ദാമ്പത്യകൂട്ടായ്മ പരിശുദ്ധാത്മാവിലാണ് ഉറപ്പിക്കപ്പെടുന്നത്: പാപ്പാ

ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ പൊതുവാര കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ നൽകിയ പ്രഭാഷണത്തിൽ, കുടുംബത്തിൽ, അംഗങ്ങൾ പരസ്പരമുള്ള സ്നേഹബന്ധം പരിശുദ്ധാത്മാവിലാണ് ഉറപ്പിക്കപ്പെടുന്നതെന്നു എടുത്തു പറഞ്ഞു.
പൊതുവാരകൂടിക്കാഴ്ച്ച: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ശരത്ക്കാലത്തിന്റെ സൗന്ദര്യം വർഷബാഷ്പത്തിന്റെ ചെറുതുള്ളികളാൽ നിത്യനഗരമായ റോമിനെ തഴുകിയ പ്രഭാതമായിരുന്നു ഒക്ടോബർ ഇരുപത്തിമൂന്നാം തീയതി ബുധനാഴ്ച്ച. മഴമേഘങ്ങൾ സൂര്യന്റെ വരവിനു താമസം സൃഷ്ടിച്ചുവെങ്കിലും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് ക്രിസ്തുവിന്റെ വികാരിയും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ഫ്രാൻസിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുവാൻ എത്തിയവരുടെ നീണ്ട നിര, ചത്വരത്തിനു വെളിയിൽ അതികാലേ ആരംഭിച്ചിരുന്നു. ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അസുലഭ നിമിഷത്തിനു വേണ്ടി  ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് വന്നിട്ടുള്ള ആളുകൾ, നീണ്ട നിരയിൽ മണിക്കൂറുകൾ കാത്തു നിൽക്കുമ്പോൾ അവരെ മടുപ്പു തോന്നാതെ, മുൻപോട്ടു നീങ്ങുവാൻ സ്വാധീനിക്കുന്നത്, കത്തോലിക്കാസഭയുടെ കഴിഞ്ഞ രണ്ടായിരം വർഷത്തെ പാരമ്പര്യം തന്നെയാണ്.

പ്രാദേശിക സമയം രാവിലെ 8. 45, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.15- ന് വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിലേക്ക് പാപ്പാ തന്റെ തുറന്ന വാഹനത്തിലെ കസേരയിൽ ഇരുന്നുകൊണ്ട് കടന്നുവന്നപ്പോൾ തന്റെ ഇരുവശത്തുമായി സ്ഥാനം പിടിച്ചത് ഏതാനും ചില കുരുന്നുകളായിരുന്നു. അഭിമാനത്തോടെ ഇരിപ്പുറപ്പിച്ച കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷവും ചത്വരത്തിലെ ആളുകളുടെ സന്തോഷം ഇരട്ടിപ്പിച്ചു. യേശുവിന്റെ ശിശുക്കളോടുള്ള പ്രത്യേക കരുതലിനും സ്നേഹത്തിനും  ജീവൻ നൽകുന്നതാണ് ഓരോ പൊതുകൂടിക്കാഴ്ചയുടെയും അവസരത്തിൽ പാപ്പായുടെ പ്രത്യേക സ്നേഹത്തിന്  സാക്ഷ്യം വഹിക്കുന്ന ,പാപ്പായുടെ തലോടലിനും ചുംബനത്തിനും കാത്തുനിൽക്കുന്ന കുഞ്ഞുങ്ങളുടെ സാന്നിധ്യം.  കുരുന്നുകളെ പാപ്പാ ചുംബിക്കുന്ന അവസരത്തിൽ, മാതാപിതാക്കളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷത്തോടൊപ്പം, കണ്ണുനീരും വികാരഭരിതമാണ്.

ചത്വരത്തിലേക്ക് വെള്ളനിറത്തിലുള്ള വാഹനത്തിന്റെ ചക്രം ഇറങ്ങിയതേ കൂടിയിരുന്ന ആളുകളുടെ ഹർഷാരവം മുഴങ്ങിത്തുടങ്ങി. ചത്വരത്തിൽ ആലപിക്കപ്പെട്ട ഗാനത്തിന്റെ ഈരടികൾക്കൊപ്പം വിവാ പാപ്പാ എന്ന  ജനസഹസ്രത്തിന്റെ സ്വരവും അകമ്പടി സേവിച്ചപ്പോൾ ക്രിസ്തുവിന്റെ വികാരിയുടെ മാനുഷികവും ആത്മീയവുമായ സാന്നിധ്യം അനുഭവിക്കുവാനുള്ള വലിയ ആഗ്രഹത്തിന് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുകയായിരുന്നു. ചത്വരത്തിലെത്തിയ പാപ്പാ, ആളുകളെ അഭിവാദനം ചെയ്തു നീങ്ങവേ, ശിശുക്കൾക്ക് ചുംബനം നൽകുകയും അവരെ ആശീർവദിക്കുകയും ചെയ്തു.

