തിരയുക

വിശുദ്ധ ബലിമധ്യേ ഫ്രാൻസിസ് പാപ്പാ വിശുദ്ധ ബലിമധ്യേ ഫ്രാൻസിസ് പാപ്പാ   (AFP or licensors)

'അവൻ നമ്മെ സ്നേഹിച്ചു'- 'ദിലെക്സിത്ത് നോസ്' ഫ്രാൻസിസ് പാപ്പായുടെ നാലാം ചാക്രികലേഖനം

യേശുവിൻ്റെ ഹൃദയത്തോടുള്ള ഭക്തിയെ അധികരിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനം ഒക്ടോബർ ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കും. കഴിഞ്ഞ ജൂൺ മാസത്തിലെ പൊതുകൂടിക്കാഴ്ചാവേളയിൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഫ്രാൻസിസ് പാപ്പാ നൽകിയിരുന്നു.

സാൽവത്തോരെ ചെർനൂത്സിയോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1673 ൽ യേശുവിന്റെ തിരുഹൃദയത്തിന്റെ ആദ്യവെളിപ്പെടുത്തൽ  നടന്നതിന്റെ 350 മത് വാർഷികവേളയിൽ,  യേശുവിൻ്റെ ഹൃദയത്തോടുള്ള ഭക്തിയെ അധികരിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനം ഒക്ടോബർ ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കും. മുൻകാലങ്ങളിൽ, തിരുഹൃദയഭക്തിയെ കുറിച്ചുള്ള പാപ്പായുടെ ചിന്തകൾ ക്രോഡീകരിച്ചുകൊണ്ടാണ് ഈ പുതിയ ചാക്രികലേഖനം തയാറാക്കിയിരിക്കുന്നത്.  വിനാശകരമായ യുദ്ധങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥ, അനിയന്ത്രിതമായ ഉപഭോക്തൃത്വം, മനുഷ്യൻ്റെ സത്തയെത്തന്നെ വളച്ചൊടിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന ആധുനികയുഗത്തിൽ, ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നത്, തിരുഹൃദയ ശക്തിയാൽ, നമ്മുടെ ഹൃദയങ്ങളുടെ മാനസാന്തരം സാധ്യമാക്കുക എന്നതാണ്. ഇത്തരുണത്തിൽ, ചാക്രികലേഖനത്തിന്റെ ശീർഷകം തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നു: 'ദിലെക്സിത്ത് നോസ്' എന്ന ലത്തീൻ ഭാഷയിലുള്ള വചനത്തിന്റെ മലയാള പരിഭാഷ, 'അവൻ നമ്മെ സ്നേഹിച്ചു' എന്നാണ്.

ഉപശീർഷകം: 'യേശുക്രിസ്തുവിൻ്റെ ഹൃദയത്തിൻ്റെ മാനുഷികവും ദൈവികവുമായ സ്നേഹത്തെക്കുറിച്ചുള്ള ചാക്രികലേഖനം' എന്നാണ്.  ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർത്ഥവത്തായ സന്ദേശം നൽകുവാൻ ഈ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി  ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പാ തന്റെ പൊതുകൂടികാഴ്ച്ചാവേളയിൽ പറഞ്ഞിരുന്നു. കർത്താവിൻ്റെ സ്നേഹത്തിൻ്റെ വശങ്ങൾ,  സഭാ നവീകരണത്തിൻ്റെ പാതയെ പ്രകാശിപ്പിക്കുമെന്നും പാപ്പാ പറഞ്ഞിരുന്നു.

1673-ൽ സാന്താ മാർഗരിറ്റ മരിയ അലക്കോക്കിൽ യേശുവിൻ്റെ തിരുഹൃദയം ആദ്യമായി പ്രകടമായതിൻ്റെ 350-ാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. 2023 ഡിസംബർ 27 മുതൽ 2025 ജൂൺ 27 വരെ  നീണ്ടുനില്ക്കുന്ന ഭക്താനുഷ്ഠാനങ്ങളുടെ പ്രാധാന്യവും ഫ്രാൻസിസ് പാപ്പാ ജൂൺ മാസം അഞ്ചാം തീയതി നൽകിയ പൊതുകൂടിക്കാഴ്ചാവേളയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

1856-ൽ, പയസ് ഒൻപതാമൻ യേശുവിൻ്റെ തിരുഹൃദയത്തിൻ്റെ തിരുനാൾ മുഴുവൻ സഭയിലേക്കും വ്യാപിപ്പിക്കണമെന്ന് തീരുമാനിക്കുന്നതുവരെ, സഭയ്ക്കുള്ളിൽ തന്നെ, ഈ ഭക്തിയെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകൾ ഉയർന്നുവന്നിരുന്നു. പിന്നീട് 1956 ൽ പന്ത്രണ്ടാം പിയൂസ് പാപ്പായും, തിരുഹൃദയ ഭക്തിയെ എടുത്തു പറഞ്ഞുകൊണ്ട് "ഹൌരിയെതിസ് അക്വാസ്", അഥവാ 'നീ ജലം വലിച്ചെടുക്കും' എന്ന പേരിൽ ഒരു ചാക്രിക ലേഖനം രചിച്ചിരുന്നു.

തിരുഹൃദയ ഭക്തി എപ്പോഴും ജീവിതത്തിൽ കാത്തുസൂക്ഷിച്ച ഒരു വ്യക്തിയെന്ന നിലയിൽ, ഫ്രാൻസിസ് പാപ്പായുടെ ഈ ചാക്രികലേഖനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഒക്‌ടോബർ 24 ന് വത്തിക്കാൻ പ്രസ് ഓഫീസിൽ നടക്കുന്ന പ്രസിദ്ധീകരണ ചടങ്ങിൽ ദൈവശാസ്ത്രജ്ഞനും, കിയെത്തി- വാസ്തോ ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ ബ്രൂണോ ഫോർത്തെയും, സുവിശേഷദാസീ സമൂഹത്തിലെ സിസ്റ്റർ. അന്തോനെല്ല ഫ്രാക്കാറോയും പങ്കെടുക്കും. പ്രസിദ്ധീകരണത്തിന്റെ തത്സമയസംപ്രേക്ഷണം യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്യും.  https://www.youtube.com/c/VaticanNews

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2024, 13:52