ഇസ്രായേൽ, പലസ്തീൻ മുൻ ഭരണാധികാരികൾ പാപ്പായെ സന്ദർശിച്ചു
റോബെർത്തോ ചെത്തെര, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇസ്രായേൽ- പലസ്തീൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന യുദ്ധഭീകരത നിരവധി നിരപരാധികളുടെ ജീവൻ അപകടപ്പെടുത്തുമ്പോൾ, സമാധാനത്തിനുള്ള ആഹ്വാനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ടും, പലസ്തീന്റെ മുൻ വിദേശകാര്യ മന്ത്രി നാസർ അൽ-കിദ്വയും വത്തിക്കാനിലെത്തി, ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളുടെയും കാര്യത്തിൽ ഫ്രാൻസിസ് പാപ്പായ്ക്കുള്ള പ്രത്യേക താത്‌പര്യത്തെ ഇരു നേതാക്കളും, തുടർന്ന് ഒസ്സെർവത്തോരെ റൊമാനോയ്ക്ക് അനുവദിച്ച അഭിമുഖസംഭാഷണത്തിൽ അടിവരയിട്ടു പറഞ്ഞു. ഒക്ടോബർ മാസം പതിനേഴാം തീയതി പ്രാദേശിക സമയം രാവിലെയാണ് ഇരു നേതാക്കളും, സമാധാന പ്രവർത്തകരുടെ ഒരു പ്രതിനിധി സംഘവുമായി പാപ്പായെ സന്ദർശിച്ചത്.
2009 വരെ പ്രധാനമന്ത്രിയായിരുന്ന ഓൾമെർട്ടിന് മധ്യപൂർവ്വേഷ്യയിലെ സമാധാന ചർച്ചകളിൽ ഒരു സുപ്രധാന ഭൂതകാലമുണ്ട്. അദ്ദേഹത്തിന്റെ സർക്കാരിന്റെ കീഴിലാണ്, 2006 ലെ ലെബനനിലെ യുദ്ധത്തിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചത്. ഫ്രാൻസിസ് പാപ്പായുടെ നല്ല സേവനത്തിനു ഇരുവരും നന്ദി പറഞ്ഞു. "അരമണിക്കൂറിലധികം സമയം തങ്ങളെ ശ്രവിച്ച പാപ്പാ, സംഘർഷത്തിൻ്റെ എല്ലാ പരിണാമങ്ങളും അനുദിനം പിന്തുടരുന്നുണ്ടെന്നും എല്ലാ ദിവസവും ഗാസയിലെ ക്രിസ്ത്യാനികളുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും" പറഞ്ഞുവെന്നു നേതാക്കൾ പങ്കുവച്ചു.
ഉടനടിയുള്ള വെടിനിർത്തൽ, ഇസ്രായേലി ബന്ദികളെയും, പലസ്തീൻ തടവുകാരെയും ഒരേസമയം മോചിപ്പിക്കുക, രണ്ട് പ്രത്യേക സംസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സമാധാനപൂർവ്വം നടത്തുക എന്നീ നിർദേശങ്ങൾ ഇരു നേതാക്കളും പാപ്പായ്ക്കു സമർപ്പിച്ചു. വെസ്റ്റ് ബാങ്കിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി അനുവദിക്കുന്ന ഒരു പ്രദേശം ഫലസ്തീനികൾക്കായി നൽകുന്നത് പ്രയോജനകരമാകുമെന്നു ഒൽമെർട്ട് അഭിപ്രായപ്പെട്ടു.
ഇസ്രായേൽ, ഗാസയിൽ നിന്ന് സൈന്യത്തെ പൂർണമായി പിൻവലിച്ചുകൊണ്ട്, അതിനു മേൽനോട്ടം വഹിക്കുവാൻ രാഷ്ട്രീയ പ്രതിനിധികളല്ലാതെ, സാങ്കേതിക വിദഗ്ധരും, സാമൂഹ്യ നിപുണരുമായവരുടെ ഒരു കമ്മീഷനെ താത്ക്കാലികമായി നിയമിക്കുകയും വേണമെന്ന് അൽ-കിദ്വ അഭിപ്രായപ്പെട്ടു. സെക്യൂരിറ്റി കൗൺസിൽ ആവർത്തിച്ച് സൂചിപ്പിച്ച നിയമങ്ങൾക്കനുസൃതമായി, നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പൂർണ്ണ അധികാരമുള്ള അഞ്ച് രാജ്യങ്ങളുടെ (വ്യക്തമായും ഇസ്രായേലും പാലസ്തീനും ഉൾപ്പെടെ) ട്രസ്റ്റി ഭരണകൂടം രൂപവത്ക്കരിക്കണമെന്നതുമാണ് സമാധാനത്തിനുള്ള മാർഗം. ഇതിനു ജനാധിപത്യ നേതാക്കൾ നിലവിൽ വരണമെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹവും ഇരുവരും പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: