ഫ്രാൻസിസ് പാപ്പായും, രാജാവും പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു ഫ്രാൻസിസ് പാപ്പായും, രാജാവും പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു   (VATICAN MEDIA Divisione Foto)

എംസ്വതി മൂന്നാമൻ പാപ്പായെ സന്ദർശിച്ചു

ദക്ഷിണാഫ്രിക്കയിലെ സ്വതന്ത്ര രാജ്യമായ ഇസ്വാതിനിയുടെ രാജാവ്, എംസ്വതി മൂന്നാമൻ, ഒക്ടോബർ മാസം പതിനെട്ടാം തീയതി ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇസ്വാതിനിയുടെ നിലവിലെ പരമാധികാര രാജാവും, ഭരണാധികാരിയുമായ എംസ്വതി മൂന്നാമൻ, ഒക്ടോബർ മാസം പതിനെട്ടാം തീയതി, പ്രാദേശിക സമയം രാവിലെ 10.25 നു, വത്തിക്കാനിലെത്തി, ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി. ഏകദേശം ഇരുപതു മിനിറ്റുകളോളം സംഭാഷണം ദീർഘിച്ചു. സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ, വത്തിക്കാൻ മാധ്യമ  ഓഫീസാണ് പുറത്തുവിട്ടത്. കൂടിക്കാഴ്ചയ്ക്കു ശേഷം രാജാവും, ഫ്രാൻസിസ് പാപ്പായും പരസ്പരം വിവിധ സമ്മാനങ്ങൾ കൈമാറി.

പശ്ചാത്തലത്തിൽ വിശുദ്ധ പത്രോസിന്റെ  ബസിലിക്കയുടെ താഴികക്കുടത്തോടുകൂടിയ വിശുദ്ധ പത്രോസിൻ്റെ പ്രതിമയെ ചിത്രീകരിക്കുന്ന മൺപാത്രവേല, സമാധാനത്തിനായുള്ള ഈ വർഷത്തെ സന്ദേശം, പേപ്പൽ രേഖകളുടെ വാല്യങ്ങൾ എന്നിവ ഫ്രാൻസിസ് പാപ്പാ രാജാവിന് സമ്മാനിച്ചു. തിരികെ, ഒരു സിംഹത്തെ ചിത്രീകരിക്കുന്ന ഒരു സ്വർണ്ണ ലോഹ പ്രതിമ, വെള്ളി കൈപ്പിടിയോടുകൂടിയ രണ്ടു ഗ്ലാസുകൾ, രാജ്യത്ത് നിർമ്മിച്ച ചില പ്രകൃതിദത്ത വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവ രാജാവ്, ഫ്രാൻസിസ് പാപ്പായ്ക്ക് സമ്മാനിച്ചു. ഏറെ ഹൃദ്യമായ കൂടിക്കാഴ്ചയ്ക്കു ശേഷം, പ്രാദേശിക സമയം 10.55 ഓടെ രാജാവ് വത്തിക്കാനിൽ നിന്ന് മടങ്ങി. 

1983 സെപ്തംബറിൽ എംസ്വതി മൂന്നാമനെ ഔദ്യോഗികമായി കിരീടാവകാശിയായി നിയമിക്കുകയും 1986 ഏപ്രിൽ 25 ന് സ്വാസിലാൻഡ് രാജാവായി കിരീടധാരണം ചെയ്യുകയും ചെയ്തു. നിലവിൽ ആഫ്രിക്കയിലെ അവസാനത്തെ പരമാധികാര  രാജാവാണ് അദ്ദേഹം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2024, 14:37