പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (ANSA)

സമാധാനം പരിശുദ്ധാത്മാവിന്റെ ദാനം: ഫ്രാൻസിസ് പാപ്പാ

യുദ്ധങ്ങൾക്കെതിരെ ശബ്ദമുയർത്തിയും, സമാധാനത്തിനായി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്‌തും ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 29 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് കഴിഞ്ഞ ദിവസം ഗാസായിൽ 150 ആളുകൾ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടി വെളിച്ചത്തിൽ യുദ്ധത്തിനും സായുധസംഘർഷങ്ങൾക്കുമെതിരെ പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്. കുട്ടികളും കുടുംബങ്ങളുമാണ് യുദ്ധങ്ങളുടെ ആദ്യ ഇരകളെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, പരിശുദ്ധാത്മാവിന്റെ ദാനമായ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ലോകത്ത് യുദ്ധങ്ങൾ വളരുകയാണെന്ന് പാപ്പാ അപലപിച്ചു. ഒക്ടോബർ 29 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ്, സമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ വീണ്ടും അഭ്യർത്ഥന നടത്തിയത്.

കൊടിയ പീഡനങ്ങൾ നേരിടുന്ന ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ വടക്കൻ കിവു, തുടങ്ങി നിരവധി രാജ്യങ്ങൾ കടുത്ത യുദ്ധഭീകരതയിലൂടെയാണ് കടന്നുപോകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന് പറഞ്ഞ പാപ്പാ, അത് ആത്മാവിന്റെ ദാനമാണെന്നും, എന്നാൽ യുദ്ധം എന്നത് എല്ലായ്പ്പോഴും ഒരു പരാജയമാണെന്നും ഉദ്‌ബോധിപ്പിച്ചു.

യുദ്ധങ്ങളിൽ ആരും ജയിക്കുന്നില്ലെന്നും, അവയിൽ ഏർപ്പെട്ടിരിക്കുന്നവരേവരും പരാജയപ്പെടുകയാണെന്നും പറഞ്ഞ പാപ്പാ, ഗാസായിൽ കഴിഞ്ഞ ദിവസം 150 നിഷ്കളങ്കരായ മനുഷ്യരാണ് കൊല ചെയ്യപ്പെട്ടതെന്ന് അനുസ്മരിച്ചു. യുദ്ധങ്ങളിൽ നിരവധി കുട്ടികൾ ഇരകളാകുന്നതിനെതിരെ സംസാരിച്ച പാപ്പാ, കുട്ടികളും കുടുംബങ്ങളുമാണ് യുദ്ധങ്ങളുടെ ആദ്യ ഇരകളെന്ന് അനുസ്മരിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിലും, ത്രികാലജപപ്രാർത്ഥനാവേളകളിലും, മറ്റ് ചടങ്ങുകളിലും യുദ്ധങ്ങൾക്കെതിരെയും, യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടിയും ശബ്ദമുയർത്തുന്ന പാപ്പാ, ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടാൻവേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും ആവശ്യപ്പെടുന്നുണ്ട്.

ഗാസാ പ്രദേശത്ത് കഴിഞ്ഞ പത്തൊൻപത് ദിവസങ്ങളിലായി 770 ആളുകൾ കൊല്ലപ്പെട്ടതായാണ് പാലസ്തീൻ വൃത്തങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ കമൽ അദ്വാൻ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ 150 പേർ ടാങ്കിന്റെ വെടിയേറ്റ് മരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2024, 17:55