ചത്വരത്തിൽ വിവിധ നിരകളിലൂടെ നീങ്ങിയ ഫ്രാൻസിസ് പാപ്പാ ഏകദേശം ഒമ്പതുമണിയോടെ  പ്രധാന പീഠത്തിലെത്തി ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് ആരംഭം കുറിച്ചു. സ്വസ്ഥാനങ്ങളിൽ എല്ലാവരും ഇരുന്നയുടനെ ഇറ്റാലിയൻ ഭാഷയിൽ വിശുദ്ധഗ്രന്ഥത്തിൽ നിന്നും വിശുദ്ധ യോഹന്നാന്റെ  ഒന്നാം ലേഖനം നാലാം അധ്യായം, ഏഴും എട്ടും തിരുവചനങ്ങൾ  വായിക്കപ്പെട്ടു. തുടർന്ന് ഫ്രഞ്ച്,ഇംഗ്ലീഷ്,ജർമ്മൻ,സ്പാനിഷ്,പോർച്ചുഗീസ്,അറബി,പോളിഷ് തുടങ്ങിയ പല ലോകഭാഷകളിലും അതേഭാഗം വായിക്കപ്പെട്ടു.

വചനഭാഗം ഇതായിരുന്നു:

"പ്രിയപ്പെട്ടവരേ നമുക്ക് പരസ്പരം സ്നേഹിക്കാം. എന്തെന്നാൽ സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽ നിന്ന് ജനിച്ചവനാണ്. അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല കാരണം ദൈവം സ്നേഹമാണ്."

തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചു. 

പ്രിയ സഹോദരീ സഹോദരന്മാരേ, സുപ്രഭാതം!

വിശ്വാസപ്രമാണത്തിൽ പരിശുദ്ധാത്മാവിനെക്കുറിച്ച് നാം ഏറ്റുപറയുന്നതാണ് കഴിഞ്ഞ തവണ നാം വിശദീകരിച്ചു ശ്രവിച്ചത്. എന്നിരുന്നാലും, സഭയുടെ പ്രതിഫലനം ആ ഹ്രസ്വമായ വിശ്വാസപ്രമാണത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സഭാപിതാക്കന്മാരുടെയും പണ്ഡിതരുടെയും പഠനങ്ങളിലൂടെ കിഴക്കും പടിഞ്ഞാറും ഇത് സംബന്ധിച്ചുള്ള വിശദമായ ബോധ്യങ്ങളിലേക് നയിച്ചു . ഇന്ന്, പ്രത്യേകിച്ചും, ലത്തീൻ പാരമ്പര്യത്തിൽ വേരൂന്നിയ പരിശുദ്ധാത്മാവിനെ പറ്റിയുള്ള ചില പഠനഫലങ്ങൾ അവലോകനം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ക്രിസ്തീയ ജീവിതത്തെയും പ്രത്യേകിച്ച് വിവാഹത്തിൻ്റെ കൂദാശയെയും എങ്ങനെ പ്രകാശിപ്പിക്കുന്നുവെന്ന് നമുക്ക് കാണാം. ഈ പഠനങ്ങൾ നമ്മുടെ വിചിന്തനത്തിന് കൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ചത്, വിശുദ്ധ ആഗസ്‌തീനോസ് ആണ്. "ദൈവം സ്നേഹമാണ്" (1 യോഹന്നാൻ 4.8) എന്ന വെളിപാടിൽ നിന്നാണ് വിശുദ്ധൻ ആരംഭിക്കുന്നത്.

സ്നേഹം, മുൻനിർത്തുന്ന ചില ഘടകങ്ങളുണ്ട് : ഒന്ന് സ്നേഹിക്കുന്നവൻ, രണ്ടു സ്നേഹിക്കപ്പെടുന്നവൻ, മൂന്നു ഇവരെ രണ്ടുപേരെയും ബന്ധിപ്പിക്കുന്ന സ്നേഹം.  പരിശുദ്ധ ത്രിത്വത്തിൽ, പിതാവ് സ്നേഹിക്കുന്നവനാണ്, ഒപ്പം എല്ലാറ്റിൻ്റെയും ഉറവിടവും ആരംഭവുമാണ് ; പുത്രൻ സ്നേഹിക്കപ്പെടുന്നവനാണ്, പരിശുദ്ധാത്മാവ് അവരെ ഒന്നിപ്പിക്കുന്ന സ്നേഹമാണ്. അതുകൊണ്ട് ദൈവം ഒരു "ഏക" ദൈവമാണ്, എന്നാൽ ഒരു ഏകാന്ത ദൈവമല്ല; അത് കൂട്ടായ്മയുടെയും സ്നേഹത്തിൻ്റെയും ഐക്യമാണ്.

ഈ രീതിയിൽ, പരിശുദ്ധാത്മാവിനെ , ത്രിത്വത്തിൻ്റെ "മൂന്നാം വ്യക്തി" എന്നല്ല, മറിച്ച് "ആദ്യ വ്യക്തി ബഹുവചനം" എന്നാണ് വിളിക്കേണ്ടതെന്ന് ഒരാൾ നിർദേശിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവൻ പിതാവിൻ്റെയും പുത്രൻ്റെയും ദൈവിക നാമമാണ്, വ്യത്യസ്ത ആളുകൾ തമ്മിലുള്ള ഐക്യത്തിൻ്റെ ബന്ധം, സഭയുടെ ഐക്യത്തിൻ്റെ തത്വം, ഇത് കൃത്യമായി നിരവധി ആളുകളിൽ നിന്ന് ഉണ്ടാകുന്ന ഒരു "ഏക ശരീരം" ആണ്.

പരിശുദ്ധ ത്രിത്വത്തിൽ, പിതാവ് സ്നേഹിക്കുന്നവനാണ്, ഒപ്പം എല്ലാറ്റിൻ്റെയും ഉറവിടവും ആരംഭവുമാണ് ; പുത്രൻ സ്നേഹിക്കപ്പെടുന്നവനാണ്, പരിശുദ്ധാത്മാവ് അവരെ ഒന്നിപ്പിക്കുന്ന സ്നേഹമാണ്. അതുകൊണ്ട് ദൈവം ഒരു "ഏക" ദൈവമാണ്, എന്നാൽ ഒരു ഏകാന്ത ദൈവമല്ല; അത് കൂട്ടായ്മയുടെയും സ്നേഹത്തിൻ്റെയും ഐക്യമാണ്.

ഞാൻ പറഞ്ഞതുപോലെ, ഇന്ന് പരിശുദ്ധാത്മാവിന് കുടുംബത്തോട് എന്താണ് പറയാനുള്ളത് എന്ന് നിങ്ങളോട് ചേർന്ന് പ്രത്യേകമായി ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിവാഹവുമായി പരിശുദ്ധാത്മാവിന് എന്ത് ബന്ധമുണ്ട്? അത്യന്താപേക്ഷിതമായി ചിന്തിക്കേണ്ടുന്ന ഒരു കാര്യമാണിത്. ഇത് വിശദീകരിക്കാൻ ഞാൻ ശ്രമിക്കുന്നു! ക്രിസ്തീയ വിവാഹം എന്നത് പുരുഷനും സ്ത്രീയും പരസ്പരം ദാനമായി മാറുന്നതിൻ്റെ കൂദാശയാണ്. "അവൻ മനുഷ്യനെ തൻ്റെ ഛായയിൽ സൃഷ്ടിച്ചപ്പോൾ [...]: ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു" (ഉൽപത്തി 1:27) സ്രഷ്ടാവ് ചിന്തിച്ചത് ഇതാണ്. അതിനാൽ ത്രിത്വമായ സ്നേഹത്തിൻ്റെ കൂട്ടായ്മയുടെ ആദ്യത്തേതും പ്രാഥമികവുമായ സാക്ഷാത്കാരമാണ് മനുഷ്യ ദമ്പതികൾ.

ഭാര്യാഭർത്താക്കന്മാർ "ഞങ്ങൾ" എന്ന ബഹുവചനരൂപം സ്വീകരിക്കണം, അപ്രകാരം തങ്ങളെത്തന്നെ രൂപപ്പെടുത്തണം. പരസ്പരം മുന്നിൽ "ഞാനും" "നീയും" ആയി ഒന്നിച്ചു നിൽക്കുക, കുട്ടികൾ ഉൾപ്പെടെയുള്ള ലോകത്തിൻ്റെ മുമ്പിൽ "ഞങ്ങൾ" ആയി നിൽക്കുക.

 യേശുവിനെ പന്ത്രണ്ടുവയസ്സിൽ ദൈവാലയത്തിൽ കാണാതെ പോയിട്ട് തിരികെ കിട്ടുമ്പോൾ മറിയം പറഞ്ഞതുപോലെ ഒരു അമ്മ തൻ്റെ കുട്ടിയോട് പറയുന്ന വാക്കുകൾ കേൾക്കുവാൻ എത്ര സന്തോഷകരമാണ് :  "നിൻ്റെ പിതാവും ഞാനും...",  (ലൂക്കാ 2:48 ), അതുപോലെ തന്നെ പിതാവ് പറയുന്നത് ഇപ്രകാരമാണ്: "നിൻ്റെ അമ്മയും ഞാനും", ഏതാണ്ട് അവർ ഒരൊറ്റ സത്തയാണെന്ന ധ്വനി ജനിപ്പിക്കുന്ന വാക്കുകൾ. ഈ മാതാപിതാക്കളുടെ ഐക്യം കുട്ടികൾക്ക് എത്രത്തോളം ആവശ്യമാണെന്ന് നമുക്ക് മനസിലാക്കാം, എന്നാൽ അത് ഇല്ലാതാകുന്ന അവസ്ഥയിലോ അവർ എത്രമാത്രം കഷ്ടപ്പെടുന്നു! അപ്പനും അമ്മയും വേർപിരിഞ്ഞു കഴിയുന്ന കുടുംബത്തിൽ കുഞ്ഞുങ്ങൾ എത്രയോ വിഷമം അനുഭവിക്കുന്നു!

എന്നിരുന്നാലും, വിവാഹമെന്ന ഈ ദൈവവിളിയുമായി പൊരുത്തപ്പെടുന്നതിന്, വിവാഹമെന്ന കൂദാശയിൽ പരസ്പരം ശ്രേഷ്ഠമായ ദാനങ്ങളായി മാറുന്നതിനു ദാനമായവൻ്റെ പിന്തുണ ആവശ്യമാണ്. പരിശുദ്ധാത്മാവ് പ്രവേശിക്കുന്നിടത്ത്, സ്വയം സമർപ്പിക്കുന്നതിനുള്ള കഴിവ് പുനർജനിക്കുന്നു. ത്രിത്വത്തിലെ പിതാവിൻ്റെയും പുത്രൻ്റെയും പരസ്പരമുള്ള ദാനമാണ് പരിശുദ്ധാത്മാവായതിനാൽ , അവർക്കിടയിൽ വാഴുന്ന സന്തോഷത്തിന് കാരണവും അത് തന്നെയാണെന്ന് ലത്തീൻ സഭയിലെ ചില പിതാക്കന്മാർ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അത്, ചുംബനവും ആലിംഗനവും പോലെയുള്ള ദാമ്പത്യ ജീവിതത്തിൻ്റെ സാധാരണ ആംഗ്യങ്ങളുടെ പ്രതിഫലനമാണെന്ന് സമർത്ഥിക്കുവാനും ഈ പിതാക്കന്മാർ ഭയപ്പെട്ടില്ല.

ഇന്നത്തെ ആധുനികയുഗത്തിൽ അത്തരം ഐക്യം എളുപ്പമുള്ള ഒരു ലക്ഷ്യമാണെന്ന് ആരും പറയുന്നില്ല. എന്നാൽ സ്രഷ്ടാവ് ഉദ്ദേശിച്ചതും അതിനാൽ അവയുടെ സ്വഭാവത്തിലുള്ളതുമായ കാര്യങ്ങളുടെ സത്യമാണിത്. തീർച്ചയായും, പാറയെക്കാൾ മണലിൽ പണിയുന്നത് എളുപ്പവും വേഗവുമാണെന്ന് തോന്നിയേക്കാം; എന്നാൽ അതിൻ്റെ ഫലം എന്താണെന്ന് യേശുവിൻ്റെ ഉപമ പറയുന്നു (മത്തായി 7:24-27 ). വിവാഹജീവിതത്തിന്റെ ഈ സാഹചര്യത്തിൽ, നമുക്ക് ഉപമയുടെ ആവശ്യം പോലുമില്ല, കാരണം മണലിൽ കെട്ടിപ്പടുക്കുന്ന വിവാഹങ്ങളുടെ അനന്തരഫലങ്ങൾ, നിർഭാഗ്യവശാൽ, എല്ലാവർക്കും കാണാവുന്നതേയുള്ളൂ, മാത്രമല്ല അതിനു വലിയ വിലകൊടുക്കേണ്ടിവരുന്നത് കുട്ടികളും! സ്നേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന മാതാപിതാക്കൾക്കിടയിലെ വേർപിരിയൽ കുട്ടികളെയാണ് ഏറ്റവും ദുരിതത്തിലാക്കുന്നത്.

ഗലീലിയിലെ കാനായിൽ വച്ച് മറിയം യേശുവിനോട് പറഞ്ഞത് വിവാഹജീവിതത്തിൽ ദമ്പതികൾ ആവർത്തിക്കണം: "അവർക്ക് വീഞ്ഞില്ല" (യോഹ 2:3). എന്നിരുന്നാലും, പരിശുദ്ധാത്മാവിനാൽ, ആത്മീയ തലത്തിൽ, ആ അവസരത്തിൽ യേശു ചെയ്ത അത്ഭുതം, അതായത്, ജലത്തെ വീഞ്ഞാക്കി മാറ്റിയ ഒരു നവസന്തോഷം ഉരുവാക്കി. ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു.  ഇത് ഒരു ഭക്തിസാന്ദ്രമായ മിഥ്യയല്ല: പല വിവാഹങ്ങളിലും ദമ്പതികളുടെ പ്രാർത്ഥനയാൽ പരിശുദ്ധാത്മാവ് നടത്തുന്ന യഥാർത്ഥ പ്രവർത്തനമാണ്.

നിയമപരവും മനഃശാസ്ത്രപരവും ധാർമ്മികവുമായ ഒരുക്കങ്ങൾക്കൊപ്പം , വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളുടെ തയ്യാറെടുപ്പിൽ ഈ "ആത്മീയ" വീക്ഷണം ആഴത്തിൽ പര്യവേക്ഷണം ചെയ്താൽ അത് ഏറെ നന്നായിരിക്കും. ആത്മീയമായ ഒരുക്കം പരിശുദ്ധാത്മാവിലുള്ളതാണ്. ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് ഇപ്രകാരം പറയുന്നു: “ഭർത്താക്കന്മാർക്കും ഭാര്യയ്ക്കും ഇടയിൽ വിരൽ വയ്ക്കരുത്(വിരൽ വയ്ക്കുക എന്നാൽ ആവശ്യമില്ലാതെയുള്ള ഇടപെടലുകൾ നടത്തുക). പകരം, ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ ഒരു "വിരൽ" ഉണ്ട്, അത് കൃത്യമായി "ദൈവത്തിൻ്റെ വിരൽ" ആണ്, അത് പരിശുദ്ധാത്മാവാണ്.

നന്ദി!

പ്രത്യേക അഭ്യർത്ഥനകളുടെ  അവസരത്തിൽ, ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെയും, രോഗികളായവരെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നു അറിയിക്കുകയും ചെയ്തു. യുദ്ധത്തിന്റെ വിഷമതയിൽ ആയിരിക്കുന്ന രാജ്യങ്ങൾ, പ്രത്യേകമായി, ഉക്രൈൻ, ഇസ്രായേൽ, പലസ്തീൻ, മ്യാന്മാർ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ചു. സമാധാനത്തിനു വേണ്ടി പോരാടുവാനും, പ്രാർത്ഥിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകുവാനും, ഒപ്പം സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ പരിശ്രമിക്കുന്ന മിഷനറിമാർക്കു വേണ്ടി പ്രാർത്ഥിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

അഭ്യർത്ഥനകളുടെ അവസാനം, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഗാനരൂപത്തിൽ ലത്തീൻ ഭാഷയിൽ ആലപിക്കുകയും, തുടർന്ന് പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക ആശീർവാദവും നൽകുകയും ചെയ്‌തു. ആശീർവാദത്തിനു ശേഷം, പൊതുസദസിൽ സന്നിഹിതരായിരുന്ന മെത്രാന്മാരെ പ്രത്യേകം കണ്ടു അവരോട് സംസാരിച്ചു. ചത്വരത്തിൽ മുഴങ്ങിക്കേട്ട പ്രാർത്ഥനാഗാനത്തിന്റെ അകമ്പടിയോടുകൂടി പൊതുകൂടിക്കാഴ്ച്ചയ്ക്ക് വിരാമമായി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2024, 11:40