തിരയുക

സിനഡിന്റെ ആരംഭം കുറിച്ചുകൊണ്ട് നടന്ന വിശുദ്ധ ബലിയിൽ ഫ്രാൻസിസ് പാപ്പാ പ്രഭാഷണം നടത്തുന്നു സിനഡിന്റെ ആരംഭം കുറിച്ചുകൊണ്ട് നടന്ന വിശുദ്ധ ബലിയിൽ ഫ്രാൻസിസ് പാപ്പാ പ്രഭാഷണം നടത്തുന്നു  (VATICAN MEDIA Divisione Foto)

ലോകസമാധാനത്തിനായി പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴ് തിങ്കളാഴ്ച, ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഇതേ ഉദ്ദേശത്തോടെ ഒക്ടോബർ ആറിന് പാപ്പാ ജപമാല പ്രാർത്ഥന അർപ്പിക്കാനായി റോമിലെ മേരി മേജർ ബസലിക്കയിലെത്തും. സിനഡംഗങ്ങൾ ഉൾപ്പെടെ ഏവർക്കും പ്രാർത്ഥനയിൽ സജീവമായി പങ്കെടുക്കാൻ ക്ഷണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും നടമാടുന്നതിനിടെ, വിശ്വാസത്താൽ പ്രേരിതരായി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ആയുധങ്ങളേറി സമാധാനത്തിനായി പോരാടാൻ ഏവരോടും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ.  സിനഡിന്റെ ആരംഭവുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടാം തീയതി രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണമധ്യേ നടത്തിയ പ്രഭാഷണത്തിനിടയിലാണ് ഒക്ടോബർ ഏഴ് തിങ്കളാഴ്‌ച പ്രത്യേകമായ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും പാപ്പാ ആഹ്വാനം ചെയ്‌തത്‌.

2023 ഒക്ടോബർ ഏഴിന് പലസ്തീനിലെ ഹമാസ് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമാണ്, ലോകസമാധാനത്തിനുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി പാപ്പാ തിരഞ്ഞെടുത്തത്. വിശുദ്ധ നാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുന്ന സായുധസംഘർഷങ്ങൾക്കും, നിരവധി മരണങ്ങൾക്കും കാരണമായത് ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണമായിരുന്നു.

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച്, റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെയും, ആഫ്രിക്കയിലെ വിവിധയിടങ്ങളിൽ ജനങ്ങൾ നേരിടുന്ന സായുധസംഘർഷങ്ങളുടെയും, വിവിധ ജനതകളെയും ദേശങ്ങളെയും കഷ്ടത്തിലാക്കുന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽക്കൂടിയാണ് താൻ, പ്രാർത്ഥനയും ഉപവാസവും നടത്തിക്കൊണ്ട് സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌തതെന്ന് പാപ്പാ വ്യക്തമാക്കി.

സമാധാനത്തിനായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യം പ്രാർത്ഥിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ ആറാം തീയതി ഫ്രാൻസിസ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തി ജപമാല പ്രാർത്ഥന നടത്തും. പ്രാർത്ഥനയിൽ സംബന്ധിക്കാൻ, നിലവിലെ സിനഡിൽ സംബന്ധിക്കാനായി റോമിലെത്തിയ ഏവരെയും പാപ്പാ ക്ഷണിച്ചു.

ഇതിനുമുൻപ്, സിറിയ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, തെക്കൻ സുഡാൻ, ലെബനോൻ, അഫ്ഗാനിസ്ഥാൻ, ഉക്രൈൻ, വിശുദ്ധനാടുകൾ എന്നീ പ്രദേശങ്ങളിൽ സമാധാനം പുലരുവാനായി പ്രാർത്ഥനയും ഉപവാസവും നടത്താൻ പാപ്പാ 2013 മുതലുള്ള വർഷങ്ങളിൽ ആഹ്വാനം ചെയ്‌തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2024, 17:46