തിരയുക

പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

യുദ്ധോപകരണവിപണനരംഗത്ത് മരണം കൊണ്ട് നേട്ടം കൊയ്യുന്നവർക്കെതിരെ ഫ്രാൻസിസ് പാപ്പാ

യുദ്ധോപകരണങ്ങളുടെ നിർമ്മാണ, വ്യവസായങ്ങളിലൂടെ ധനം നേടുന്നവർ മരണം കൊണ്ട് നേട്ടം കൊയ്യുന്നവരെന്ന് പാപ്പാ. വലിയ നിക്ഷേപങ്ങളാണ് ആയുധനിർമ്മാണരംഗത്ത് നടക്കുന്നത്. പാലസ്തീനായിൽ നടക്കുന്നത് മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ. സമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധോപകരണങ്ങളുടെ നിർമ്മാണ, വ്യവസായ രംഗങ്ങളിൽ സാമ്പത്തികലക്ഷ്യം മാത്രം മുൻനിറുത്തി നേട്ടം കൊയ്യുന്നവർക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ. മരണം കൊണ്ട് നേട്ടം കൊയ്യുന്നവരാണ് ഇത്തരത്തിലുള്ളവരെന്ന് പാപ്പാ കുറ്റപ്പെടുത്തി. ആയുധനിർമ്മാണരംഗത്തുള്ള ധനനിക്ഷേപത്തിന്റെ തോത്, ഭയാനകരമാണെന്ന് പാപ്പാ പ്രസ്‌താവിച്ചു. ഒക്ടോബർ 23 ബുധനാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പതിനായിരക്കണക്കിന് വരുന്ന ആളുകളോട് സംസാരിക്കവെയാണ് യുദ്ധാവശ്യങ്ങൾക്കുവേണ്ടിയുള്ള ആയുധനിർമ്മാണത്തിനെതിരെ പാപ്പാ സ്വരമുയർത്തിയത്.

റഷ്യ-ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഉക്രൈനിൽ മരണമടഞ്ഞവരുടെ കണക്കുകൾ തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞ പാപ്പാ, അത് അതിഭയാനകമാണെന്ന് പ്രസ്താവിച്ചു. യുദ്ധം ഒരിക്കലും ആരെയും വെറുതെ വിടുന്നില്ലെന്നും, ആരംഭത്തിൽത്തന്നെ അത് ഒരു പരാജയമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദൈവം ഏവർക്കും സമാധാനം നൽകാൻ വേണ്ടി പ്രാർത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു.

പാലസ്തീനാ-ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് പാലസ്തീനാ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ, അവിടെ നടക്കുന്നത് മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണെന്ന് അപലപിച്ചു. എന്നാൽ അതേസമയം ഇസ്രയേലിനെയും മ്യാന്മാറിനെയും യുദ്ധങ്ങളിലായിരിക്കുന്ന എല്ലാ രാജ്യങ്ങളെയും നമുക്ക് മറക്കാതിരിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും പാപ്പാ ആഹ്വാനം ചെയ്‌തു. യുദ്ധങ്ങൾ വിതയ്ക്കുന്ന മരണത്തെയും വിപത്തുകളെയും കുറിച്ച് രാഷ്ട്രനേതൃത്വങ്ങളെയും, സാധാരണജനത്തെയും ഓർമ്മിപ്പിക്കാനും, സമാധാനശ്രമങ്ങൾക്കായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും, അടുത്തിടെ നടന്ന പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിലും മറ്റവസരങ്ങളിലും കത്തോലിക്കാസഭാദ്ധ്യക്ഷൻ മറന്നിട്ടില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2024, 17:19