തിരയുക

സ്‌കലാബ്രിനിയൻ മിഷനറി സഭയുടെ പൊതു ചാപ്റ്റർ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ സ്‌കലാബ്രിനിയൻ മിഷനറി സഭയുടെ പൊതു ചാപ്റ്റർ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

സ്കലാബ്രിനിയൻ വ്യക്തിപ്രഭാവം സഭയിൽ സജീവമാണ്: ഫ്രാൻസിസ് പാപ്പാ

സ്‌കലാബ്രിനിയൻ മിഷനറികളുടെ പൊതു ചാപ്റ്ററിൽ അംഗങ്ങളായവരുമായി ഒക്ടോബർ മാസം ഇരുപത്തിയെട്ടാം തീയതി, ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അഭയാർത്ഥികൾക്കും, കുടിയേറ്റക്കാർക്കും വേണ്ടി സേവനം ചെയ്യുന്ന സ്‌കലാബ്രിനിയൻ മിഷനറി സഭയുടെ പൊതു ചാപ്റ്ററിൽ അംഗങ്ങളായവരെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർ ചെയ്യുന്ന നിസ്വാർത്ഥമായ സേവനങ്ങൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. സെൻ്റ് ജോവാന്നി ബത്തിസ്ത്ത സ്കാലാബ്രിനി 1887 ൽ സ്ഥാപിച്ച ഈ സഭ, കുടിയേറ്റക്കാർക്കിടയിൽ ആത്‌മീയവും, ഭൗതീകവുമായ സേവനങ്ങൾ നൽകുന്നതിൽ ഏറെ ശ്രദ്ധ കാണിക്കുന്നു. "പ്രത്യാശയുടെ തീർത്ഥാടകർ"  എന്ന 2025 ജൂബിലി വർഷത്തെ ആപ്തവാക്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എടുത്ത  പതിനാറാമത് പൊതുചാപ്റ്ററിന്റെ ചിന്താവിഷയവും പാപ്പാ പ്രത്യേകം പരാമർശിച്ചു.

കുടിയേറ്റം എന്ന ആശയം പങ്കുവച്ചപ്പോൾ, ഫ്രാൻസിസ് പാപ്പാ താനും ഒരു കുടിയേറ്റക്കാരുടെ മകനാണെന്നും, പ്രതീക്ഷയാണ് ഓരോ കുടിയേറ്റത്തിന്റെയും പ്രേരകശക്തിയെന്നും പറഞ്ഞു. കുടിയേറ്റക്കാർ പ്രത്യാശയുടെ അധ്യാപകരെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. ഭാവിക്കായുള്ള അന്വേഷണം, മാത്രമല്ല, വംശങ്ങൾക്കും അവസ്ഥകൾക്കും അതീതമായി എല്ലാവരെയും ഒന്നിപ്പിക്കുന്ന രക്ഷയുടെ ആവശ്യകത കുടിയേറ്റം പ്രകടമാക്കുന്നുവെന്നും പാപ്പാ പറഞ്ഞു. രക്ഷയുടെ ചരിത്രം തന്നെ കുടിയേറ്റക്കാരുടെ, മറ്റിടങ്ങളിലേക്ക് യാത്രയാവുന്ന ജനങ്ങളുടെ ചരിത്രമാണെന്ന് നാം മറക്കരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കുടിയേറ്റക്കാർക്കിടയിൽ പ്രത്യാശയുടെ അജപാലന ശുശ്രൂഷ ആവശ്യമെന്നും പാപ്പാ പറഞ്ഞു. മനുഷ്യത്വരഹിതമായ അനീതികളും അക്രമങ്ങളും  ജീവിതത്തിൽ അനുഭവിച്ചവരും, നിരാശയുടെ നിഴലിൽ കഴിയുന്നവരുമായ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യണമെന്നു പാപ്പാ പറഞ്ഞു. അവർ ഏറ്റെടുത്ത യാത്രകൾ തുടരാൻ ആവശ്യമായ ശക്തിയും പിന്തുണയും നൽകിക്കൊണ്ട്, അവരുടെ തീവ്രമായ ശാരീരികവും, ആത്മീയവും,  മാനസികവുമായ ദുർബലതയെ  പരിപാലിക്കേണ്ടതിന്റെ  ആവശ്യകത പാപ്പാ എടുത്തു കാണിച്ചു.

വലിയ നിർഭാഗ്യങ്ങളുടെ ഭാരത്തിൽ ലോകം ഞരങ്ങുമ്പോൾ, ദാരുണവും അന്യായവുമായ അസമത്വങ്ങൾ കാരണം രാജ്യം വിടുന്നവർക്ക്  ആവശ്യമായ സഹായങ്ങൾ  നൽകുവാൻ സാധിക്കണമെന്നു പാപ്പാ പറഞ്ഞു. സെൻ്റ് ജോവാന്നി ബത്തിസ്ത്ത സ്കാലാബ്രിനിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ സംസാരിച്ചത്. തങ്ങളുടെ അഭിവൃദ്ധി സംരക്ഷിക്കുന്നവരുടെ താൽപ്പര്യങ്ങളും, പട്ടിണിയിൽ നിന്നും പീഡനത്തിൽ നിന്നും രക്ഷപ്പെട്ട് അതിജീവിക്കാൻ ശ്രമിക്കുന്നവരുടെ പോരാട്ടവും തമ്മിലുള്ള നാടകീയമായ ഏറ്റുമുട്ടലുകളാണ് ഇന്ന് ലോകത്തിൽ അരങ്ങേറുന്നതെന്നു പാപ്പാ പറഞ്ഞു. ഈ സേവനത്തിൽ, സ്കലാബ്രിനിയൻ വ്യക്തിപ്രഭാവം സഭയിൽ സജീവമാണെന്നും ഇതിനു ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ചെറുപ്പക്കാർ സാക്ഷികളാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2024, 14:26