തിരയുക

കർദ്ദിനാൾ എവ്ജേനിയൊ ദൽ കോർസോ കർദ്ദിനാൾ എവ്ജേനിയൊ ദൽ കോർസോ 

വിശ്വസ്തനായ സന്ന്യസ്തനും തീക്ഷ്ണതയുള്ള മിഷനറിയുമായിരുന്നു കർദ്ദിനാൾ ദൽ കോർസോ: ഫ്രാൻസിസ് പാപ്പാ

അർജന്റീനയിലും അംഗോളയിലും മിഷനറിയായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ എവ്ജേനിയൊ ദൽ കോർസോയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ. നല്ലൊരു സന്ന്യസ്തസമർപ്പിതനും തീക്ഷ്ണതയുളള മിഷനറിയുമായിരുന്നു അദ്ദേഹമെന്ന് വെറോണ രൂപതാധ്യക്ഷൻ ബിഷപ് പൊമ്പീലിക്കയച്ച ടെലെഗ്രാം സന്ദേശത്തിൽ പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജ്യോവന്നി കലാബ്രിയയുടെ അദ്ധ്യാത്മികപുത്രൻ കൂടിയായ കർദ്ദിനാൾ എവ്ജേനിയൊ ദൽ കോർസോയുടെ വേർപാട് തന്നിൽ ദുഃഖമുളവാക്കിയെന്ന് ഫ്രാൻസിസ് പാപ്പാ. വിശ്വസ്തനായ ഒരു സന്ന്യസ്തനും തീക്ഷ്ണതയുള്ള ഒരു മിഷനറിയായി അർജന്റീനയിലും അംഗോളയിലും സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയുമാണ് അദ്ദേഹമെന്ന് പാപ്പാ അനുസ്മരിച്ചു. ഒക്ടോബർ 23 ബുധനാഴ്ച, വെറോണ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ബിഷപ് ഡൊമെനിക്കോ പൊമ്പീലിക്കയച്ച ടെലെഗ്രാം സന്ദേശത്തിലാണ് കർദ്ദിനാൾ ദൽ കോർസോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തിയത്.

സമൂഹത്തിലെ കൂടുതൽ ദുർബലരും ശക്തി കുറഞ്ഞവരുമായ ആളുകൾക്കുവേണ്ടി സ്വയം സമർപ്പിച്ച അദ്ദേഹം ദൈവത്തിനും സഭയ്ക്കും വേണ്ടിയുള്ള തന്റെ സേവനമാണ് ഇതിലൂടെ നിർവ്വഹിച്ചതെന്നും, അതുവഴി ക്രിസ്തുവിനോടുള്ള തന്റെ സ്നേഹത്തിന് സാക്ഷ്യമേകുകയാണ് ചെയ്തതെന്നും പാപ്പാ എഴുതി.

ഒരു മിഷനറിവൈദികനായി അർജന്റീനയിലും അംഗോളയിലും സേവനം ചെയ്തു വരവെയാണ് അദ്ദേഹം സൗറിമോയുടെ മെത്രാനായി നിയമിക്കപ്പെട്ടതെന്നും, പിന്നീട് ബെൻഗ്വേലയിലും അദ്ദേഹം സേവനമനുഷ്ടിച്ചുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു.

സ്വർഗ്ഗത്തിലെ നിത്യവിരുന്നിലേക്ക് പരിശുദ്ധ അമ്മയുടെ അകമ്പടിയോടെ അദ്ദേഹത്തിന്റെ ആത്മാവ് സ്വീകരിക്കപ്പെടട്ടെയെന്ന് താൻ പ്രാർത്ഥിക്കുന്നുവെന്ന് എഴുതിയ പാപ്പാ, "ദൈവപരിപാലനയുടെ പാവപ്പെട്ട സേവകർ" എന്ന പേരിൽ, ജ്യോവന്നി കലാബ്രിയ സ്ഥാപിച്ച സഭയിലെ അംഗങ്ങൾക്കും, വെറോണ രൂപതയ്ക്കും, കർദ്ദിനാൾ ദൽ കോർസോയുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും മറ്റാളുകൾക്കും തന്റെ ആശീർവാദം നേർന്നു.

1939 മെയ് 16-ന് വെറോണ രൂപതയിലെ ഗ്രെസ്സാനായിലെ ലൂഗോ വാൽപന്താന ഇടവകയിൽ ജനിച്ച അദ്ദേഹം, 1963 ജൂലൈ 7-നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1975 മുതൽ അർജന്റീനയിലെ പിന്നീട് 1986 മുതൽ അംഗോളയിലും മിഷനറിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ, 1995 ഡിസംബർ 15-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സൗറിമോ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി നിയമിച്ചു. 2019 ഒക്ടോബർ 5-ന് നടന്ന കൺസിസ്റ്ററിയിൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. 2024 ഒക്ടോബർ 20-നാണ് കർദ്ദിനാൾ ദൽ കോർസോ നിര്യാതനായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2024, 17:16