ്ഞു. ജനകീയ പ്രസ്ഥാനങ്ങൾ വാക്കുകളിലും സമ്മേളനങ്ങളിലും ഒതുങ്ങി നില്ക്കാതെ സമൂർത്ത നടപടികൾക്കൂന്നൽ നല്കുന്നതിനെ പാപ്പാ തൻറെ പ്രഭാഷണത്തിൽ ശ്ലാഘിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2024, 12:55