മതങ്ങളും വിശ്വാസികളും ഉൾപ്പെടുന്ന സംവാദങ്ങൾ സമാധാനപ്രതീക്ഷകളിലേക്ക് നയിക്കുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്ത് യുദ്ധങ്ങളുടെയും സായുധസംഘട്ടനങ്ങളുടെയും മദ്ധ്യേ, വിവിധ മതങ്ങളും, വിശ്വാസികളും ഉൾപ്പെടുന്ന സംവാദങ്ങൾ പുതിയ ഊർജ്ജവും സമാധാനത്തിനായുള്ള പ്രതീക്ഷകളും നൽകുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. നിരാശയിലേക്ക് പതിക്കാതെ മുന്നോട്ടുപോകാൻ സഹായിക്കുന്നത് ഇത്തരം കൂടിക്കാഴ്ചകളാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1986-ൽ ആരംഭിച്ച സമാധാനത്തിനായുള്ള അസ്സീസിയിലെ മതാന്തരസമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സാന്തേജീദിയോ സമൂഹസ്ഥാപകൻ അന്ത്രെയാ റിക്കാർദി നടത്തിയ പ്രഭാഷണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ "സമാധാനത്തിന്റെ വാക്കുകൾ" എന്ന പുസ്തകത്തിന് നൽകിയ അവതരികയിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്.
മതങ്ങൾ സമാധാനത്തിന് സംഭാവന നൽകുമായിരുന്നു എങ്കിലും, ചിലയിടങ്ങളിലെങ്കിലും സംഘർഷങ്ങളെ വിശുദ്ധമായി കണക്കാക്കാൻ പ്രേരിപ്പിച്ചിരുന്ന ഒരു സമയത്താണ് "അസ്സീസിയിലെ മതാന്തരസമ്മേളനത്തിന്" വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടക്കം കുറിച്ചതെന്ന് ഫ്രാൻസിസ് പാപ്പാ എഴുതി. വിവിധയിടങ്ങളിൽ ശീതസമരങ്ങൾ നടന്നുകൊണ്ടിരുന്ന ഒരു സമയമായിരുന്നു അതെങ്കിലും വിശുദ്ധൻ ധൈര്യപൂർവ്വം അത്തരമൊരു തീരുമാനമെടുക്കുകയായിരിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ സാക്ഷ്യപ്പെടുത്തി.
ലോകത്തിന് സമാധാനം ഏറെ ആവശ്യമുള്ള ഇക്കാലത്ത് അസ്സീസിയിൽ നടന്ന ചരിത്രപ്രധാനമായ ആ സംഗമത്തിന്റെ ആത്മാവിനെയാണ് നമുക്ക് ഇന്ന് ആവശ്യമുള്ളത്. യുദ്ധത്തിന്റെ അടിമകളായി മാറിയ ജനതകളുടെ വേദനകൾക്കും, കഷ്ടപ്പാടുകൾക്കും, ചൂഷണങ്ങൾക്കും മുന്നിൽ നമുക്ക് തോൽവി സമ്മതിച്ചു പിന്മാറാനാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
നൂറ്റാണ്ടുകളായി വിദ്വേഷത്തിൽ കഴിഞ്ഞിരുന്ന, അകലങ്ങളിൽനിന്നും പോലുമുള്ള, വിവിധ മതക്കാരായ ആളുകളെ സമാധാനത്തിന്റെ വ്യക്തികളാക്കി മാറ്റാൻ, അസ്സീസിയുടെ ആത്മാവ് സഹായിച്ചിട്ടുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു. ധൈര്യപൂർവ്വം സംവാദങ്ങൾ നടത്താനാണ് അസ്സീസി നമ്മെ വിളിക്കുന്നത്. സംവാദങ്ങളുടെയും, കണ്ടുമുട്ടലുകളുടെയും സംസ്കാരം വളർന്നുവരേണ്ടതുണ്ട്.
ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും, നമ്മെ ഭയപ്പെടുത്തുംവിധം മതമൗലികവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, മതങ്ങളുടെ ലോകങ്ങൾ തമ്മിൽ അടുത്തിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: