തിരയുക

ഫ്രാൻസീസ് പാപ്പാ പാപുവ ന്യൂഗിനിയിൽ പോർട് മോറെസ്ബിയിൽ രണാധികാരികളെയും പൗരസമൂഹപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും സംബോധന ചെയ്യുന്നു, 07/09/24 ഫ്രാൻസീസ് പാപ്പാ പാപുവ ന്യൂഗിനിയിൽ പോർട് മോറെസ്ബിയിൽ രണാധികാരികളെയും പൗരസമൂഹപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും സംബോധന ചെയ്യുന്നു, 07/09/24  (VATICAN MEDIA Divisione Foto)

പാപുവ ന്യൂഗിനിയിൽ വർഗ്ഗീയ സംഘർഷങ്ങൾക്ക് അറുതിയുണ്ടാകട്ടെ, പാപ്പാ!

ഫ്രാൻസീസ് പാപാ, പാപുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട് മൊറെസ്ബിയിൽ ഭരണാധികാരികളെയും പൗരസമൂഹപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും സംബോധന ചെയ്തു. പാപ്പായുടെ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തനിക്കേകിയ ഊഷ്മള വരവേല്പിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടും പാപുവ ന്യൂഗിനിയിലെ ജനങ്ങൾക്ക് സമാധാനവും ക്ഷേമൈശ്വര്യങ്ങളും നേർന്നുകൊണ്ടുമാണ് പാപ്പാ പ്രകൃതിരമണീയമായ പാപുവ ന്യൂഗിനിയിലെ തൻറെ കന്നിപ്രഭാഷണം ആരംഭിച്ചത്.                    

തുടർന്ന് പാപ്പാ അന്നാടിൻറെ സവിശഷേതകൾ അനുസ്മരിച്ചു. നൂറുകണക്കിന് ദ്വീപുകളുടെ ഒരു സമൂഹമായ പാപുവ  ന്യൂഗിനിയിൽ എണ്ണൂറിലധികം ഭാഷകൾ  സംസാരിക്കപ്പെടുന്നതും ഏതാണ്ട് അതിനോടടുത്ത് ഗോത്രങ്ങളുള്ളതും സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഈ വൈവിധ്യഘങ്ങൾ എടുത്തുകാട്ടുന്നത്  അന്നാടിൻറെ അസാധാരണമായ സാംസ്കാരിക മാനവിക സമ്പന്നതയാണെന്നും ഇത് തന്നെ ആത്മീയമായും ഏറെ ആകർഷിക്കുന്ന ഒരു കാര്യമാണെന്നും പറഞ്ഞു. നാനാത്വത്തിൽ ഏകത്വം സൃഷ്ടിക്കുന്ന പരിശുദ്ധാത്മാവിന് ഒരു വെല്ലുവിളിയായി ഈ വലിയ വൈവിധ്യത്തെ താൻ ഭാവനയിൽ കാണുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.    

പാപുവ ന്യൂഗിനി, ദ്വീപുകൾക്കും നാട്ടു ഭാഷകൾക്കും പുറമേ, കര, ജലസ്രോതസ്സുകളാൽ സമ്പന്നമാണെന്ന വസ്തുതയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ, ഈ വിഭവങ്ങൾ അഖില സമൂഹത്തിനും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ചു. ഉപയോഗത്തിനായി അവ എടുക്കുന്നതിന് വലിയ വൈദഗ്ദ്ധ്യവും അന്താരാഷ്ട്ര വ്യവസായ ശാലകളെ ഉൾപ്പെടുത്തേണ്ടതും ആവശ്യമാണെന്നിരിക്കിലും പ്രാദേശിക ജനതയുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്തുന്നതിന്, അവയുടെ വരുമാനവിതരണത്തിലും തൊഴിലാളികളെ ഏർപ്പെടുത്തുന്നതിലും ആ ജനതയുടെ ആവശ്യങ്ങൾക്ക് മതിയായ പരിഗണന നല്കപ്പെടേണ്ടതുണ്ടെന്ന്  പാപ്പാ പറഞ്ഞു.

പാരിസ്ഥിതികവും സാംസ്കാരികവുമായ സമ്പന്നത ഒരേ സമയം ഒരു വലിയ ഉത്തരവാദിത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും, കാരണം അത് സുസ്ഥിരവും നീതിയുക്തവുമായ ജീവിതത്തിനുപയുക്തമാം വിധം പ്രകൃതിവിഭവങ്ങളെയും മാനവ വിഭവങ്ങളെയും  ഉന്നമിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സംരംഭങ്ങളെയും പരിപോഷിപ്പിക്കാൻ പൗരന്മാരോടൊപ്പം സർക്കാരുകളും പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ടെന്നും പാപ്പാ വ്യക്തമാക്കി. ഇത് എല്ലാവരുടെയും ക്ഷേമം ലക്ഷ്യം വയ്ക്കുന്നതും ആരെയും ഒഴിവാക്കാത്തതുമായ സുസ്ഥിരവും സന്തുലിതവുമായ വികസനം, എല്ലാ കക്ഷികൾക്കും പ്രയോജനപ്രദമായ പരസ്പര ബഹുമാനത്തോടെയും ഉടമ്പടികളോടെയും, വ്യക്തമായ കാര്യപരിപാടികളിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും കൊണ്ടുവരുന്നതിന് ആവശ്യമാണെന്നു പാപ്പാ പറഞ്ഞു. അത്തരം ശാശ്വത നേട്ടങ്ങൾ കൈവരിക്കുന്നതിന് വ്യവസ്ഥപനങ്ങളുടെ സ്ഥിരത അനിവാര്യ വ്യവസ്ഥയാണെന്ന് പാപ്പാ വ്യക്തമാക്കി. വ്യവസ്ഥാപനങ്ങളുടെ കെട്ടുറപ്പ് ഉപരിവർദ്ധമാനമാക്കുകയും മൗലിക തിരഞ്ഞെടുപ്പുകളിൽ ഒരു സമവായം സൃഷ്ടിക്കുകയും ചെയ്യുക സമഗ്രവും സുദൃഢവുമായ ഒരു വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

പാപുവ ന്യൂഗിനിയിൽ നിലവിലുള്ള വംശീയ സംഘർഷങ്ങളെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ദൗർഭാഗ്യവശാൽ നിരവധിപ്പേരെ ഇരകളാക്കുന്നുന്നതും ജനങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തതും വികസനത്തെ തടസ്സപ്പെടുത്തുന്നതുമായ ഗോത്രവർഗ്ഗപോരാട്ടത്തിന് അറുതിയുണ്ടാകുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിച്ചു. അക്രമച്ചുഴിക്ക് ഒരു അവസാനം ഉണ്ടാക്കുന്നതിനും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രയോജനകരമായ ഫലപ്രദമായ സഹകരണത്തിലേക്ക് നയിക്കുന്ന പാതയിൽ നിശ്ചയദാർഢ്യത്തോടെ പാദമൂന്നുന്നതിനും പാപ്പാ സകലരുടെയും ഉത്തരവാദിത്വബോധത്തോട് അഭ്യർത്ഥിച്ചു.

ധാരണകൾ പൗരസമൂഹത്തിൻറെ അടിത്തറകളിൽ  ഉറപ്പിക്കുകയും പൊതുനന്മയ്ക്കായി തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചകൾ ചെയ്യാനുള്ള സന്നദ്ധത പുലർത്തുകയും ചെയ്യുന്ന പക്ഷം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും മാന്യമായ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും കഴിയുമെന്നും പാപ്പാ പറഞ്ഞു.

ജീവിക്കാൻ ആവശ്യമായതിന് പുറമേ, ഹൃദയത്തിൽ ഒരു വലിയ പ്രതീക്ഷ മനുഷ്യർക്ക് ആവശ്യമാണെന്നും  അത് മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിക്കമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഇത് വിശാലമായ പദ്ധതികൾ ഏറ്റെടുക്കാനുള്ള കഴിവും ധൈര്യവും പ്രദാനം ചെയ്യുന്നുവെന്നും അത് മനുഷ്യൻറെ നോട്ടം ഉന്നതത്തിലേക്കും വിശാലമായ ചക്രവാളങ്ങളിലേക്കും ഉയർത്താൻ സഹായിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഭൗതിക വസ്തുക്കളുടെ സമൃദ്ധിക്ക്, ആത്മാവിൻറെ ഈ നിശ്വാസം കൂടാതെ, സുപ്രധാനവും ശാന്തവും പ്രവർത്തനനിരതവും സന്തോഷവുമുള്ള ഒരു സമൂഹത്തിന് ജീവൻ നൽകാൻ സാധിക്കില്ലെന്നും ഹൃദയത്തിൻറെ വരൾച്ച ലക്ഷ്യബോധം ഇല്ലാതാക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഇക്കാരണത്താൽ, ആത്മാവിനെ ഉപരിവലിയ യാഥാർത്ഥ്യങ്ങളിലേക്ക് നയിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

ആത്മാവിൻറെ മൂല്യങ്ങൾ ഭൗമിക നഗര നിർമ്മിതിയെയും സകല കാലിക യാഥാർത്ഥ്യങ്ങളെയും വലിയൊരു പരിധിവരെ സ്വാധീനിക്കുന്നുവെന്നും, അതായത്, പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പുവ ന്യൂ ഗിനി സന്ദർശനത്തിൻറെ ചിഹ്നവും പ്രാർത്ഥിക്കുക എന്ന മുദ്രാവാക്യവും ഇത് ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

പാപുവ ന്യൂഗിനിയിൽ ഭൂരിപക്ഷവും ക്രൈസ്തവവിശ്വാസം ഏറ്റുപറയുന്നവരാണെന്ന വസ്തുത അനുസ്മരിച്ച പാപ്പാ അവരുടെ വിശ്വാസം ഭക്താനുഷ്ഷ്ഠാനങ്ങളിലും പ്രമാണപാലനത്തിലും ഒതുങ്ങരുതെന്നും അത് അടങ്ങിയിരിക്കുന്നത് സ്നേഹത്തിൽ, ക്രിസ്തുവിനെ സ്നേഹിക്കുന്നതിലും അനുഗമിക്കുന്നതിലുമാണെന്നും ഓർമ്മിപ്പിച്ചു. താൻ പാപുവ ന്യൂഗിനിയിൽ എത്തിയിരിക്കുന്നത് കത്തോലിക്കാ വിശ്വാസികളെ അവരുടെ യാത്ര തുടരാൻ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ വിശ്വാസത്തിൽ  സ്ഥിരീകരിക്കുന്നതിനുമാണെന്ന് പാപ്പാ പറഞ്ഞു. അന്നാട്ടിൽ അവർ നടത്തുന്ന ഉപവിപ്രവർത്തനങ്ങളിൽ പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തുകയും അന്നാട്ടിലെ ഭിന്ന മതസ്ഥരുമായി സഹകരിച്ചു പ്രവർത്തിക്കാൻ പ്രചോദനം പകരുകയും ചെയ്തു.

"സത്യസന്ധതയിലും നീതിയിലും, ഐക്യത്തിലും ഐക്യദാർഢ്യത്തിലും സമൂഹം വികസിക്കുന്നുവെന്ന ഉറപ്പുനൽകുന്നതിന് മറ്റുള്ളവരെ ഉദാരമായി സേവിക്കാൻ വാഴ്ത്തപ്പെട്ട പീറ്റർ തൊ റോത്ത് നമ്മെ പഠിപ്പിക്കുന്നു" എന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകൾ പാപ്പാ അനുസ്മരിച്ചു.

റോമിൽ നിന്ന് വളരെ ദൂരെയാണെങ്കിലും കത്തോലിക്കാ സഭയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പാപുവ ന്യൂഗിനിയെന്ന സുന്ദരനാടിൻറെ വാതിലുകൾ തനിക്ക് തുറന്ന് തന്നതിന് പാപ്പാ തൻറെ പ്രഭാഷണത്തിൻറെ അവസാനം നന്ദി പ്രകാശിപ്പിച്ചു.

സുവിശേഷം സംസ്കാരത്തിനുള്ളിൽ പ്രവേശിക്കുകയും സംസ്കാരങ്ങൾ സുവിശേഷവതികരിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ദൈവരാജ്യം പാപുവ ന്യൂഗിനിയിൽ പൂർണ്ണമായി സ്വാഗതംചെയ്യപ്പെടട്ടെയെന്നും അങ്ങനെ അന്നാട്ടിലെ സകല ജനങ്ങളും അവരുടെ പാരമ്പര്യ വൈവിധ്യങ്ങളോടെ ഒരുമിച്ചു ജീവിക്കുകയും ലോകത്തിന് സാഹോദര്യത്തിൻറെ അടയാളമായിത്തീരുകയും ചെയ്യട്ടെയെന്നും ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2024, 12:38