കാലം ചെയ്ത കർദ്ദിനാൾ അലെഷാന്ത്ര് ദൊ നസിമെന്തൊ, (അങ്കോളയ 28/09/24) കാലം ചെയ്ത കർദ്ദിനാൾ അലെഷാന്ത്ര് ദൊ നസിമെന്തൊ, (അങ്കോളയ 28/09/24) 

കർദ്ദിനാൾ നസിമെന്തൊയുടെ നിര്യാണത്തിൽ പാപ്പാ അനുശോചിച്ചു!

കർദ്ദിനാൾ അലെഷാന്ത്ര് ദൊ നസിമെന്തൊ കാലം ചെയ്തു. പൊതുനന്മോന്മുഖമായി ചുവടുവയ്ക്കാൻ പ്രാപ്തനായ സ്വതന്ത്ര മനുഷ്യനായിരുന്നു, സകലർക്കും കാരുണ്യത്തിൻറെ വദനമായിത്തീർന്ന അദ്ദേഹം എന്ന് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ അങ്കോള സ്വദേശിയായ കർദ്ദിനാൾ അലെഷാന്ത്ര് ദൊ നസിമെന്തൊയുടെ നിര്യാണത്തിൽ പാപ്പാ അനുശോചനം രേഖപ്പെടുത്തി.

അന്നാട്ടിലെ ലുവാണ്ട അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പായ കർദ്ദിനാൾ ദൊ നസിമൊന്തൊയുടെ വിയോഗത്തിൽ വേദനിക്കുന്ന പ്രസ്തുത അതിരൂപതയിലെ വിശ്വാസികളുടെയും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ താൻ പങ്കുചേരുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ  ലുവാണ്ട അതിരൂപതയുടെ ആർച്ചുബിഷപ്പ് ദൊം ഫിലൊമേനെ ദൊ നസിമൊന്തൊ വിയെയിരാ ജിയാസിന് അയച്ച അനുശോചന സന്ദേശത്തിൽ അറിയിക്കുന്നു.

പൊതുനന്മോന്മുഖമായി ചുവടുവയ്ക്കാൻ പ്രാപ്തനായ സ്വതന്ത്ര മനുഷ്യനായിരുന്നു സകലർക്കും കാരുണ്യത്തിൻറെ വദനമായിത്തീർന്ന കാലം ചെയ്ത കർദ്ദിനാൾ ദൊ നസിമെന്തൊ എന്ന് പാപ്പ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു.

അങ്കോളയിലെ മലെഞ്ചിൽ 1925 മാർച്ച് ഒന്നിനായിരുന്നു കർദ്ദിനാൾ അലെഷാന്ത്ര് ദൊ നസിമെന്തൊയുടെ ജനനം. 1952 ഡിസംബർ 20-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം  1975 ആഗസ്റ്റ് 31-ന് മെത്രാനായി അഭിഷിക്തനാകുകയും 1983 ഫെബ്രുവരി 2-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.

ലുബാംഗൊയുടെ ആർച്ചുബിഷപ്പായിരിക്കവെ 1982 ഒക്ടോബർ 15-ന് ഒളിപ്പോരാളികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയും ഒരു മാസത്തോളം ബന്ദിയാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ നവമ്പർ 16-ന് ബന്ദികർത്താക്കൾ അദ്ദേഹത്തെ വിട്ടയച്ചു. സെപ്റ്റംബർ 28-ന് മരണമടയുമ്പോൾ കർദ്ദിനാൾ അലെഷാന്ത്ര് ദൊ നസിമെന്തൊയുടെ പ്രായം 99 വയസ്സായിരുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2024, 12:56