സഭയിൽ എല്ലാവരെയും ചേർത്തുനിർത്തണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സിനഡാലിറ്റിയെ കുറിച്ചുള്ള പതിനാറാമത് മെത്രാൻ സിനഡ് ഒക്ടോബർ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച്ച, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ, ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ, അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെ സമാപിച്ചു. ഇരുപത്തിയാറാം തീയതി സമ്മേളനത്തിൽ നടത്തിയ തന്റെ സമാപന സന്ദേശത്തിൽ, ഫ്രാൻസിസ് പാപ്പാ, കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർന്ന് വന്ന സിനഡിൽ, ദൈവജനത്തെ കൂടുതൽ ശ്രവിക്കുവാൻ സാധിച്ചതിലും, അതിന്റെ ഫലങ്ങൾ വിളവെടുക്കുവാൻ സാധിച്ചതിലുമുള്ള സന്തോഷം പങ്കുവച്ചു. റോമിന്റെ മെത്രാൻ എന്ന നിലയിൽ താൻ പോലും, ഇനിയും എത്രയോ അധികമായി ദൈവജനത്തെ ശ്രവിക്കുവാനുണ്ടെന്ന ബോധ്യം ഈ സിനഡ് സമ്മേളനം തനിക്ക് നല്കിയെന്നു പാപ്പാ പറഞ്ഞു. സഭയിലെ ദൈവജനത്തിനിടയിലെ ബന്ധങ്ങളിലും, സഭകൾ തമ്മിലുള്ള ബന്ധങ്ങളിലും ആത്മാവ് നൽകുന്ന ഐക്യം സംരക്ഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് പാപ്പാ എടുത്തു പറഞ്ഞു.
പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ്, വിവിധ ഭാഷകളെയും ,ദേശക്കാരെയും ഒരുമിച്ചുകൂട്ടി, ഒരുമയുടെ സന്ദേശം നല്കിയതുപോലെ, വിശുദ്ധ സഭ, മേശ ഒരുക്കി ജനതയെ കാത്തിരിക്കുന്ന ദൈവത്തിന്റെ പ്രതീക്ഷയുടെ അടയാളവും ഉപകരണവുമാണെന്ന് പാപ്പാ പറഞ്ഞു. അതിനാൽ സഭയിൽ മതിലുകൾ പണിയാതെ വാതിലുകൾ പണിയുവാനും, പിറുപിറുക്കാതെ, ഹൃദയത്തിൽ സ്നേഹത്തിന്റെ ബന്ധം വളർത്തുവാനും പാപ്പാ ആഹ്വാനം ചെയ്തു. സിനഡ് ആരംഭിച്ചപ്പോൾ നടത്തിയ അനുരജ്ഞന ശുശ്രൂഷയുടെ പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു. തുടർന്ന്, യുദ്ധത്തിന്റെ ഭീകരത പിടിമുറുക്കിയിരിക്കുന്ന ലോകത്തിന്റെ അവസ്ഥയും പാപ്പാ ചൂണ്ടിക്കാണിച്ചു. അഭിപ്രായവ്യത്യാസങ്ങൾ സംഭാഷണത്തിലൂടെ മനസിലാക്കിക്കൊണ്ട്, സമാധാനത്തിന്റെ സാക്ഷികളാകുവാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
സിനഡിന് ശേഷം പ്രസിദ്ധീകരിക്കുന്ന രേഖയ്ക്കുമപ്പുറം, മറ്റൊരു അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിക്കുവാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും പാപ്പാ കൂട്ടിച്ചേർത്തു. വിവിധ ഭൂഖണ്ഡങ്ങളിൽ, വ്യത്യസ്ത സന്ദർഭങ്ങളിൽ സഭകളുടെ ദൗത്യത്തിന് ഒരു വഴികാട്ടിയാകാൻ കഴിയുന്ന വളരെ വ്യക്തമായ സൂചനകൾ രേഖയിൽ ഉൾച്ചേർക്കപ്പെട്ടിട്ടുണ്ടെന്നും, അത് ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാക്കണമെന്നും, അതിനാൽ സിനഡിന്റെ അവസാനരേഖ എത്രയും വേഗം എല്ലാവർക്കും എത്തിക്കുവാൻ ശ്രദ്ധിക്കണമെന്നും പാപ്പാ പറഞ്ഞു. അക്രമം, ദാരിദ്ര്യം, നിസ്സംഗത എന്നിവയാൽ അടയാളപ്പെടുത്തിയ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ജനതയെ ഒരുമിച്ചുനടക്കുവാൻ സിനഡ് സഹായിച്ചുവെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തെക്കുറിച്ച് സ്വപ്നം കാണാൻ മാത്രമല്ല, നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അത് യാഥാർഥ്യമാക്കുവാൻ പരിശ്രമിക്കാം, എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: