ജീവന്റെ അടയാളം ചലനാത്മകതയാണ്: ഫ്രാൻസിസ് പാപ്പാ

പതിനാറാമത് മെത്രാൻ സിനഡിന്റെ പൊതുസമ്മേളനത്തിന്റെ ഉപസംഹാരത്തിൽ, ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വിശുദ്ധബലിയർപ്പിക്കപ്പെട്ടു. തദവസരത്തിൽ, ഫ്രാൻസിസ് പാപ്പാ, അജപാലനശുശ്രൂഷയിൽ സഭ എപ്പോഴും കർമ്മോദ്യുക്തമായിരിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് വചനസന്ദേശം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലത്തീൻ ആരാധനക്രമം ആണ്ടുവട്ടക്കാലം മുപ്പതാം ഞായാറാഴ്ച്ചയിൽ വായിച്ചുകേട്ട അന്ധനായ ബർത്തിമേയൂസിന്റെ ജീവിതം എടുത്തു പറഞ്ഞു കൊണ്ടാണ്, ഫ്രാൻസിസ് പാപ്പാ പതിനാറാമത് മെത്രാൻ സിനഡിന്റെ പൊതുസമ്മേളനത്തിന്റെ കൃതജ്ഞതാബലിയിൽ വചനസന്ദേശം നൽകിയത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ നടന്ന വിശുദ്ധ ബലിയിൽ, സിനഡ് അംഗങ്ങൾക്ക് പുറമെ, അയ്യായിരത്തിനുമേൽ വിശ്വാസികൾ സംബന്ധിച്ചു.

ജീവിതത്തിൽ നിരാശനും, ഉപേക്ഷിക്കപ്പെട്ടവനുമായ ബർത്തിമേയൂസിന്റെ നിലവിളിക്കുമുൻപിൽ, തന്റെ യാത്ര നിർത്തി അവനെ തന്റെ അരികിലേക്ക് ക്ഷണിക്കുന്ന യേശുവിന്റെ കരുണാർദ്രമായ സ്നേഹം എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ വചനസന്ദേശം ആരംഭിച്ചത്. സിനഡ് സമ്മേളനത്തിൽ അംഗങ്ങൾ തമ്മിൽ നടത്തിയ പങ്കുവയ്ക്കലിന്റെ നന്മകളും പാപ്പാ ചൂണ്ടിക്കാണിച്ചു. വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരിക്കുന്ന ബർത്തിമേയൂസ്, ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ടവരുടെ പ്രതീകമാണെന്നു പറഞ്ഞ പാപ്പാ, യഥാർത്ഥ ജീവിതത്തിൽ നിശ്ചലമായി ഇരിക്കുവാൻ സാധിക്കുകയില്ല എന്ന് പറഞ്ഞു. അതിനാൽ ജീവിക്കുക എന്നാൽ എപ്പോഴും ചലനാത്മകത കാത്തുസൂക്ഷിക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്നും, ഇതിനായി പുറപ്പെടുവാനും, സ്വപ്നം കാണുവാനും, ആസൂത്രണങ്ങൾ നടത്തുവാനും, ഭാവിയിലേക്കുള്ള വിശാല പാത തുറക്കുവാനും നമുക്ക് സാധിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

എന്നാൽ പ്രത്യാശയില്ലാതെ ജീവിതത്തിന്റെ അരികുകളിൽ നിശ്ചലരാക്കുന്ന ആന്തരിക അന്ധതയെയാണ് ബർത്തിമേയൂസ് പ്രതിനിധീകരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. "ഇത് നമ്മുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് മാത്രമല്ല, കർത്താവിന്റെ സഭ എന്ന നിലയിലും ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും", പാപ്പാ അടിവരയിട്ടു പറഞ്ഞു. കർത്താവിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയാതെ, യാഥാർത്ഥ്യത്തിന്റെ വെല്ലുവിളികളെ നേരിടാൻ തയാറാകാതെ വരുമ്പോൾ നാമും ബർത്തിമേയൂസിനെപോലെ അന്ധരായി തീരുന്നുവെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. അതുപോലെ തന്നെ ബർത്തിമേയൂസിനോട് പ്രതികരിക്കുന്ന യേശുവിന്റെ മാതൃകയും പാപ്പാ എടുത്തു പറഞ്ഞു. നമ്മോട് നിലവിളിക്കുന്ന നിരവധി ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പോകുന്നത് ഏറെ ദൗർഭാഗ്യകരമെന്ന് പറഞ്ഞ പാപ്പാ, ഇന്നത്തെ കാലഘട്ടം പങ്കുവയ്ക്കുന്ന മുറിവുകളുടെയും, വേദനകളുടെയും സമസ്യകളോട്, ഉദാസീനമായി ഇരിക്കുവാൻ നാം പരിശ്രമിക്കരുതെന്നും അടിവരയിട്ടു.

അടഞ്ഞ ഹൃദയം എന്ന് വിളിക്കാവുന്ന അന്ധതയിൽ ഇരിക്കാതിരിക്കാൻ പരിശുദ്ധാത്മാവിനെ  നൽകണമേയെന്നു പ്രാർത്ഥിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. അന്ധരാണെങ്കിലും, കർത്താവിന്റെ കാലടിപ്പാടുകൾ ശ്രദ്ധിച്ചും, ശ്രവിച്ചും അവനോട് യാചിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യവും പാപ്പാ ഉന്നയിച്ചു. കർത്താവ് കടന്നുപോകുന്നത് കേട്ട് രക്ഷയുടെ ആവേശം അനുഭവിക്കുന്ന, സുവിശേഷത്തിന്റെ ശക്തിയാൽ സ്വയം ഉണർന്ന് അവനോട് നിലവിളിക്കാൻ തുടങ്ങുന്ന ശിഷ്യന്മാരുടെ സമൂഹമാകണം സഭയെന്നും പാപ്പാ പറഞ്ഞു. ഇന്ന് നമുക്ക് വേണ്ടത് ഇരുന്ന് ത്യാഗം ചെയ്യുന്ന ഒരു സഭയല്ല, മറിച്ച് ലോകത്തിന്റെ നിലവിളി കേൾക്കുന്ന ഒരു സഭയാണെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് യേശുവിനെ പിഞ്ചെല്ലുന്ന ബർത്തിമേയൂസിന്റെ മാതൃകയും പാപ്പാ ചൂണ്ടിക്കാട്ടി. ജീവിതത്തിൽ ഇരുന്നുപോയ നിമിഷങ്ങൾ ഉണ്ടായാലും, ഒരു സഭ എന്ന നിലയിൽ  എഴുന്നേറ്റ് നമ്മുടെ യാത്ര പുനരാരംഭിക്കാൻ ആവശ്യമായ ശക്തിയും ധൈര്യവും സംഭരിക്കുവാൻ സാധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കർത്താവ് നമ്മെ വിളിക്കുന്നു, നാം ഇരിക്കുമ്പോഴോ വീഴുമ്പോഴോ അവൻ നമ്മെ ഉയർത്തുന്നു ഇതാണ് യഥാർത്ഥ സിനഡൽ സഭയുടെ ചിത്രമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സുവിശേഷത്തിന്റെ വെളിച്ചത്തിൽ ലോകത്തിന്റെ അസ്വസ്ഥതയും കഷ്ടപ്പാടും ഉൾക്കൊണ്ടുകൊണ്ട്, എഴുന്നേറ്റു കർത്താവിനെ അനുഗമിക്കുവാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

"സഹോദരീ സഹോദരന്മാരേ  , ഇരിക്കുന്ന സഭയല്ല, നില്ക്കുന്ന സഭയാണ്. നിശ്ശബ്ദ സഭയല്ല,  മറിച്ച് മാനവികതയുടെ നിലവിളി ഏറ്റെടുക്കുന്ന സഭയാണ്. അന്ധമായ സഭയല്ല, മറിച്ച് സുവിശേഷത്തിന്റെ വെളിച്ചം മറ്റുള്ളവരിലേക്ക് കൊണ്ടുവരുന്ന ക്രിസ്തുവിനാൽ പ്രബുദ്ധമായ ഒരു സഭ. നിശ്ചലമായ ഒരു സഭയല്ല, മറിച്ച് ലോകത്തിന്റെ പാതകളിലൂടെ കർത്താവിനോടൊപ്പം നടക്കുന്ന ഒരു മിഷനറി സഭയാണ് നമുക്ക് ആവശ്യം ", പരിശുദ്ധ പിതാവ് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞു. ആത്മാവിന്റെ ദാനത്തിൽ പ്രാമുഖ്യം ഉള്ള, നമ്മെ ക്രിസ്തുവിൽ സഹോദരീസഹോദരന്മാരാക്കുകയും നമ്മെ അവനിലേക്ക് ഉയർത്തുകയും ചെയ്യുന്ന ഒരു സമൂഹമാണ് യഥാർത്ഥ സിനഡൽ സഭയെന്നും പാപ്പാ ഉപസംഹാരമായി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2024, 14:32