ജി 7 സമ്മേളനം ജി 7 സമ്മേളനം   (ANSA)

രാഷ്ട്രീയം കാരുണ്യത്തിന്റെ പ്രതിരൂപമാകണം: പാപ്പാ

ജി 7 രാജ്യങ്ങളിൽ നിന്നുള്ള മാനവിക വികസനത്തിനായുള്ള മന്ത്രിമാരുടെ സമ്മേളനം ഇറ്റലിയിലെ പെസ്കാരയിൽ നടക്കുന്ന പശ്ചാത്തലത്തിൽ, വിവിധ രാജ്യങ്ങളിൽ സേവനം ചെയ്യുന്ന ഇറ്റാലിയൻ മിഷനറിമാരുടെ സംഗമത്തിന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി എഴുതപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിക്കപ്പെട്ടു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

 വിശാലമായ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിദ്യാഭ്യാസ സംരംഭങ്ങളെ പിന്തുണയ്ക്കണമെന്നുള്ള അഭ്യർത്ഥന ഒരിക്കൽകൂടി പുതുക്കിക്കൊണ്ട്, ജി 7 രാജ്യങ്ങളിൽ നിന്നുള്ള മാനവിക വികസനത്തിനായുള്ള മന്ത്രിമാരുടെ സമ്മേളനം ഇറ്റലിയിലെ പെസ്കാരയിൽ  നടക്കുന്ന പശ്ചാത്തലത്തിൽ, വിവിധ രാജ്യങ്ങളിൽ സേവനം ചെയ്യുന്ന ഇറ്റാലിയൻ മിഷനറിമാരുടെ സംഗമത്തിൽ, ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിക്കപ്പെട്ടു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ് സന്ദേശത്തിൽ ഒപ്പുവച്ചിരിക്കുന്നത്. ഭൗതികമായി മാത്രമല്ല, എല്ലാറ്റിനുമുപരി മാനുഷികവും ആത്മീയവുമായ അസാധാരണമായ സാധ്യതകളുള്ള വിശാലമായ മേഖലയാണ് ആഫ്രിക്കൻ ഭൂഖണ്ഡമെന്നും, അവിടെ ഉള്ള സാധാരണക്കാർക്ക് വിജ്ഞാനം പങ്കുവയ്ക്കുവാൻ ഉതകും വിധം വികസനപ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും  കൂട്ടായ സഹകരണം ഉണ്ടാകണമെന്നും പാപ്പായുടെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു.

അറിവും സാങ്കേതികവിദ്യകളും പങ്കുവയ്ക്കുവാൻ മിഷനറിമാർ നടത്തുന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളെയും സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ബഹുഭൂരിപക്ഷവും ചെറുപ്പക്കാരായ ഒരു ഭൂഖണ്ഡത്തിന്റെ സമ്പന്നമായ മനുഷ്യ മൂലധനം വർധിപ്പിക്കുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു. എന്നാൽ പ്രാഥമിക  വിദ്യാഭ്യാസം പോലും നേടുവാൻ കഴിയാത്ത കുട്ടികളുടെ അവസ്ഥ ദയനീയമാണെന്നും, അതിനാൽ ഇത് നാടകീയമായ ഒരു അവസ്ഥ ഭൂഖണ്ഡത്തിൽ സംജാതമാക്കുമെന്നും പാപ്പാ പറഞ്ഞു. 2024 വിദ്യാഭ്യാസ വർഷമായി പ്രഖ്യാപിക്കാൻ ആഫ്രിക്കൻ യൂണിയൻ പ്രഖ്യാപിച്ചുവെങ്കിലും, അതിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കാതെപോകുന്നത് ഏറെ സങ്കടകരമാണെന്നും, അതിനാൽ അവരെ സഹായിക്കുവാൻ ജി 7 രാജ്യങ്ങൾ സഹകരിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.

ധനസഹായവും, ദാരിദ്ര്യനിർമ്മാർജ്ജനവും, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസവും, ആരോഗ്യപരിപാലനവും, സമാധാനസംസ്ഥാപനവും ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഏറെ അത്യന്താപേക്ഷിതമെന്നും സന്ദേശത്തിൽ കൂട്ടിച്ചേർക്കുന്നു. "പ്രാർത്ഥന കഴിഞ്ഞാൽ, രാഷ്ട്രീയം കാരുണ്യത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണെന്നുള്ള" വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പ്രതിബദ്ധതകളെ പറ്റി കൂടുതൽ ഉണർവ്വുള്ളവരായിക്കൊണ്ട്, സർക്കാരിതര സംഘടനകളുടെയും, സാമൂഹിക സംഘടനകളുടെയും സഹായത്തോടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുവാൻ സാധിക്കണമെന്നും, ഇതിൽ വിശ്വാസമർപ്പിക്കുവെന്നും  പറഞ്ഞുകൊണ്ടാണ്, ഫ്രാൻസിസ് പാപ്പായുടെ സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2024, 14:54