സ്ഥൈര്യലേപന ചൈതന്യം ഉപേക്ഷിക്കരുത്: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ശരത്ക്കാലത്തിന്റെ സൗന്ദര്യം ചൂടും തണുപ്പും കലർന്ന കാലാവസ്ഥയാൽ നിത്യനഗരമായ റോമിനെ മനോഹരമാക്കിയ ദിനമായിരുന്നു ഒക്ടോബർ മുപ്പതാം തീയതി ബുധനാഴ്ച്ച. സൂര്യൻ ഉദിച്ചുയരുന്നതിനു മുൻപേ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് ക്രിസ്തുവിന്റെ വികാരിയും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ഫ്രാൻസിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുവാൻ എത്തിയവരുടെ നീണ്ട നിരകാണപ്പെട്ടു തുടങ്ങി.
ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അസുലഭ നിമിഷത്തിനു വേണ്ടി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് വന്നിട്ടുള്ള ആളുകൾ, നീണ്ട നിരയിൽ മണിക്കൂറുകൾ കാത്തു നിൽക്കുമ്പോൾ അവരെ മടുപ്പു തോന്നാതെ, മുൻപോട്ടു നീങ്ങുവാൻ സ്വാധീനിക്കുന്നത്, കത്തോലിക്കാസഭയുടെ കഴിഞ്ഞ രണ്ടായിരം വർഷത്തെ പാരമ്പര്യം തന്നെയാണ്.
പ്രാദേശിക സമയം രാവിലെ 8. 45, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.15- ന് ചത്വരത്തിലേക്ക് വെള്ളനിറത്തിലുള്ള വാഹനത്തിന്റെ ചക്രം ഇറങ്ങിയതേ കൂടിയിരുന്ന ആളുകളുടെ ഹർഷാരവം മുഴങ്ങിത്തുടങ്ങി. ചത്വരത്തിൽ ആലപിക്കപ്പെട്ട ഗാനത്തിന്റെ ഈരടികൾക്കൊപ്പം വിവാ പാപ്പാ എന്ന ജനസഹസ്രത്തിന്റെ സ്വരവും അകമ്പടി സേവിച്ചപ്പോൾ ക്രിസ്തുവിന്റെ വികാരിയുടെ മാനുഷികവും ആത്മീയവുമായ സാന്നിധ്യം അനുഭവിക്കുവാനുള്ള വലിയ ആഗ്രഹത്തിന് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുകയായിരുന്നു. ചത്വരത്തിലെത്തിയ പാപ്പാ, ആളുകളെ അഭിവാദനം ചെയ്തു നീങ്ങവേ, ശിശുക്കൾക്ക് ചുംബനം നൽകുകയും അവരെ ആശീർവദിക്കുകയും ചെയ്തു.
ചത്വരത്തിൽ വിവിധ നിരകളിലൂടെ നീങ്ങിയ ഫ്രാൻസിസ് പാപ്പാ ഏകദേശം ഒമ്പതുമണിയോടെ പ്രധാന പീഠത്തിലെത്തി ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് ആരംഭം കുറിച്ചു. സ്വസ്ഥാനങ്ങളിൽ എല്ലാവരും ഇരുന്നയുടനെ ഇറ്റാലിയൻ ഭാഷയിൽ വിശുദ്ധഗ്രന്ഥത്തിൽ നിന്നും അപ്പസ്തോല പ്രവർത്തന പുസ്തകം എട്ടാം അധ്യായം, പതിനാലു മുതൽ പതിനേഴുവരെയുള്ള തിരുവചനങ്ങൾ വായിക്കപ്പെട്ടു. തുടർന്ന് ഫ്രഞ്ച്,ഇംഗ്ലീഷ്,ജർമ്മൻ,സ്പാനിഷ്,പോർച്ചുഗീസ്,അറബി,പോളിഷ് തുടങ്ങിയ പല ലോകഭാഷകളിലും അതേഭാഗം വായിക്കപ്പെട്ടു.
വചന ഭാഗം ഇതായിരുന്നു :
സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്‍മാര്‍ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു. അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കാരണം, അതുവരെ പരിശുദ്‌ധാത്‌മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്‌ഞാന സ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്‌തിരുന്നുള്ളു. പിന്നീട്, അവരുടെമേല്‍ അവര്‍കൈകള്‍ വച്ചു; അവര്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുകയും ചെയ്‌തു.
ഇതേ തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചു.
പ്രിയ സഹോദരീ സഹോദരന്മാരെ സുപ്രഭാതം,
സഭാജീവിതത്തിൽ കൂദാശകളിലൂടെയുള്ള പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെയും, പ്രവർത്തനത്തെയും കുറിച്ചുള്ള ചിന്തകളാണ് ഇന്നു നാം കേൾക്കുന്നത്.
പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണകർമ്മം നമുക്കു കൈവരുന്നത് പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ്: ദൈവവചനത്തിലൂടെയും, കൂദാശകളിലൂടെയും. കൂദാശകളിൽ, പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ ഒരു കൂദാശയുണ്ട്: അത് നിങ്ങൾ മനസിലാക്കുന്നതുപോലെ, സ്ഥൈര്യലേപനകൂദാശയാണ്. ഈ കൂദാശയുടെ ചിന്തകളാണ് ഇന്നു ഞാൻ അടിവരയിടുവാൻ ആഗ്രഹിക്കുന്നത്.
പുതിയനിയമത്തിൽ, ജലം ഉപയോഗിച്ചുകൊണ്ടുള്ള ജ്ഞാനസ്നാനശുശ്രൂഷയ്ക്കു പുറമെ, മറ്റൊരു പ്രധാനപ്പെട്ട ആചാരം കൂടിയുണ്ട്. പരിശുദ്ധാത്മാവിനെ പ്രത്യക്ഷമായും വ്യക്തിപ്രഭാവമായും ആശയവിനിമയം നടത്തുക എന്ന ഉദ്ദേശ്യത്തോടെയും, പന്തക്കുസ്താ അനുഭവം ശ്ലീഹന്മാരിൽ സൃഷ്ടിച്ച ഫലങ്ങളുടെ അതേ രീതിയിൽ നടത്തുന്ന കൈവയ്പ്പുശുശ്രൂഷ. ഞാൻ അവ്യക്തമായി വായിക്കുന്നതിൽ ക്ഷമചോദിക്കുന്നു. സൂര്യപ്രകാശം കണ്ണുകളിൽ പതിക്കുന്നതിനാൽ, വായന ബുദ്ധിമുട്ടാണ്.
അപ്പസ്തോല പ്രവർത്തന പുസ്തകത്തിൽ, ഇതിനെ പറ്റി വിശദമായി വിവരിക്കുന്നുണ്ട്. സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്‍മാര്‍ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു. അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കാരണം, അതുവരെ പരിശുദ്‌ധാത്‌മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്‌ഞാന സ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്‌തിരുന്നുള്ളു. പിന്നീട്, അവരുടെമേല്‍ അവര്‍കൈകള്‍ വച്ചു; അവര്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുകയും ചെയ്‌തു.
ഇതിനോടോപ്പം വിശുദ്ധ പൗലോസ് ശ്ലീഹായും, കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിലും ഇപ്രകാരം എഴുതിയിരിക്കുന്നു: ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്‌തുവില്‍ സ്‌ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്‌തിരിക്കുന്നതും ദൈവമാണ്. അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്‌മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്‌തിരിക്കുന്നു.
ക്രിസ്തു തന്റെ ആടുകളെ അടയാളപ്പെടുത്തുന്ന യഥാർത്ഥ "രാജകീയ മുദ്ര" എന്നവണ്ണമാണ് പരിശുദ്ധാത്മാവിന്റെ സ്ഥൈര്യലേപനത്തിലൂടെ കൈവരുന്ന പരിശുദ്ധാത്മാവിന്റെ "മായാത്ത സ്വഭാവത്തെക്കുറിച്ചുള്ള "പഠനത്തിന്റെ അടിസ്ഥാനം.
