"അവൻ നമ്മെ സ്നേഹിച്ചു" ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം
അലെസാന്ദ്രോ ദി ബുസൊളോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യേശുക്രിസ്തു നമ്മെ സ്നേഹിച്ചുവെന്നും (റോമാ. 8, 37), അവനോടുള്ള സ്നേഹത്തിൽനിന്ന് നമ്മെ ഒന്നും അകറ്റാതിരിക്കട്ടെയെന്നും (റോമാ. 8, 39) ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിന്റെ ഹൃദയത്തിന്റെ മാനുഷിക, ദൈവിക സ്നേഹത്തെക്കുറിച്ചുള്ള, "ദിലേക്‌സിത് നോസ്" എന്ന ചാക്രികലേഖനത്തിലാണ് റോമക്കാർക്കെഴുതിയ ലേഖനത്തിൽ വിശുദ്ധ പൗലോസ് എഴുതിയ വാക്കുകൾ പരാമർശിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ എഴുതിയത്. അവനാണ് ആദ്യം നമ്മെ സ്നേഹിച്ചതെന്നും, കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും, തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ദൈവവുമായി വ്യക്തിബന്ധമില്ലാത്ത ശൈലിയിലുള്ള മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും, വിശ്വാസത്തിന്റെ ആർദ്രതയും, ശുശ്രൂഷയുടെ ആനന്ദവും, മിഷനറി തീക്ഷ്‌ണതയും തിരിച്ചറിയാനും പാപ്പാ തന്റെ നാലാമത്തെ ചാക്രികലേഖനത്തിലൂടെ ക്ഷണിക്കുന്നു. അവന്റെ തിരുഹൃദയത്തിലേക്ക് നോക്കുമ്പോൾ നമുക്ക് സുവിശേഷം മുഴുവനും കണ്ടെത്താനാകുമെന്നും, നാം ആരാണെന്നും, നാം മറ്റുള്ളവരെ സ്നേഹിക്കേണ്ടതെങ്ങനെയെന്നും തിരിച്ചറിയാൻ സാധിക്കുമെന്നും പാപ്പാ തന്റെ ചാക്രികലേഖനത്തിൽ എഴുതി.
ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയുന്നിടത്ത്, നമുക്ക് സഹോദര്യബന്ധങ്ങൾ വീണ്ടും തുന്നിപ്പിടിപ്പിക്കാനാകുമെന്നും, ഏവരുടെയും മനുഷ്യാന്തസ്സ് തിരിച്ചറിയാനാകുമെന്നും, നമ്മുടെ പൊതുഭവനമായ ഈ ഭൂമിയുടെ പരിപാലനത്തിനായി ശ്രമിക്കാൻ സാധിക്കുമെന്നും പാപ്പാ എഴുതി. യുദ്ധങ്ങളുടെയും സാമൂഹിക, സാമ്പത്തിക അസമത്വങ്ങളുടെയും ഉപഭോക്തൃസംസ്കാരത്തിന്റെയും, മാനവികതയ്‌ക്കെതിരായ സാങ്കേതികവിദ്യയുടെയും ഇടയിൽ ജീവിക്കുന്ന നമ്മുടെ ലോകത്തിന് ആർദ്രതയുള്ള ഒരു ഹൃദയം തിരികെ നല്കണമേയെന്നും, മുറിവേറ്റ നമ്മുടെ ഭൂമിയുടെമേൽ ദൈവത്തിന്റെ പ്രകാശവും സ്നേഹവും വർഷിക്കണമേയെന്നും പാപ്പാ പ്രാർത്ഥിക്കുന്നു.
1673-ൽ വിശുദ്ധ മാർഗരീത്ത മരിയ അലക്കോക്കിന് യേശുവിന്റെ തിരുഹൃദയദർശനം ലഭിച്ചതിന്റെ മുന്നൂറ്റിയൻപതാം വാർഷികം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്, യേശുവിന്റെ തിരുഹൃദയസ്‌നേഹത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. അവന്റെ സ്നേഹഹൃദയത്തോടുള്ള ആത്മാർത്ഥമായ വണക്കത്തിലൂടെ വിശ്വാസത്തിന്റെ ആർദ്രതയും, മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നതിലെ ആനന്ദവും, യേശുവിന്റെ സ്നേഹം മറ്റുള്ളവരോട് പ്രഘോഷിക്കുവാനുള്ള വിളിയും തിരിച്ചറിയുവാനും ജീവിക്കുവാനും പാപ്പാ നമ്മെ ആഹ്വാനം ചെയ്യുന്നു.
യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അദ്ധ്യായങ്ങളാണുള്ളത്. ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ജൂൺ അഞ്ചാം തീയതി അറിയിച്ചിരുന്നതുപോലെ, സഭയുടെ ഔദ്യോഗിക പഠനങ്ങളും, വിശുദ്ധ ഗ്രന്ഥത്തോളമെത്തുന്ന ചരിത്രവും കണക്കിലെടുത്ത്, സഭാമക്കൾക്ക് ഈയൊരു ആധ്യാത്മികതയുടെ മനോഹാരിത മനസ്സിലാക്കിത്തരുന്നതാണ് ക്രിസ്തു നമ്മെ സ്നേഹിച്ചു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന "ദിലേക്‌സിത് നോസ്" ചാക്രികലേഖനം.
ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്നേഹത്തിലൂടെ സ്നേഹത്തിലേക്ക് നയിക്കപ്പെടുക, എന്നീ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ അഞ്ച് അദ്ധ്യായങ്ങളിലായി പാപ്പാ വിശകലനം ചെയ്യുന്നത്. നമ്മെ വേദനിപ്പിക്കുന്ന നമ്മുടെ മുറിവുകളെ യേശുവിന്റെ തിരുഹൃദയത്തിൽനിന്ന് ഒഴുകുന്ന ജീവജലത്താൽ സുഖപ്പെടുത്താനും, സ്നേഹിക്കാനും ശുശ്രൂഷിക്കാനുമുള്ള നമ്മുടെ കഴിവുകളെ ശക്തിപ്പെടുത്താനും വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: