പരിശുദ്ധാത്മസാന്നിധ്യം ജീവിതത്തിൽ തിരിച്ചറിയണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മഴമേഘങ്ങൾ തീർത്ത നിഴലിന്റെ കീഴിൽ അർക്കരശ്മികളുടെ നേർത്തരേഖകൾ വത്തിക്കാന്റെ പത്രോസിന്റെ ചത്വരത്തെ മനോഹരമാക്കിയ നവംബർ പതിനാറാം തീയതി ബുധനാഴ്ച രാവിലെ 9 മണിക്ക് പാപ്പായുടെ പതിവനുസരിച്ചുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു. പ്രാദേശിക സമയം രാവിലെ 8. 45, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.15-ന് വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിലേക്ക് പാപ്പാ തന്റെ തുറന്ന വാഹനത്തിലെ കസേരയിൽ ഇരുന്നുകൊണ്ട് കടന്നുവന്നപ്പോൾ തന്റെ ഇരുവശത്തുമായി സ്ഥാനം പിടിച്ചത് ഏതാനും ചില കുരുന്നുകളായിരുന്നു. അഭിമാനത്തോടെ ഇരിപ്പുറപ്പിച്ച കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷവും ചത്വരത്തിലെ ആളുകളുടെ സന്തോഷം ഇരട്ടിപ്പിച്ചു. 'ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുവിൻ അവരെ തടയേണ്ട'യെന്ന രണ്ടായിരം വർഷങ്ങൾക്ക് മുൻപുള്ള യേശുവിന്റെ വചനങ്ങൾക്ക് ജീവൻ നൽകുന്നതാണ് ഓരോ പൊതുകൂടിക്കാഴ്ചയുടെയും അവസരത്തിൽ പാപ്പായുടെ പ്രത്യേക സ്നേഹത്തിന് അർഹരാകുന്ന,പാപ്പായുടെ തലോടലിനും ചുംബനത്തിനും കാത്തുനിൽക്കുന്ന കുഞ്ഞുങ്ങളുടെ സാന്നിധ്യം
ചത്വരത്തിലേക്ക് വെള്ളനിറത്തിലുള്ള വാഹനത്തിന്റെ ചക്രം ഇറങ്ങിയതേ കൂടിയിരുന്ന ആളുകളുടെ ഹർഷാരവം മുഴങ്ങിത്തുടങ്ങി. ചത്വരത്തിൽ ആലപിക്കപ്പെട്ട ഗാനത്തിന്റെ ഈരടികൾക്ക് 'വീവ പാപ്പാ'യെന്ന ജനസഹസ്രത്തിന്റെ സ്വരവും അകമ്പടി സേവിച്ചപ്പോൾ ക്രിസ്തുവിന്റെ വികാരിയുടെ മാനുഷികവും ആത്മീയവുമായ സാന്നിധ്യം അനുഭവിക്കുവാനുള്ള വലിയ ആഗ്രഹത്തിന് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുകയായിരുന്നു. ചത്വരത്തിലെത്തിയ പാപ്പാ, ആളുകളെ അഭിവാദനം ചെയ്തു നീങ്ങവേ, ശിശുക്കൾക്ക് ചുംബനം നൽകുകയും അവരെ ആശീർവദിക്കുകയും ചെയ്തു. 9.00 മണിക്ക് പാപ്പാ പ്രധാന പീഠത്തിലെത്തി ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് ആരംഭം കുറിച്ചു. സ്വസ്ഥാനങ്ങളിൽ എല്ലാവരും ഇരുന്നയുടനെ ഇറ്റാലിയൻ ഭാഷയിൽ വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും വിശുദ്ധസ യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായം, പതിനഞ്ചു മുതൽ പതിനേഴു വരെയുള്ള വചനഭാഗം വായിക്കപ്പെട്ടു. തുടർന്ന് ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമ്മൻ,സ്പാനിഷ്,പോർച്ചുഗീസ്,അറബി,പോളിഷ് തുടങ്ങിയ പല ലോകഭാഷകളിലും അതേഭാഗം വായിക്കപ്പെട്ടു.
വചനങ്ങൾ ഇപ്രകാരമായിരുന്നു
"നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്‍െറ കല്‍പന പാലിക്കും. ഞാന്‍ പിതാവിനോട് അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്‌മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും."