കാലക്രമേണ ഈ അഭിഷേകചടങ്ങു, ഒരു കൂദാശയുടെ രൂപമെടുത്തു, വിവിധ കാലഘട്ടങ്ങളിൽ സഭയുടെ വ്യത്യസ്ത ആചാരങ്ങളിലായി വ്യത്യസ്ത രൂപങ്ങളും ഉള്ളടക്കങ്ങളും സ്വീകരിച്ചു. സങ്കീർണ്ണമായ ആ ചരിത്രം ഇവിടെ പുനരാവിഷ്കരിക്കുവാൻ ആഗ്രഹമില്ല. സഭയുടെ ധാരണയിൽ സ്ഥൈര്യലേപനത്തിന്റെ കൂദാശ എന്താണെന്ന് ലളിതവും വ്യക്തവുമായ രീതിയിൽ, ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിദ്ധീകരിച്ച മുതിർന്നവർക്കുള്ള വേദപാദപഠന പുസ്തകത്തിൽ വിവരിക്കുന്നതായി എനിക്ക് തോന്നുന്നു. അത് ഇപ്രകാരമാണ്: ഓരോ വിശ്വാസിയും സഭയിൽ സ്വീകരിക്കുന്ന സ്ഥൈര്യലേപനം പന്തക്കുസ്താ അനുഭവം പ്രദാനം ചെയ്യുന്നു. ഇത് ജ്ഞാനസ്നാനം വഴിയായി ക്രിസ്തുവുമായും, സഭയുമായും സ്ഥാപിച്ച ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും, പ്രവാചക, പൗരോഹിത്യ പ്രേക്ഷിതഅഭിഷേകത്തെ ദൃഢമാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെ അവർണ്ണനീയത മനസിലാക്കിനൽകുകയും ചെയ്യുന്നു. ഇപ്രകാരം ജ്ഞാനസ്നാനം ജനനത്തിന്റെ കൂദാശയാണെങ്കിൽ, സ്ഥിരീകരണം വളർച്ചയുടെ കൂദാശയാണ് . ഇക്കാരണത്താൽ തന്നെ ഇത് സാക്ഷ്യത്തിന്റെ കൂദാശ കൂടിയാണ്, കാരണം ഇത് ക്രിസ്തീയ അസ്തിത്വത്തിന്റെ പക്വതയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
എന്നാൽ ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം അന്ത്യകൂദാശ എന്ന നിലയിലേക്ക്, സ്ഥൈര്യലേപനം എന്ന കൂദാശ യാഥാർഥ്യത്തിൽ ചുരുങ്ങുന്നു എന്നുള്ളതാണ്. കാരണം സ്ഥൈര്യലേപനത്തോടെ യുവാക്കൾ ദേവാലയത്തിൽ വരുന്നത് നിർത്തുന്നു, പിന്നീട് അവർ തിരികെ വരുന്നത് വിവാഹത്തജിനു വേണ്ടി മാത്രമാണ്. പക്ഷെ, സഭയുടെ ജീവിതത്തിൽ സജീവമായ പങ്കാളിത്തം ആരംഭിക്കുന്നതിനുള്ള പ്രാരംഭകൂദാശയാണ് സ്ഥൈര്യലേപനം. ഇപ്രകാരം സഭയിൽ സജീവ അംഗങ്ങളായി നാം മാറണം. സഭയിലുടനീളം നടക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് അസാധ്യമെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ അവയെ അനുഗമിക്കുന്നതിൽ നമുക്ക് മടുപ്പു തോന്നരുത്. സ്ഥൈര്യലേപനം സ്വീകരിക്കുന്ന എല്ലാവർക്കും ഇതേ അനുഭവം തന്നെ ഉണ്ടാകണമെന്നില്ല. എന്നാൽ വിവിധ സമൂഹങ്ങളെ നയിക്കുവാൻ വേണ്ടി തയ്യാറെടുക്കുന്നവർക്ക് ഈ അനുഭവം വളരെ പ്രധാനപ്പെട്ടതാണ്.
ഈ ലക്ഷ്യത്തിനായി, ക്രിസ്തുവുമായി വ്യക്തിപരമായി കണ്ടുമുട്ടുകയും ആത്മാവിന്റെ സാന്നിധ്യം അനുഭവിക്കുകയും ചെയ്യുന്ന അൽമായ സഹോദരങ്ങളെ ഈ പരിശീലനങ്ങളിൽ ഭരമേല്പിക്കുന്നത് ഏറെ ഉചിതമാണ്. കുട്ടിക്കാലത്ത് ലഭിച്ച സ്ഥൈര്യലേപനകൂദാശ, തുടർന്ന് കൊണ്ടുവന്ന നന്മകളെയും നിരവധിപേപ്പർ പങ്കുവയ്ക്കുന്നുണ്ട്.
