വിശുദ്ധ ബൊനവഞ്ച്വറും തോമസ് അക്വീനാസും വലിയ ആദ്ധ്യാത്മിക ഉദ്‌ബോധകർ: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സഭയുടെ ബൗദ്ധിക, ആധ്യാത്മിക, വിജ്ഞാനതലങ്ങളിൽ വലിയ സംഭാവനകൾ നൽകിയ അദ്ധ്യാപകരാണ് വിശുദ്ധ ബൊനവഞ്ച്വറും തോമസ് അക്വീനാസുമെന്ന് ഫ്രാൻസിസ് പാപ്പാ. സഭയുടെ വളർച്ചയിൽ പ്രകാശവും പ്രചോദനവുമായിരുന്നു ഇരുവരുടെയും കൃതികളും പ്രബോധനങ്ങളുമെന്ന് പാപ്പാ സാക്ഷ്യപ്പെടുത്തി. വിശുദ്ധ ബൊനവഞ്ച്വറിന്റെയും തോമസ് അക്വീനാസിന്റെയും മരണത്തിന്റെ എഴുന്നൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ച്, വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറി നടത്തുന്ന പ്രദർശനപരിപാടിയുമായി ബന്ധപ്പെട്ടു നൽകിയ സന്ദേശത്തിലാണ്, ദൈവ, ആധ്യാത്മിക ശാസ്ത്രങ്ങളുൾപ്പെടെയുള്ള മേഖലകളിൽ ഏറെ വലിയ സംഭാവനകൾ നൽകിയ ഇരു വിശുദ്ധരെയും പ്രശംസിച്ചുകൊണ്ട് പാപ്പാ എഴുതിയത്.
വിശുദ്ധ ബൊനവഞ്ച്വറും തോമസ് അക്വീനാസും നിത്യതയിലേക്ക് പ്രത്യാശയോടെ നോക്കാൻ നമ്മെ പഠിപ്പിച്ചുവെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. വിശ്വാസത്തോടെ ഈ ലോകജീവിതത്ത ഒരു തീർത്ഥാടനമായി കണ്ട് ജീവിക്കാനും, അറിവിന്റെയും ജ്ഞാനത്തിന്റെയും കാരുണ്യപ്രവർത്തികളുടെയും വഴികളിലൂടെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി നടക്കാനുമാണ് ഇരുവരും പഠിപ്പിച്ചത്.
ബുദ്ധിയെ വിശ്വാസത്താൽ പ്രകാശിതമാക്കാനും, അതുവഴി സ്വർഗ്ഗത്തെ ലക്ഷ്യമാക്കി നടക്കാനും വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുമ്പോൾ, പ്രകൃതിയും, സൃഷ്ടിലോകവും, ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നതിന് നമ്മെ പ്രരിപ്പിക്കുന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്നും, ക്രിസ്തുവിലേക്കുള്ള നമ്മുടെ തീർത്ഥാടനത്തിൽ, ഇവരുടെ ഉദ്ബോധനങ്ങൾ നമുക്ക് തുണയാണെന്നും പാപ്പാ എഴുതി.
തങ്ങളുടെ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലങ്ങൾ തങ്ങൾക്കായി മാത്രം മാറ്റിവയ്ക്കാതെ, അജപാലന, മിഷനറി തീക്ഷ്ണതയോടെ അവ നമുക്കായി പങ്കുവയ്ക്കുന്നതിനും ഇരുവരും ശ്രദ്ധ കാണിച്ചുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സഭയ്ക്കും സംസ്കാരത്തിനും പ്രകാശവും പ്രചോദനവുമേകുന്ന ജീവിതങ്ങളാണ് ഇരുവിശുദ്ധരുടേതുമെന്ന് പാപ്പാ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: