തിരയുക

സംഘർഷങ്ങൾക്കുള്ള ഉത്തരം സാഹോദര്യ സംസ്ഥാപനം, പാപ്പാ!

അൽബേനിയയുടെ തലസ്ഥാന നഗരിയായ തിറാനയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന മദ്ധ്യധരണ്യാഴിപ്രദേശങ്ങളിലെ യുവജനങ്ങളുടെ സമാഗമത്തിന്- മെഡ്24-ന് (MED24) ഫ്രാൻസീസ് പാപ്പായുടെ വീഡിയോ സന്ദേശം. സെപ്റ്റംബർ 15-21 വരെ നീളുന്ന ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം “പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിൻറെ നിർമ്മാതാക്കളും” എന്നതാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിസ്സംഗതയുടെ സംസ്കൃതിയെ നിരാകരിച്ചുകൊണ്ട് സ്വീകരണത്തിൻറെയും സൗഹൃദത്തിൻറെയും വാതിൽ തുറന്നിടാൻ പാപ്പാ യുവതയെ ആഹ്വാനം ചെയ്യുന്നു.

അൽബേനിയയുടെ തലസ്ഥാന നഗരിയായ തിറാന ആതിഥ്യമരുളിയിരിക്കുന്ന മദ്ധ്യധരണ്യാഴിപ്രദേശങ്ങളിലെ യുവജനങ്ങളുടെ സമാഗമത്തിന്- മെഡ്24-ന് (MED24) പതിനേഴാം തീയതി ചൊവ്വാഴ്ച (17/09/24) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

“പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിൻറെ നിർമ്മാതാക്കളും” എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്ന, 15-21 വരെ നീളുന്ന ഈ സമ്മേളനത്തിനായി മദ്ധ്യധരണ്യാഴിയുടെ 5 തീരങ്ങളിൽ നിന്ന് തിറാനയിൽ എത്തിയിരിക്കുന്ന പുത്തൻ തലമുറയായ യുവതീയുവാക്കൾ മദ്ധ്യധരണ്യാഴി പ്രദേശത്തിൻറെ ഭാവിയാണെന്ന് പാപ്പാ പറയുന്നു.

സമാധാനമെന്നത് കെട്ടിപ്പടുക്കപ്പെടേണ്ടതാണ് എന്ന് യുവതയെ ഓർമ്മപ്പെടുത്തുന്ന പാപ്പാ ഇന്ന് അരങ്ങേറുന്ന സംഘർഷങ്ങൾക്കും മാരകമായ നിസ്സംഗതകൾക്കുമുള്ള ഏറ്റവും നല്ല ഉത്തരം അവർ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന മദ്ധ്യധരണ്യാഴിപ്രദേശത്തെ പഞ്ചതീരങ്ങൾ തമ്മിലുള്ള സാഹോദര്യമാണെന്ന് ഉദ്ബോധിപ്പിക്കുന്നു.

കാലത്തിൻറെ അടയാളങ്ങൾ തിരിച്ചറിയുന്നതിന് ഒത്തൊരുമയോടെ പഠിക്കാനും പാരമ്പര്യങ്ങളിൽ കാണപ്പെടുന്ന വിത്യാസങ്ങളെ സമ്പന്നതയായി കാണാനും യുവജനത്തിനു പ്രചോദനം പകരുന്ന പാപ്പാ ഐക്യം എന്നത് സർവ്വസാമ്യമല്ലെന്നും സാംസ്കാരിക-മത അനന്യതകളിലുള്ള വൈവിധ്യം ദൈവത്തിൻറെ ഒരു ദാനമാണെന്നും പറയുന്നു.

പാവപ്പെട്ടവരും, ഒരു ഭാരവും ശല്യവുമായി കരുതപ്പെടുന്നവരും മെച്ചപ്പെട്ടൊരു ഭാവി തേടി നാടും വീടും ഉപേക്ഷിച്ചു പോകേണ്ടിവരുന്നവരുമായ സകലരോടും കരുതൽ കാണിക്കേണ്ടതിൻറെയും പരസ്പരാദരവിൽ വളരേണ്ടതിൻറെയും ആവശ്യകതയും  പാപ്പാ എടുത്തുകാട്ടുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2024, 12:43