ഇത് ഭാവിയിൽ ഈ കൂദാശ സ്വീകരിക്കുവർക്കു വേണ്ടി മാത്രമായുള്ള ഒന്നല്ല, മറിച്ച്, ഇത് നമ്മെ എല്ലാവരെയും എല്ലായ്പ്പോഴും ബാധിക്കുന്നു. സ്ഥൈര്യലേപനത്തിനും, അഭിഷേകത്തിനുമൊപ്പം , "ആത്മാവിന്റെ ആദ്യ ഫലങ്ങൾ" എന്ന് മറ്റൊരിടത്ത് വിളിക്കുന്ന ആത്മാവിന്റെ നിധിയും നമുക്ക് ലഭിച്ചിരിക്കുന്നു. നമുക്ക് ലഭിച്ച കഴിവുകളെയും, സിദ്ധികളെയും കുഴിച്ചുമൂടാതെ, ആത്മാവിന്റെ നിധി നേടുവാനും, ആദ്യഫലങ്ങൾ നുകരുവാനും നാം പരിശ്രമിക്കണം.
വിശുദ്ധ പൗലോസ് ശ്ലീഹ തൻ്റെ ശിഷ്യനായ തിമോത്തിയോസിനോട് "കൈ വയ്ക്കുന്നതിലൂടെ ലഭിച്ച ദൈവത്തിൻ്റെ ദാനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ" ഉദ്‌ബോധിപ്പിച്ചു. ഇവിടെ ഉപയോഗിച്ച ക്രിയ അതിന്റെ ജ്വാലയെ പുനരുജ്ജീവിപ്പിക്കാൻ തീയിൽ വീശുന്നവന്റെ രൂപം സൂചിപ്പിക്കുന്നു. ഇത് ജൂബിലി വർഷത്തിലെ മനോഹരമായ ഒരു നാഴികക്കല്ലാണ്! ശീലങ്ങളുടെയും, പിന്മാറ്റത്തിന്റെയും ചിതാഭസ്മം നീക്കം ചെയ്യാനും, ഒളിമ്പിക്സിലെ ദീപശിഖ വഹിക്കുന്നവരെപ്പോലെ ആത്മാവിന്റെ ജ്വാലയുടെ വാഹകരാകാനും. ഈ ദിശയിൽ ചുവടുകൾ വയ്ക്കാൻ ആത്മാവ് നമ്മെ സഹായിക്കട്ടെ!
പാപ്പായുടെ പ്രഭാഷണം അവസാനിച്ചപ്പോൾ, അതിന്റെ സംഗ്രഹം വിവിധ ഭാഷകളിൽ വായിക്കുകയും, തുടർന്ന് പാപ്പാ ആ ഭാഷക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്തു.
പ്രത്യേക അഭ്യർത്ഥനകളുടെ അവസരത്തിൽ, ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെയും, രോഗികളായവരെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നു അറിയിക്കുകയും ചെയ്തു. യുദ്ധത്തിന്റെ വിഷമതയിൽ ആയിരിക്കുന്ന രാജ്യങ്ങൾ, പ്രത്യേകമായി, ഉക്രൈൻ, ഇസ്രായേൽ, പലസ്തീൻ, മ്യാന്മാർ, വടക്കേകീവ് എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിക്കുകയും സമാധാനത്തിനുവേണ്ടി അഭ്യർത്ഥിക്കുകയും ചെയ്തു. യുദ്ധത്തിൽ മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ കാര്യവും പാപ്പാ എടുത്തു പറഞ്ഞു.
അഭ്യർത്ഥനകളുടെ അവസാനം, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഗാനരൂപത്തിൽ ലത്തീൻ ഭാഷയിൽ ആലപിക്കുകയും, തുടർന്ന് പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക ആശീർവാദവും നൽകുകയും ചെയ്‌തു. ആശീർവാദത്തിനു ശേഷം, പൊതുസദസിൽ സന്നിഹിതരായിരുന്ന മെത്രാന്മാരെ പ്രത്യേകം കണ്ടു അവരോട് സംസാരിച്ചു. ചത്വരത്തിൽ മുഴങ്ങിക്കേട്ട പ്രാർത്ഥനാഗാനത്തിന്റെ അകമ്പടിയോടുകൂടി പൊതുകൂടിക്കാഴ്ച്ചയ്ക്ക് വിരാമമായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: