മാനസാന്തരം യാചിച്ചുകൊണ്ട് പ്രാർത്ഥന നടത്തി ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാർഷികദിനമായ, ഒക്ടോബർ ഏഴാം തീയതി, ലോകസമാധാനത്തിനു വേണ്ടി ഉപവാസദിനമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനു ഒരുക്കമായി, ഒക്ടോബർ ആറാം തീയതി, ഞായറാഴ്ച്ച, റോമിലെ സമയം ഉച്ചകഴിഞ്ഞു, പ്രധാന ബസിലിക്കകളിലൊന്നായ മരിയ മജോരെയിൽ നടത്തിയ ജപമാല പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകി. തദവസരത്തിൽ സിനഡ് അംഗങ്ങളും, ധാരാളം വിശ്വാസികളും പ്രാർത്ഥനയിൽ സംബന്ധിച്ചു. ജപമാല പ്രാർത്ഥനയുടെ സമാപനത്തിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യേക മാധ്യസ്ഥ്യം തേടി പ്രാർത്ഥന നടത്തി. ഹൃദയത്തെ ഭാരപ്പെടുത്തുന്ന വേദനകളും, ദുരിതങ്ങളും പേറി പരിശുദ്ധ അമ്മേ, ഇതാ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രാർത്ഥന ആരംഭിച്ചത്.
യേശുവിന്റെ ജീവിതത്തിൽ, താങ്ങായും തണലായും നിന്ന പരിശുദ്ധ അമ്മ, മറ്റുള്ളവരുടെ ദുഃഖം പങ്കുവച്ചുകൊണ്ട്, അവർക്കായി തന്റെ തിരുക്കുമാരനോട് പ്രാർത്ഥിച്ച പരിശുദ്ധ അമ്മ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ കണ്ണീരോടെ കഴിയുന്ന മക്കളുടെ മേൽ തന്റെ സ്‌നേഹനിർഭരമായ ദർശനം നൽകി അവരെ സഹായിക്കണമേയെന്ന് പാപ്പാ പ്രാർത്ഥിച്ചു. അനീതിയാൽ അടിച്ചമർത്തപ്പെട്ടതും യുദ്ധങ്ങളാൽ നശിപ്പിക്കപ്പെട്ടതുമായ ഈ കാലഘട്ടത്തിൽ വേദനിക്കുന്നവരുടെ കണ്ണുനീർ തുടയ്ക്കുവാൻ പരിശുദ്ധ അമ്മ കടന്നുവരുമെന്നു വിശ്വാസത്തോടെ പാപ്പാ പ്രാർത്ഥിച്ചു. സമാധാനത്തിന്റെ സന്തോഷം നഷ്ടപ്പെടുകയും, സാഹോദര്യബോധം ശിഥിലമാകുകയും ചെയ്ത ഒരു സമൂഹത്തിൽ പരിശുദ്ധ അമ്മ തന്റെ മാതൃദൃഷ്ടി തിരിക്കണമേയെന്നാണ് പാപ്പാ എടുത്തു പറഞ്ഞത്.
തന്റെ പ്രാർത്ഥനയുടെ അവസാനത്തിൽ സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചു. വിദ്വേഷം വളർത്തുന്നവരുടെ ആത്മാക്കളെ മാനസാന്തരപ്പെടുത്തുന്നതിനും, മരണം വിതയ്ക്കുന്ന ആയുധങ്ങളെ നിശബ്ദമാക്കുന്നതിനും, രാഷ്ട്രങ്ങൾ ഭരിക്കുന്നവരുടെ പ്രവർത്തനങ്ങളിൽ സമാധാനത്തിന്റെ പദ്ധതികളെ പ്രചോദിപ്പിക്കുന്നതിനും, സ്വാർത്ഥതയുടെ കെട്ടുപാടുകൾ അഴിച്ചുമാറ്റുന്നതിനും പരിശുദ്ധ അമ്മയുടെ സാന്നിധ്യം തേടി പാപ്പാ യാചിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: