ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ 

സ്വജീവിതാനുഭവങ്ങൾ വിശദീകരിച്ച്, എങ്ങനെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥനാരൂപിയിൽ വളരാൻ തനിക്ക് ലഭിച്ച സഹായങ്ങൾ വ്യക്തമാക്കി പാപ്പാ. യാമപ്രാർത്ഥനകളോടുള്ള വിശ്വസ്തത, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ പ്രാധാന്യം, പരിശുദ്ധ അമ്മയോടുള്ള അടുപ്പം തുടങ്ങി, തനിക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ എന്നീ ചിന്തകൾ വരെ പാപ്പാ വിശദീകരിക്കുന്നു. "യേശു പഠിപ്പിച്ചതുപോലെ. പ്രത്യാശയുടെ തീർത്ഥാടകരുടെ പ്രാർത്ഥന" എന്ന പേരിൽ സെന്റ് പോൾ പ്രസാധകശാല പുറത്തിറക്കിയ പുസ്തകത്തിനെഴുതിയ അവതരികയിലാണ് പ്രാർത്ഥനയുടെ വിവിധ വശങ്ങളെക്കുറിച്ച് പാപ്പാ എഴുതുന്നത്..

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും, വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി തന്നിൽ വളർത്തിയതും തന്റെ മുത്തശ്ശിയാണെന്ന് പാപ്പാ.  എന്നാൽ താൻ സെമിനാരിയിൽ ആയിരുന്നപ്പോഴും പിന്നീടും തനിക്കുണ്ടായിരുന്ന അദ്ധ്യാത്മികപിതാക്കന്മാരാണ് തന്നെ പ്രാർത്ഥനയിൽ വളർത്തിയത്. "യേശു പഠിപ്പിച്ചതുപോലെ. പ്രത്യാശയുടെ തീർത്ഥാടകരുടെ പ്രാർത്ഥന" എന്ന പേരിൽ സെന്റ് പോൾ പ്രസാധകശാല പുറത്തിറക്കിയ പുസ്തകത്തിനെഴുതിയ അവതരികയിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്.

തന്നിൽ പ്രത്യേകമായി സ്വാധീനം ചെലുത്തിയ ആദ്ധ്യാത്മികചിന്തകളിൽ ഒന്ന് അർജന്റീനക്കാരനായ മിഗേൽ ആംഹെൽ ഫിയൊറീത്തോ എന്ന ഈശോസഭാവൈദികനായ തത്വചിന്തകന്റേതാണെന്ന് പാപ്പാ വ്യക്തമാക്കി. പുത്രനെന്നപോലെ പ്രാർത്ഥിക്കാനാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ആശ്വാസത്തിന്റെ മിഠായി തേടിയല്ല. എങ്ങനെ പ്രാർത്ഥന ഒരു ശീലമാക്കാം, എങ്ങനെയാണ് പ്രാർത്ഥന നടത്തേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ ഒരു ഗുരുവായിരുന്നു അദ്ദേഹം.

പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും തന്റെ പ്രാർത്ഥനനയുടെ ശൈലി മാറിയിട്ടില്ലെന്നും, വാക്കുകൾ ഉപയോഗിച്ചും, ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ വിശുദ്ധ കുർബാനയുടെ മുന്നിൽ നിശ്ശബ്ദതയിലും താൻ സമയം ചിലവഴിക്കാറുണ്ടെന്ന് പാപ്പാ എഴുതി. ചിലപ്പോഴെങ്കിലും കൂടുതൽ പ്രാർത്ഥിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാൽ സമയക്കുറവുമൂലം പലപ്പോഴും അത് സാധിക്കാറില്ലെന്നും പാപ്പാ വ്യക്തമാക്കി.

യാമപ്രാർത്ഥനകൾ താൻ ഒരിക്കലും മുടക്കാറില്ലെന്ന് വ്യക്തമാക്കിയ പാപ്പാ, എന്നാൽ ധ്യാനാത്മകമായ പ്രാർത്ഥനയ്ക്കും താൻ സമയം കണ്ടെത്താറുണ്ടെന്ന് എഴുതി. പലപ്പോഴും ദൈവവുമായി സംഭാഷണശൈലിയിൽ താൻ പലതും ചോദിക്കാറുണ്ടെന്നും പാപ്പാ കുറിച്ചു.

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർതൃപ്രാർത്ഥനായുടെ പ്രാധാന്യവും പാപ്പാ തന്റെ അവതാരികയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. പ്രാർത്ഥനയിൽ പ്രാവീണ്യമുള്ള ആരെയെങ്കിലും വിളിച്ച് തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയല്ല യേശു ചെയ്യുന്നത്. മറിച്ച് വിശ്വാസത്തോടെയും, മക്കളുടേതായ വാക്കുകളോടെയും ധൈര്യപൂർവം, എന്നാൽ എല്ലാം സമർപ്പിച്ചുകൊണ്ടുള്ള വലിയ ഒരു പ്രാർത്ഥന യേശുതന്നെ അവരെ പഠിപ്പിക്കുന്നു.

ജപമാലപ്രാത്ഥനയെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ ദീർഘമായി എഴുതുന്നുണ്ട്. അമ്മയും നമ്മെ നയിക്കുന്നവളുമെന്ന നിലയിൽ പരിശുദ്ധ അമ്മയെ തനിക്ക് അടുത്തുള്ളവളായി കാണാൻ താൻ ഇഷ്ടപ്പെടുന്നുവെന്ന് പാപ്പാ വ്യക്തമാക്കുന്നു. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള കഥകളിൽ ഒന്ന്, കള്ളന്മാരെ സംരക്ഷിക്കുന്ന മറിയം എന്ന ആശയം ഉൾക്കൊള്ളുന്ന ഒന്നാണെന്ന് പാപ്പാ എഴുതി. മോഷണം നടത്തിയ അവരെ പത്രോസ് സ്വർഗ്ഗത്തിലേക്ക് കയറ്റില്ല എന്നറിയാവുന്ന പരിശുദ്ധ കന്യക, തന്നോട് പ്രാർത്ഥിച്ചിരുന്ന അവരെ ജനാല വഴി സ്വർഗ്ഗത്തിലേക്ക് കയറ്റുന്നു എന്ന കഥയാണത്. കാനായിലെ സംഭവത്തിൽ നടക്കുന്നതുപോലെയാണിതും. മകന് അരുതെന്ന് പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കാതെയാണ് അവൾ അത് സാധിച്ചെടുത്തത്.

താൻ എപ്പോഴും പ്രാർത്ഥനകൾ ആവശ്യപ്പെടുന്നതിനെക്കുറിച്ചും പാപ്പാ വിശദീകരിച്ചു. അത് തന്റെ വിശ്വാസം മൂലമാണെന്നും, സഭയ്ക്കായി താൻ ചെയ്യുന്ന സേവനത്തിൽ, സമൂഹം തന്നെ പ്രാർത്ഥനയാൽ പിന്തുണയ്ക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ എഴുതി. സഭ നമ്മെ താങ്ങുന്നില്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സമൂഹം തങ്ങളുടെ മെത്രാനായും, മെത്രാൻ തന്റെ ജനത്തിനായും പ്രാർത്ഥിക്കണം.

പരിശുദ്ധാത്മാവിന് ഇടം കൊടുക്കാനായി ഹൃദയം തുറന്നുവേണം പ്രാർത്ഥിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ആത്മാവ് ഉള്ളിൽ വരുമ്പോൾ ജീവിതം മാറിമറിയും. എന്നാൽ നമ്മുടെ ഹൃദയത്തെ മാറ്റിമറിക്കുന്ന പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയെക്കുറിച്ച് നാം പലപ്പോഴും സംസാരിക്കാറില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പിതാവോ പുത്രനോ അല്ല, പരിശുദ്ധാത്മാവാണ് നമ്മെ അഭിഷേകം ചെയ്യുന്നതെന്നും, ആത്മാവിന്റെ അഭിഷേകമാണ് സഭയെന്ന യാഥാർഥ്യത്തെയും ദൈവീകരഹസ്യങ്ങളെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഒക്ടോബർ രണ്ടാം തീയതി വൈകുന്നേരം, വത്തിക്കാനിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം പൊതുയോഗത്തിന്റെ ആദ്യസമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ പ്രാധാന്യവും ഹൃദയം ആത്മാവിന്റെ പ്രവർത്തനങ്ങൾക്കായി തുറന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് പാപ്പാ സംസാരിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2024, 18:29