വായനയെ തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചു
പ്രിയ സഹോദരീ സഹോദരന്മാരെ എന്ന തന്റെ പതിവു അഭിസംബോധനയോടെയാണ് ഫ്രാൻസിസ് പാപ്പാ ഇത്തവണയും തന്റെ പ്രബോധനം തുടങ്ങിയത്. വിശുദ്ധ ലിഖിതത്തിൽ പരിശുദ്ധാത്മാവിനെ കുറിച്ച് വെളിപ്പെടുത്തിപ്പെട്ടു കിട്ടിയ അറിവുകളിൽ, സഭാജീവിതത്തിൽ എപ്രകാരമാണ് സജീവമായുള്ള പരിശുദ്ധാത്മാവിന്റെ സാന്നിധ്യം മനസിലാക്കുവാൻ സാധിക്കുന്നത്? ഇതായിരുന്നു ഈ വാരത്തെ ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണപ്രമേയം. ആദ്യമൂന്നു നൂറ്റാണ്ടുകളിൽ, ഈ പരിശുദ്ധാത്മ സാന്നിധ്യം വ്യാഖ്യാനിച്ചുകൊടുക്കേണ്ട ആവശ്യം സഭയ്ക്ക് ആവശ്യമായി വന്നിരുന്നില്ല എന്ന സത്യം എടുത്തു പറഞ്ഞുകൊണ്ട്, ഫ്രാൻസിസ് പാപ്പാ ആദ്യകാലത്തു ചൊല്ലിയിരുന്ന വിശ്വാസപ്രമാണത്തിന്റെ ശകലങ്ങൾ ഉദ്ധരിച്ചു. സ്വർഗ്ഗസ്ഥനായ പിതാവിനെ പറ്റിയും, പുത്രനായ യേശുക്രിസ്തുവിനെ പറ്റിയും സ്രഷ്ടാവും, രക്ഷകനും എന്ന് വിവരിച്ചതിനു ശേഷം, പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നു എന്ന ഒറ്റ വചനം മാത്രമായിരുന്നു പ്രമാണത്തിൽ ഏറ്റുപറഞ്ഞിരുന്നത്. എന്നാൽ പരിശുദ്ധാത്മാവിന്റെ ദൈവീകതയെ കൂടുതലായി സഭ പഠിപ്പിക്കുന്നതിനും, വിശ്വാസപ്രമാണമായി ആളുകളിലേക്കെത്തിക്കുന്നതിനും ആരംഭിച്ചത്, വിവിധങ്ങളായ മതനിന്ദകൾ സഭയിൽ ഉടലെടുത്തു തുടങ്ങിയപ്പോഴാണ്. 381-ൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ കൗൺസിലിലാണ്, "പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന കർത്താവും ജീവദായകനുമായ പരിശുദ്ധാത്മാവിൽ ഞാൻ വിശ്വസിക്കുന്നു. പിതാവിനോടും പുത്രനോടും കൂടെ അവൻ ആരാധിക്കപ്പെടുകയും മഹത്വപ്പെടുത്തപ്പെടുകയും ചെയ്യുന്നു; അവൻ പ്രവാചകന്മാരിലൂടെ സംസാരിച്ചിരിക്കുന്നു", എന്നിങ്ങനെയുള്ള വിശ്വാസവചനകൾ കൂട്ടിച്ചേർക്കപ്പെട്ടത്.
ഇപ്രകാരം പരിശുദ്ധാത്മാവിന്റെ ദൈവീകത ഫ്രാൻസിസ് പാപ്പാ ഒരിക്കൽക്കൂടി തന്റെ പ്രഭാഷണത്തിലൂടെ ആളുകളെ പഠിപ്പിച്ചു. ദൈവത്തിന്റെ കർതൃത്വം പരിശുദ്ധാത്മാവും പങ്കിടുന്നു എന്നുള്ളതാണ് ഈ വിശ്വാസപ്രമാണത്തിന്റെ പൊരുളും, ഉള്ളടക്കവുമെന്നു പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ പിതാവായ ദൈവത്തിനും, പുത്രനായ ദൈവവത്തിനും നൽകുന്ന അതേ ബഹുമാനം പരിശുദ്ധാത്മാവിനും നൽകുന്നതിന് നാം കടപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പരിശുദ്ധാത്മാവിന്റെ ദൈവികതയെ കൂടുതൽ വ്യക്തമായി സ്ഥിരീകരിക്കുന്നതിന് തടസ്സമായ ചരിത്രപരമായ കാരണങ്ങൾ മറികടന്നുകഴിഞ്ഞാൽ, ഈ സംക്ഷിപ്തമായ നിർവചനം ജീവിതത്തിൽ ഒരു പുറപ്പെടലിന്റെ അനുഭവം നമുക്ക് പ്രദാനം ചെയ്യുമെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഇപ്രകാരം, സഭയിൽ കൂടുതൽ തീക്ഷ്ണമായി പരിശുദ്ധാത്മാവിനെ ആരാധിക്കുവാൻ തുടങ്ങുമെന്നും പാപ്പാ സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് പഠിപ്പിക്കുന്നു.
ഓരോ ഞായറാഴ്ചകളിലും വിശ്വാസപ്രമാണം ഏറ്റുചൊല്ലുന്ന നമുക്ക് എന്ത് ബോധ്യങ്ങൾ നൽകുന്നുവെന്ന് പാപ്പാ ചോദിച്ചു. പൗരസ്ത്യ സഭകളും, പാശ്ചാത്യ സഭകളും തമ്മിൽ, ‘പിതാവിൽ നിന്നും, പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്’ എന്നതിൽ നിലനിൽക്കുന്ന തർക്കവും പാപ്പാ എടുത്തു പറഞ്ഞു. എന്നാൽ രണ്ട് സഭകളും തമ്മിൽ സ്ഥാപിതമായ സംഭാഷണത്തിന്റെ അന്തരീക്ഷത്തിൽ, കഴിഞ്ഞ കാലഘട്ടത്തിലെ കഠിനത ലഘുവായിട്ടുണ്ടെന്നും, എന്നാൽ അതിനെ പറ്റിയുള്ള കൂടുതൽ വിശദീകരണങ്ങൾ പങ്കുവയ്ക്കുന്നത് ഉചിതമല്ലെന്നും പാപ്പാ പറഞ്ഞു. ക്രിസ്ത്യാനികൾക്കിടയിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, അവയ്ക്കിടയിൽ അനുരഞ്ജനത്തിന്റെ പുണ്യം ഉൾക്കൊണ്ടുകൊണ്ട്, ഒരുമിച്ചുനടക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു
ഈ പ്രതിബന്ധത്തെ അതിജീവിച്ച്, പരിശുദ്ധാത്മാവ് "ജീവദായക"മാണ്, അതായത് അവൻ ജീവൻ നൽകുന്നു എന്ന വിശ്വാസപ്രമാണ ഭാഗത്തെ പറ്റി കൂടുതൽ നാം ചിന്തിക്കണമെന്ന് പാപ്പാ പറഞ്ഞു. എന്ത് തരത്തിലുള്ള ജീവനാണ് പരിശുദ്ധാത്മാവ് നൽകുന്നതെന്നും പാപ്പാ ചോദിച്ചു? ഉത്പത്തി പുസ്തകത്തിൽ സൃഷ്ടികർമ്മ വേളയിൽ സന്നിഹിതനായിരുന്ന പരിശുദ്ധാത്മാവിനെയും, പൗലോസ് ശ്ലീഹ തന്റെ ലേഖനത്തിൽ പ്രത്യേകം എടുത്തു പറയുന്ന ജീവൻ പ്രദാനം ചെയ്യുന്ന പരിശുദ്ധാത്മാവിനെയും പാപ്പാ അടിവരയിട്ടു സൂചിപ്പിച്ചു. അതിനാൽ പരിശുദ്ധാത്മാവാണ് നമുക്ക് നിത്യജീവൻ നൽകുന്നതെന്ന വലിയ സത്യവും പാപ്പാ ഉദ്ബോധിപ്പിച്ചു. "യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്‍െറ ആത്‌മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്‍െറ ആത്‌മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും."പൗലോസ് ശ്ലീഹ റോമാക്കാർക്കെഴുതിയ ലേഖനത്തിലെ ഈ വചനങ്ങൾ എടുത്തു പറഞ്ഞുകൊണ്ട്, ഈ ലോകത്തിലെ ജീവിതത്തിനുമപ്പുറം മറ്റൊരു പറുദീസാ അനുഭവം നമ്മെ കാത്തിരിക്കുന്നുണ്ടെന്നു വിശ്വസിക്കുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ ഓർമിപ്പിക്കുന്നു.
പ്രത്യേക അഭ്യർത്ഥനകളുടെ അവസരത്തിൽ, ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെയും, രോഗികളായവരെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നു അറിയിക്കുകയും ചെയ്തു. യുദ്ധത്തിന്റെ വിഷമതയിൽ ആയിരിക്കുന്ന രാജ്യങ്ങൾ, പ്രത്യേകമായി, ഉക്രൈൻ, ഇസ്രായേൽ, പലസ്തീൻ, മ്യാന്മാർ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ചു. സമാധാനത്തിനു വേണ്ടി പോരാടുവാനും, പ്രാർത്ഥിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
അഭ്യർത്ഥനകളുടെ അവസാനം, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഗാനരൂപത്തിൽ ലത്തീൻ ഭാഷയിൽ ആലപിക്കുകയും, തുടർന്ന് പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക ആശീർവാദവും നൽകുകയും ചെയ്‌തു. ആശീർവാദത്തിനു ശേഷം, പൊതുസദസിൽ സന്നിഹിതരായിരുന്ന മെത്രാന്മാരെ പ്രത്യേകം കണ്ടു അവരോട് സംസാരിച്ചു. ചത്വരത്തിൽ മുഴങ്ങിക്കേട്ട പ്രാർത്ഥനാഗാനത്തിന്റെ അകമ്പടിയോടുകൂടി ഒക്ടോബർ മാസം പതിനാറാം തീയതിയിലെ പൊതുകൂടിക്കാഴ്ച്ചയ്ക്ക് വിരാമമായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: