പാവപ്പെട്ടവർക്കൊപ്പം ഭക്ഷണം പങ്കിടുന്ന പാപ്പാ പാവപ്പെട്ടവർക്കൊപ്പം ഭക്ഷണം പങ്കിടുന്ന പാപ്പാ  (VATICAN MEDIA Divisione Foto)

ഏവർക്കും ഭക്ഷണമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം

പട്ടിണിയും ദാരിദ്ര്യവും സമൂഹത്തിൽനിന്ന് തുടച്ചുമാറ്റാനും ചെറുകിടകർഷകരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഏവർക്കും ഭക്ഷണമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ സഭ എന്നും പരിശ്രമിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ സംഘടനകളിൽ ഒന്നായ ഭക്ഷ്യ കാർഷിക സംഘടനയ്ക്കയച്ച (FAO) സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പട്ടിണിയും ദാരിദ്ര്യവും എന്നന്നേക്കുമായി ഇല്ലാതാക്കാനും ഏവർക്കും ഭഷ്യസുരക്ഷ ഉറപ്പാക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16-ന് റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയ്ക്കയച്ച  (FAO) സന്ദേശത്തിലാണ് പട്ടിണിയെന്ന ദുരിതം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്. സൈനികചിലവുകളുടെ പേരിൽ വിനിയോഗിക്കപ്പെടുന്ന ധനം, പാവപ്പെട്ടവർക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനും, ആരോഗ്യപരിരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഇതേദിവസം എക്‌സിൽ കുറിച്ച ഒരു സന്ദേശത്തിലൂടെയും പാപ്പാ ഉദ്ബോദിപ്പിച്ചിരുന്നു.

ഭക്ഷ്യശൃംഖലയുടെ അവസാനകണ്ണിയായി നിൽക്കുന്ന ചെറുകിട കർഷകരുടെയും, മറ്റുള്ളവർക്ക് ഭക്ഷണമേകുന്ന കുടുംബങ്ങളുടെയും, സംഘടനകളുടെയും ആവശ്യങ്ങൾക്ക് ചെവികൊടുക്കാൻ അന്താരാഷ്ട്രവിപണനരംഗത്ത് പ്രവർത്തിക്കുന്നവരോടും സാമ്പത്തികനേതൃത്വങ്ങളോടും തന്റെ സന്ദേശത്തിൽ പാപ്പാ ആവശ്യപ്പെട്ടു. ഇത്തരം ആളുകളുടെ ആവശ്യങ്ങൾ സാധിതമാക്കുന്ന തീരുമാനങ്ങളാണ് കൊണ്ടുവരേണ്ടത്.

സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഏവർക്കും പോഷകാഹാരലഭ്യത ഉറപ്പുവരുത്താൻ സമൂഹത്തിൽ ഐക്യദാർഢ്യത്തിന്റെയും നീതിയുടെയും മൂല്യങ്ങൾ വളർത്തിയെടുക്കണമെന്നും, ഭക്ഷ്യവ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തണമെന്നും തന്റെ സന്ദേശത്തിൽ പാപ്പാ എഴുതി. ഏവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള പ്രയത്നങ്ങളിൽ, പ്രകൃതിയുടെ പരിപാലനത്തിനും സംരക്ഷണത്തിനും മുൻഗണന കൊടുക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

ലോകത്തുനിന്ന് പട്ടിണിയും ദാരിദ്ര്യവും തുടച്ചുമാറ്റുന്നതിൽ, ഭക്ഷ്യ കാർഷിക സംഘടനയ്ക്കും ഇതരസംഘടനകൾക്കും സഭ നൽകിവരുന്ന പിന്തുണ തുടരുമെന്ന് പാപ്പാ ഉറപ്പുനൽകി. ഏവർക്കും ഭക്ഷണം ഉറപ്പുവരുത്താൻ വേണ്ടിയുള്ള ശ്രേഷ്ഠമായ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പാപ്പാ ദൈവാനുഗ്രഹങ്ങൾ ആശംസിക്കുകയും ചെയ്‌തു. ഭക്ഷ്യ കാർഷിക സംഘടനയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ ചീക്ക അരെയ്യാനോ ആണ് പാപ്പായുടെ സന്ദേശം സമ്മേളനത്തിൽ വായിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2024, 16:20