തിരയുക

ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ   (ANSA)

ഹൈറ്റി രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

കരീബിയൻ രാജ്യത്തെ ശ്വാസം മുട്ടിക്കുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്ന നാടകീയമായ യുദ്ധദുരിതങ്ങളെ ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞുകൊണ്ട് , അവർക്കായി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഒക്ടോബർ മാസം പതിമൂന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം, യുദ്ധം അരങ്ങേറുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളെ സ്മരിക്കുകയും, പ്രത്യേകമായി ഹൈറ്റിയിലെ ദുരിതാവസ്ഥകളെ എടുത്തു പറയുകയും ചെയ്തു. ഹൈറ്റിയിൽ നിലനിൽക്കുന്ന യുദ്ധത്തിന്റെ ഭീകരത മൂലം ആയിരക്കണക്കിനു ആളുകളാണ് പലായനം ചെയ്യുവാൻ നിർബന്ധിതരാകുന്നത്. സായുധ സംഘങ്ങളുടെ ക്രൂരതയ്ക്ക് ഇരകളാകുന്ന നിരപരാധികളായ ജനങ്ങളുടെ ജീവിതത്തിന്റെ ശോചനീയാവസ്ഥയും പാപ്പാ അടിവരയിട്ടു പറഞ്ഞു.

"രാജ്യത്തിനകത്തും പുറത്തും സുരക്ഷിതത്വം തേടി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ജനങ്ങൾക്കെതിരെ അക്രമം തുടരുന്ന ഹെയ്തിയിലെ നാടകീയമായ സാഹചര്യങ്ങളെ ഞാൻ മനസിലാക്കുന്നു. നമ്മുടെ ഹൈറ്റിയിലെ സഹോദരങ്ങളെ നാം ഒരിക്കലും മറന്നുപോകരുത്. എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കുന്നതിനായി  പ്രാർത്ഥിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. രാജ്യത്ത് എല്ലാവരുടെയും അന്തസും, അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സമാധാനവും, അനുരഞ്ജനവും സാധ്യമാകുന്നതിനുവേണ്ടി  പ്രാർത്ഥിക്കുവാനും ഞാൻ അഭ്യർത്ഥിക്കുന്നു." ഇപ്രകാരമാണ് ഫ്രാൻസിസ് പാപ്പാ അഭിസംബോധന ചെയ്തത്. സായുധ സംഘങ്ങളിലേക്ക് കുട്ടികളെ പോലും നിർബന്ധപൂർവം ചേർക്കുന്നതിനാൽ ഏറെ അരക്ഷിതാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.

ഹൈറ്റിക്കുപുറമെ, പീഡിതരായ ഉക്രൈനെയും, പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നീ രാജ്യങ്ങളെയും  ഫ്രാൻസിസ് പാപ്പാ പേരെടുത്തു പരാമർശിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം എത്രയും വേഗം സാധ്യമാകട്ടെയെന്നു പാപ്പാ ആശംസിച്ചു. ശൈത്യകാലത്ത്, ഉക്രൈനിലെ ജനങ്ങളെ തണുപ്പിൽ മരിക്കുന്നതിന് വിട്ടുകൊടുക്കരുതെന്നു പാപ്പാ അഭ്യർത്ഥിച്ചു. ലോകത്തിലെ വിവിധ ഇടങ്ങളിൽ അരങ്ങേറുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള മുൻകൈ എടുക്കുന്നതിനു അന്താരാഷ്ട്ര സമൂഹങ്ങളെയും പാപ്പാ പ്രത്യേകം ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2024, 11:20