വിശ്വാസം ഏവർക്കും വേണ്ടിയുള്ള ദൈവദാനം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശ്വാസമെന്നത് ദൈവദാനമാണെന്നും, എന്നാൽ അത് നമുക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് നമുക്ക് ചുറ്റുമുള്ള വ്യക്തികൾക്കുവേണ്ടിക്കൂടിയുള്ള ഒന്നാണെന്നും ഫ്രാൻസിസ് പാപ്പാ. ഇത് ദൈവത്തിൽനിന്ന് അകന്ന് ജീവിക്കുന്നവർ എന്ന് കരുതപ്പെടുന്നവർക്കും, ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്കും, വിശ്വാസം തങ്ങൾക്ക് പ്രധാനപ്പെട്ടതല്ല എന്ന് കരുതുന്നവർക്കും വേണ്ടി നമുക്ക് നൽകപ്പെടുന്ന ഒരു അനുഗ്രഹമാണ്. ഒക്ടോബർ രണ്ടാം തീയതി രാവിലെ, ജർമ്മനിയിൽനിന്നുള്ള ഡ്രെസ്ഡൻ മൈസെൻ രൂപതയിൽനിന്നും, സാസോണിയയിലെ ഇവാഞ്ചെലിക്കൽ ലൂഥറൻ സഭയിൽനിന്നുമുള്ള ആളുകൾക്ക് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
ലോകത്ത് അനേകം വ്യക്തികൾക്ക് തങ്ങളുടെ ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കാനാകുന്നില്ലെന്നും,ലോകത്തിന് അവരുടെ ജീവിതത്തിൽ പ്രത്യാശയോ സന്തോഷമോ നല്കാനാകില്ലെന്നും ഓർമ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ, വിശ്വാസം ജീവിതത്തിനുനൽകുന്ന അർത്ഥവും പ്രത്യാശയും സന്തോഷവും, ധൈര്യപൂർവ്വം, എന്നാൽ എളിമയോടെ ഏവർക്കും പകർന്നുനൽകാൻ ഏവരെയും ഉദ്‌ബോധിപ്പിച്ചു.
വ്യക്തിപരമായ സാക്ഷ്യമാണ് വിശ്വാസം മറ്റുള്ളവർക്ക് പകരുന്ന പ്രക്രിയയിൽ വിശ്വസനീയമായി നിൽക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ശിഷ്യന്മാർ ഏവരും ഒന്നായിരിക്കുന്നതിനും, അതുവഴി ലോകം വിശ്വസിക്കുന്നതിനും വേണ്ടി ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ചത് (യോഹ. 17, 21) പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രതിപാദിച്ചു. ഇത്തരമൊരു ഐക്യത്തിലേക്ക് നയിക്കുന്ന എക്യൂമെനിക്കൽ മിഷന്റെ സാധൂകരണത്തിനായി ഒരു തീർത്ഥാടനം ഒരുക്കിയതിൽ പാപ്പാ ഏവരെയും അഭിനന്ദിച്ചു.
പറയാൻ സാധിക്കുന്ന വാക്കുകൾക്കും, ചിന്തകൾക്കും ആശയങ്ങൾക്കും പകരാൻ സാധിക്കാത്ത ചില കാര്യങ്ങൾ, ദേവാലയങ്ങളിലെ മെഴുകുതിരികൾക്കും ധൂപത്തിനും,കലകൾക്കും, സംഗീതത്തിനും പകരാനാകുമെന്ന്, കൂടിക്കാഴ്ച്ചവേളയിൽ ആലപിക്കപ്പെട്ട സംഗീതത്തെക്കുറിച്ചുകൂടി പ്രതിപാദിച്ചുകൊണ്ട്, പാപ്പാ ഓർമ്മിപ്പിച്ചു.
നിങ്ങളിലെ പ്രത്യാശയുടെ സാക്ഷ്യം ലോകത്തിന് പകർന്നുകൊണ്ട് മുന്നോട്ടുപോവുകയെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. സമ്മേളനത്തിന്റെ അവസാനം പാപ്പായുടെ നിർദ്ദേശപ്രകാരം ഏവരുമൊരുമിച്ച് കർതൃപ്രാർത്ഥന ചൊല്ലുകയുണ്ടായി. ദൈവവും മനുഷ്യരുമായുള്ള പൂർണ്ണമായ ഒത്തൊരുമയിലേക്ക് പിതാവ് നമ്മെ നയിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: