യുദ്ധഭീകരതയിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജപമാല പ്രാർത്ഥനയ്ക്കായി പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടിയുള്ള പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ അമ്മയുടെ കരങ്ങളിൽ വിശ്വാസപൂർവ്വം തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും, അനുദിനം ജപമാല പ്രാർത്ഥന അർപ്പിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ ഒക്ടോബർ ഒൻപത് ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ലോകസമാധാനത്തിനായി മാതാവിനോടുള്ള പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.
യുദ്ധമെന്ന ഭ്രാന്തിന്റെ ദുരിതങ്ങൾ ഏറ്റുവാങ്ങുന്ന എല്ലാ ജനതകളെയും, സമാധാനത്തിനായുള്ള മാനവികതയുടെ ആഗ്രഹത്തെയും പരിശുദ്ധ അമ്മയ്ക്ക് പാപ്പാ സമർപ്പിച്ചു. യുദ്ധങ്ങളുടെയും സായുധസംഘർഷങ്ങളുടെയും ഇടയിൽ ജീവിക്കുന്ന ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, മ്യാന്മാർ, സുഡാൻ എന്നിവടങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചു.
അറബ് ഭാഷ സംസാരിക്കുന്ന വിശ്വാസികളെ അഭിസംബോധന ചെയ്യവേ, ദൈവം നാമെല്ലാവരെയും സഭയുടെ നന്മയ്ക്കായുള്ള ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഉപകാരണങ്ങളാക്കി മാറ്റട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഏതാണ്ട് ഇരുപത്തയ്യായിരത്തോളം ആളുകളാണ് ഫ്രാൻസിസ് പാപ്പായുടെ ഇത്തവണത്തെ പൊതുകൂടിക്കാഴ്ചയിൽ സംബന്ധിച്ചത്.
പാലസ്തീനാ-ഇസ്രായേൽ സംഘർഷങ്ങൾക്ക് തുടക്കമിട്ട ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഒക്ടോബർ ഏഴ് തിങ്കളാഴ്ച ലോകസമാധാനത്തിനായി ഉപവസിച്ചു പ്രാർത്ഥിക്കുവാൻ പ്രാർത്ഥിക്കുവാൻ മെത്രാന്മാരുടെ സിനഡിന്റെ ആരംഭത്തിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിമധ്യേ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തിരുന്നു. അന്നേ ദിവസം അറിയിച്ചിരുന്നതുപോലെ, ഒക്ടോബർ ആറാം തീയതി ഞായറാഴ്ച പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തി സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: