മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമെന്ന് ഫ്രാൻസിസ് പാപ്പാ. മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാൻ നമുക്ക് വാക്കുകളില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക, എന്ന, നവംബർ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.
പങ്കാളിയെ നഷ്ടപ്പെട്ടവരെ വിധവയെന്നോ വിധുരനെന്നോ വിളിക്കുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെ അനാഥരെന്ന് വിളിക്കുകയും ചെയ്യുമ്പോൾ, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കായി പ്രത്യേകം ഒരു പേരുപോലുമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മക്കളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണെന്ന് വ്യക്തമാക്കി.
എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകൾ എല്ലായ്‌പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും, ചിലപ്പോഴെങ്കിലും അവരിലെ മുറിവുകളെ കൂടുതൽ ആഴമേറിയതാക്കാനേ അവ ഉപകരിക്കൂ എന്നും പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു.
വേദനയിലായിരുന്നവരെ യേശുക്രിസ്തു എപ്രകാരമാണോ ആശ്വസിപ്പിച്ചിരുന്നത്, ആ മാതൃകയനുകരിച്ച്, മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ ശ്രവിക്കുകയും, സ്നേഹത്തോടെ അവരോട് സമീപസ്ഥരായിരിക്കുകയും, അവരുടെ ദുഖങ്ങളെ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടുവേണം ആശ്വസിപ്പിക്കാനെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
മുൻപ് സമാനമായ ദുരന്തത്തിലൂടെ കടന്നുപോയ ശേഷം, തിരികെ പ്രത്യാശയിലേക്ക് കടന്നുവന്ന കുടുംബങ്ങളിൽ, വിശ്വാസത്തിന്റെ പിന്തുണയോടെ ആശ്വാസം കണ്ടെത്തുവാൻ, ഇത്തരം മാതാപിതാക്കൾക്ക് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.
തങ്ങളുടെ മകനെയോ മകളെയോ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും, സമൂഹത്തിൽനിന്ന് പിന്തുണയും, ആശ്വാസദായകനായ പരിശുദ്ധാത്മാവിൽനിന്ന് ഹൃദയസമാധാനവും ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
സ്പാനിഷ് ഭാഷയിലായിരുന്നു പാപ്പായുടെ വീഡിയോ സന്ദേശം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: