സമാധാനം സംസ്ഥാപിക്കാൻ ആയുധങ്ങൾക്കാവില്ല, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഘർഷങ്ങൾക്ക് അറുതിവരുത്താനും സമാധാനം സംസ്ഥാപിക്കാനും ആയുധങ്ങൾക്കാവില്ലെന്ന് മാർപ്പാപ്പാ.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ശാന്തിദിനം അനുവർഷം ആചരിക്കപ്പെടുന്ന, സെപ്റ്റംബർ 21-ന്, ശനിയാഴ്ച (21/09/24) ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) എന്ന പുതിയനാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ സമാധാനം (#Peace) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് തൻറെ ഈ ബോധ്യം ആവർത്തിച്ചു പ്രകടിപ്പിച്ചിരിക്കുന്നത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“#സമാധാനം ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് ക്ഷമയോടെയുള്ള ശ്രവണം, സംഭാഷണം, സഹകരണം എന്നിവയിലൂടെയാണ് കെട്ടിപ്പടുക്കുക. അവയാണ് സംഘർഷങ്ങൾ പരിഹരിക്കാനുള്ള മനുഷ്യന് യോഗ്യമായ ഒരേയൊരു മാർഗ്ഗം”.
അന്നുതന്നെ പാപ്പാ സമാധാനം എന്ന ഹാഷ്ട്ടാഗോടുകൂടി മറ്റൊരു സന്ദേശവും “എക്സ്”-ൽ കണ്ണിചേർത്തു.
“രാഷ്ട്രത്തലവന്മാർ സമാധാനത്തിനായി പ്രവർത്തിച്ചാലും ഇല്ലെങ്കിലും അവർ ചരിത്രത്താൽ വിലയിരുത്തപ്പെടും. എന്നാൽ, ദൈനംദിന പ്രവർത്തികളിലൂടെ സ്നേഹം പരത്തുകയും വിദ്വേഷത്തെ ജയിക്കുകയും ചെയ്യുക നമ്മുടെ ഓരോരുത്തരുടെയും ദൗത്യമാണ്. അങ്ങനെ, ലോകത്തെ മാറ്റാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും. #സമാധാനം. ”
സെപ്റ്റംബർ 21-ന് മറവിരോഗ ലോകദിനം, അഥവാ, ആൽസ്ഹൈമേർസ് ലോക ദിനം ആചരിക്കപ്പെടുന്നതിനാൽ, പാപ്പാ അതുമായി ബന്ധപ്പെട്ട ഒരു സന്ദേശവും എകസ് സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചു.
“മറവിരോഗത്തിനുള്ള ചികിത്സാസാദ്ധ്യതകൾ എത്രയുംവേഗം പ്രദാനം ചെയ്യാൻ വൈദ്യശാസ്ത്രത്തിന് കഴിയുന്നതിനും അങ്ങനെ, രോഗികൾക്കും അവരുടെ കുടുംബങ്ങൾൾക്കും സഹായകമായ നടപടികൾ സ്വീകരിക്കാനുകുന്നതിനും വേണ്ടി നമുക്കു #ഒരുമിച്ച് പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ എക്സിൽ കണ്ണിചേർത്തത്.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: