അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ  (Vatican Media)

സുവിശേഷത്തിന്റെ വെളിച്ചം ഇനിയും ധാരാളമിടങ്ങളിൽ ആവശ്യമാണ്: പാപ്പാ

പാഷനിസ്റ്റ് വൈദികരുടെ പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി കൂടിക്കാഴ്ച നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഏറെ പ്രക്ഷുബ്ധമായ സാഹചര്യം ലോകം മുഴുവൻ നിലനിൽക്കുന്ന അവസ്ഥയിൽ , നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിന് വേണ്ടി ഒരുമിച്ചുകൂടിയ പാഷനിസ്റ്റ് വൈദികരുടെ പൊതുചാപ്റ്ററിൽ അംഗങ്ങളായവരുമായി  ഫ്രാൻസിസ് പാപ്പാ ഒക്ടോബർ മാസം ഇരുപത്തിയഞ്ചാം തീയതി പ്രാദേശികസമയം രാവിലെ, വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. "ഞാൻ ആരെ അയക്കും, ആരു  നമുക്കു വേണ്ടി പോകും?" എന്ന ഏശയ്യാ പ്രവാചകന്റെ വചനങ്ങളും, "വിളവെടുപ്പിന് തൊഴിലാളികളെ അയയ്ക്കാൻ വിളവെടുപ്പിന്റെ നാഥനോട്  പ്രാർഥിക്കുക" എന്ന ലൂക്കാ സുവിശേഷകന്റെ വചനങ്ങളും എടുത്തുപറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. തുടർന്ന്, അംഗങ്ങളായവർ വരുന്ന ഭൂഖണ്ഡങ്ങളെപ്പറ്റി പാപ്പാ ചോദിച്ചു. ഏഷ്യയിൽ നിന്നുമായിരുന്നു ഏറിയ അംഗങ്ങളും. യേശുവിന്റെ സുവിശേഷം സാധ്യമായ രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതാണ് മിഷനറി ദൗത്യമെന്നും ഇതാണ് ആസന്നമാകുന്ന ജൂബിലിയുടെ ലക്ഷ്യമെന്നും പാപ്പാ പറഞ്ഞു.

ആളുകളെ കണ്ടുമുട്ടുന്നതിനും ആരെയും കൈവിടാത്ത കർത്താവുമായുള്ള കണ്ടുമുട്ടലിനും സൗകര്യമൊരുക്കുന്നതിന് കൂടുതൽ വഴികൾ തുറക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.  അതിനാൽ, ലോകത്തിന്റെ തെരുവുകളിലേക്കും ചത്വരങ്ങളിലേക്കും ഇടവഴികളിലേക്കും ഇറങ്ങിച്ചെല്ലേണ്ടത് ആവശ്യമാണെന്നും, ഇതിനു പരസ്പരമുള്ള സാഹോദര്യ ബന്ധവും, പിന്തുണയും, ധ്യാനാത്മക ജീവിതവും ഒഴിച്ചുകൂടാനാവാത്തതാണെന്നും പാപ്പാ പറഞ്ഞു.

പ്രവർത്തനങ്ങളിൽ ധ്യാനാത്മക ജീവിതം ഉപേക്ഷിക്കരുതെന്നും, ഇത് കർത്താവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരുമിച്ചു നടക്കുന്നതിലൂടെയാണ് സാധ്യമാകുന്നതെന്നും പാപ്പാ പറഞ്ഞു. യേശുവിന്റെ ക്രൂശിലെ മരണം ദൈവസ്നേഹത്തിന്റെ പരമോന്നത പ്രകടനമാണ് എന്നതായിരുന്നു പാഷനിസ്റ്റ് സഭയുടെ സ്ഥാപകനായ കുരിശിലെ വിശുദ്ധ പൗലോസിന്റെ ബോദ്ധ്യമെന്നും, അത്, സഹനങ്ങൾ സഹിക്കുവാൻ ഒരുവനെ സഹായിക്കുന്ന ഊർജ്ജമായി അദ്ദേഹത്തിന് മാറിയെന്നും പാപ്പാ പറഞ്ഞു.

നമ്മുടെ കാലത്തെ കഷ്ടപ്പാടുകളിൽ ക്രൂശിക്കപ്പെട്ടതും ഉയിർത്തെഴുന്നേറ്റതുമായ യേശുവിന്റെ സാനിധ്യത്തിൽ വളരുന്നതിനും, ദുർബലരെ ചേർത്തുനിർത്തുന്നതിനും എല്ലാവർക്കും  സാധിക്കണമെന്നും പാപ്പാ ആശംസിച്ചു. നമ്മുടെ സഹോദരീസഹോദരന്മാരുടെ വേദന അർത്ഥശൂന്യമായി മാറാതിരിക്കുവാൻ, സ്‌നേഹത്താൽ ആ വേദനകളുടെ അർത്ഥം  തിരിച്ചറിയുവാൻ സാധിക്കണമെന്നും പാപ്പാ പറഞ്ഞു. മെത്രാൻ സിനഡും, ജൂബിലി വർഷവും എല്ലാം ഒത്തുചേരുന്ന ഈ അവസരത്തിൽ,  നിത്യജീവനിലേക്കുള്ള പ്രത്യാശയുടെ വഴിയിലേക്ക് എല്ലാവരെയും നയിക്കുവാൻ സഭയ്ക്കുള്ള ഉത്തരവാദിത്വത്തെയും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2024, 14:48