വിശുദ്ധ പ്രഖ്യാപനവേളയിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ പ്രഖ്യാപനവേളയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

ക്രൈസ്തവർ മിഷനറിമാരാണ്: ഫ്രാൻസിസ് പാപ്പാ

ലോക മിഷൻ ഞായറാഴ്ച്ചയായ ഒക്ടോബർ മാസം ഇരുപതാം തീയതി, ഫ്രാൻസിസ് പാപ്പാ സഭയിൽ പ്രേഷിത ദൗത്യത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2024 ഒക്ടോബർ 20-ന് 98 മത് ആഗോള മിഷൻ ഞായറാഴ്ച്ചയായി ആഘോഷിച്ചു. തദവസരത്തിൽ, വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകിയ മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം, ക്രൈസ്തവർ ജീവിതത്തിൽ സ്വീകരിച്ചിരിക്കുന്ന പ്രേഷിത ദൗത്യം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നു ഫ്രാൻസിസ് പാപ്പാ പറഞ്ഞു. പ്രേഷിതപ്രവർത്തനമെന്നാൽ, നമ്മെ സ്നേഹിക്കുകയും, അവിടുത്തെ സന്തോഷത്തിൽ നമ്മെ പങ്കാളികളാക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കർത്താവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എല്ലാവരെയും ക്ഷണിക്കുക എന്നതാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

മിഷൻ ഞായറാഴ്ചയുടെ ഇത്തവണത്തെ ആപ്തവാക്യം, "അതിനാൽ നിങ്ങൾ വഴിക്കവലകളിൽ  ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിരുന്നിനു ക്ഷണിക്കുവിൻ" എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായം, ഒൻപതാം തിരുവചനമാണ്.  ഓരോ ക്രിസ്ത്യാനിയും, അവന്റെ പ്രത്യേക പരിതഃസ്ഥിതികളിൽ ഈ സാർവത്രിക പ്രേഷിത ദൗത്യത്തിൽ പങ്കാളികളായിക്കൊണ്ട്, സുവിശേഷത്തിനു സാക്ഷ്യം വഹിക്കുവാൻ വേണ്ടിയാണ്, വിശുദ്ധർ നമ്മെ ക്ഷണിക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.

ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രേഷിതപ്രവർത്തനം നടത്തിക്കൊണ്ട് , ക്രിസ്തുവിന്റെ സുവിശേഷത്തിനു വെളിച്ചം നൽകുന്ന മിഷനറിമാരായ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്‌ക്കൊപ്പം, അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. മിഷൻ ഞായറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ, സഭയിൽ പുതിയതായി ഏതാനും വിശുദ്ധരെ കൂടി പ്രഖ്യാപിച്ചുകൊണ്ട്, അവരെ അൾത്താരവണക്കത്തിനു സമർപ്പിച്ചുവെന്നതും, എടുത്തു പറയേണ്ടതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2024, 14:11