ലത്തീൻ ഭാഷയുടെ പ്രാധാന്യം എടുത്തുകാട്ടി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലത്തീൻ ഭാഷ, അറിവിന്റെയും ചിന്തകളുടെയും ഒരു നിധിയാണെന്നും, ഇന്നത്തെ ലോകത്തിന് രൂപം നൽകിയ ചിന്തകൾ ഉൾപ്പെടുന്ന പല സാഹിത്യകൃതികളിലേക്കുമുള്ള ഒരു താക്കോലാണെന്നും ഫ്രാൻസിസ് പാപ്പാ. പടിഞ്ഞാറൻ സാംസ്കാരികതയുടെ വേരുകളെയും, നമ്മുടെ വ്യക്തിത്വത്തെയുമാണ് ഈ ഭാഷ പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. 2023-ലെ ലത്തീൻ ഭാഷാപഠനവുമായി ബന്ധപ്പെട്ട പൊന്തിഫിക്കൽ അക്കാദമി അവാർഡ് വിതരണത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കർദ്ദിനാൾ ഹൊസെ തൊളെന്തീനോ ദേ മെന്തോൺസയ്ക്കയച്ച (Cardinal José Tolentino de Mendonça) സന്ദേശത്തിലാണ് ലത്തീൻ ഭാഷയുടെ പ്രാധാന്യവും പ്രത്യേകതകളും പാപ്പാ പരാമർശിച്ചത്.
ലത്തീൻ ഭാഷയുടെ പഠനത്തിനും, ലത്തീൻ ഭാഷയിലൂടെ ഭാഷാ, സാംസ്‌കാരിക പൈതൃകങ്ങൾ വ്യാഖ്യാനിക്കുന്നതിനായി നടത്തുന്നതിനും വേണ്ടി, തങ്ങളുടെ ബുദ്ധിശക്തിയും പ്രയത്നങ്ങളുമായി മുന്നോട്ടുപോകുന്ന ആളുകളെ പാപ്പാ അഭിനന്ദിച്ചു. പൊന്തിഫിക്കൽ അക്കാദമി നൽകുന്ന അവാർഡുകൾക്ക് അർഹരായവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
തത്വശാസ്ത്രം, സയൻസ്, കല, രാഷ്ട്രീയം, തുടങ്ങിയവയുടെ പഠനങ്ങൾക്ക് ലത്തീൻ ഭാഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് എഴുതിയ പാപ്പാ, ഈ ഭാഷ ഇന്നും നമ്മോട് സംവദിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ലത്തീൻ ഭാഷയും സയൻസും (De rerum natura), ലത്തീൻഭാഷയും രാഷ്‌ടീയവും (De re publica) എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അവാർഡുകൾ വിതരണം ചെയ്യപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: