തിരയുക

മധ്യാഹ്നപ്രാർത്ഥനാ വേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ ഫ്രാൻസിസ് പാപ്പാ   (AFP or licensors)

ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം: ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ ആറാം തീയതി ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ പ്രത്യേക അഭ്യർത്ഥനകളുടെ അവസരത്തിൽ, യുദ്ധമേഖലകളിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇസ്രായേൽ ജനതയ്ക്കു നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ഒരു വർഷം  തികയുമ്പോൾ, ഒരിക്കൽ കൂടി, വെടിനിർത്തലിനുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ഒക്ടോബർ ആറാം തീയതി ഞായറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ പാപ്പാ നേതൃത്വം നൽകിയ മധ്യാഹ്നപ്രാർത്ഥനയ്ക്ക് ഒടുവിലാണ്,  വെടിനിർത്തൽ കരാറുകൾ രാജ്യങ്ങൾ തമ്മിൽ ഉടൻ കൈക്കൊള്ളണമെന്ന അഭ്യർത്ഥന പാപ്പാ നടത്തിയത്.  ആക്രമണം നടത്തിയ അന്നുമുതൽ, കഴിഞ്ഞ ഒരു വർഷമായി, നിരപരാധികളായ പലസ്തീൻകാർ അനുഭവിക്കുന്ന വേദനകളും, ദുരിതങ്ങളും പാപ്പാ ചൂണ്ടിക്കാണിക്കുകയും അവരോടുള്ള തന്റെ അടുപ്പവും, പ്രാർത്ഥനകളും പുതുക്കുകയും ചെയ്തു.

ഗാസയിൽ ഇപ്പോഴും നിരവധി ആളുകൾ ബന്ദികളായി ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുതെന്നും പാപ്പാ പറഞ്ഞു. അവരുടെ മോചനം ദ്രുതഗതിയിൽ സാധ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.ലെബനൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ എത്രയും വേഗം വെടിനിർത്തൽ പ്രാബല്യത്തിൽ വരേണ്ടത് ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ഗ്രാമങ്ങൾ ഉപേക്ഷിച്ചുകൊണ്ട്, കുടിയേറുവാൻ നിർബന്ധിതരായ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

പ്രതികാരത്തിന്റെ ദുഷ്ടത അവസാനിപ്പിക്കണമെന്നും, കഴിഞ്ഞ ദിവസം ഇറാൻ നടത്തിയതുപോലെയുള്ള അക്രമങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കുവാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുവാനും പാപ്പാ അന്താരാഷ്ട്ര സമൂഹങ്ങളോട് അഭ്യർത്ഥിച്ചു. ഇപ്രകാരമുള്ള ആക്രമണങ്ങൾ, യുദ്ധത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും കൂടുതൽ ജനതയെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുമെന്ന മുന്നറിയിപ്പും പാപ്പാ നൽകി. ഒക്ടോബർ ഏഴാം തീയതി ലോകസമാധാനത്തിനായുള്ള ആഗോള ഉപവാസദിനമായിരിക്കുമെന്ന് ഒരിക്കൽ കൂടി പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2024, 12:58