അബ്രഹാമിക് ഫാമിലി ഹൗസ് അബ്രഹാമിക് ഫാമിലി ഹൗസ്   (ANSA)

അബ്രഹാമിക് ഫാമിലി ഹൗസ് പ്രതിനിധി സംഘത്തെ പാപ്പാ സ്വീകരിച്ചു

ഒക്ടോബർ മാസം ഇരുപത്തിയെട്ടാം തീയതി, തിങ്കളാഴ്ച അബുദാബിയിൽ നിന്നുള്ള അബ്രഹാമിക് ഫാമിലി ഹൗസിൻ്റെ പ്രതിനിധി സംഘത്തെ ഫ്രാൻസിസ് പാപ്പാ സ്വാഗതം ചെയ്യുകയും മാനുഷിക സാഹോദര്യത്തിൽ ഒരുമിച്ച് നടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഡെബോറ കാസ്റ്റെല്ലാനോ ലുബോവ്, ഫാ. ജിനു തേക്കെത്തലക്കൽ, വത്തിക്കാൻ സിറ്റി

അറബ് എമിരേറ്റ്സിലെ അബ്രഹാമിക് ഫാമിലി ഹൗസിൽ നിന്നുള്ള പ്രതിനിധി സംഘത്തെ തിങ്കളാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ തലസ്ഥാനമായ അബുദാബിയിൽ ഒരു സിനഗോഗ്, ഒരു ക്രൈസ്തവദേവാലയം, ഒരു ഇസ്ലാമിക പള്ളി എന്നിവ ഉൾക്കൊള്ളുന്ന ഒരൊറ്റ സമുച്ചയമാണ് അബ്രഹാമിക് ഹൌസ് .

2023-ൻ്റെ തുടക്കത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ അതുല്യമായ ഘടന, ലോകസമാധാനത്തിനും പരസ്പരം ഐക്യത്തിൽ ജീവിക്കുന്നതിനുമുള്ള മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ചരിത്രപരമായ, പാപ്പാ ഒപ്പുവച്ച  2019 രേഖയിൽ പ്രതിപാദിച്ചിരിക്കുന്ന മതാന്തര സഹവർത്തിത്വത്തിൻ്റെയും ഐക്യത്തിൻ്റെയും ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.

അബ്രഹാമിക് ഫാമിലി ഹൗസ് പ്രസിഡൻ്റ് മുഹമ്മദ് ഖലീഫ അൽ മുബാറക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോട്, ഒപ്പുവയ്ക്കപ്പെട്ട മതാന്തര സൗഹാർദ്ദം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു. വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രതിനിധികളും സദസ്സിൽസന്നിഹിതരായിരുന്നു.

2019 ഫെബ്രുവരിയിൽ പാപ്പായുടെ എമിറേറ്റ്‌സ് സന്ദർശനത്തെത്തുടർന്ന് യാഥാർത്ഥ്യമായ അബ്രഹാമിക് ഫാമിലി ഹൗസ്, മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിൽ വിവരിച്ച തത്വങ്ങൾ ഉൾക്കൊള്ളുന്നു. അബുദാബിയിലെ സാദിയാത്ത് കൾച്ചറൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അബ്രഹാമിക് ഫാമിലി ഹൗസ് പഠനത്തിനും സംഭാഷണത്തിനും വിശ്വാസത്തിനുമുള്ള ഒരു കേന്ദ്രമാണ്.

ഹിസ് എമിനൻസ് അഹമ്മദ് അൽ തയീബ് മസ്ജിദ്, വിശുദ്ധ ഫ്രാൻസിസ് അസ്സീസിക്ക് സമർപ്പിച്ചിരിക്കുന്ന സെൻ്റ് ഫ്രാൻസിസ് കാത്തലിക് ചർച്ച്, മോസസ് ബെൻ മൈമൺ സിനഗോഗ് എന്നിവയാണ് ഇത് ഉൾക്കൊള്ളുന്ന മൂന്ന് ആരാധനാലയങ്ങൾ.

2023-ൽ തുറന്നതുമുതൽ, സേവനങ്ങൾക്കും പ്രാർത്ഥനകൾക്കുമായി 130,000 ആളുകളെ ഈ സ്ഥലം സ്വാഗതം ചെയ്തിട്ടുണ്ട്, കൂടാതെ ക്രിസ്ത്യൻ ആരാധനാ കലണ്ടറിലെ പ്രധാന നിമിഷങ്ങൾ അടയാളപ്പെടുത്തുന്നതും വിവാഹങ്ങളും, മാമ്മോദീസയും പോലുള്ള ആഘോഷ അവസരങ്ങളും ഉൾപ്പെടെ 100 ലധികം കാര്യങ്ങൾക്കും ഇവിടം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2024, 12:42