യനോമാമി ഗോത്രവർഗത്തിലുള്ള ഒരാളെ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു യനോമാമി ഗോത്രവർഗത്തിലുള്ള ഒരാളെ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു  (Vatican Media)

യനോമാമി ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ

ആമസോണിൽ ഏറെ ചൂഷണങ്ങൾക്കു വിധേയമാകുന്ന ദരിദ്രഗോത്രവർഗമായ യനോമാമി ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വെനെസ്വേലയുടെയും, ബ്രസീലിന്റെയും അതിർത്തി പങ്കിടുന്ന ആമസോൺ ദേശത്തെ ദരിദ്രഗോത്രവർഗമായ  യനോമാമി ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും, യാതൊരു തരത്തിലുള്ള ചൂഷണങ്ങളും അവർക്കുണ്ടാകുവാൻ പാടില്ലെന്നും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. ഒക്ടോബർ ഇരുപതാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങിനു ശേഷമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പൊതു അഭ്യർത്ഥനകളുടെ അവസരത്തിൽ ഇക്കാര്യം എടുത്തു പറഞ്ഞത്.

"യനോമാമി ജനങ്ങളുടെയും അവരുടെ മൗലികാവകാശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനും അവരുടെ അന്തസ്സും, അവരുടെ പ്രദേശങ്ങളും ചൂഷണം ചെയ്യുന്നത് തടയാനും രാഷ്ട്രീയ, നയതന്ത്ര  അധികാരികളോട് ഞാൻ അഭ്യർത്ഥിക്കുന്നു", ഇവയായിരുന്നു ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ. പുതിയതായി വിശുദ്ധരുടെ പട്ടികയിൽ പേരുചേർക്കപെട്ട വിശുദ്ധ ജൂസെപ്പെ അല്ലാമാനോ ദുർബലരായ ആളുകളെ സംരക്ഷിക്കുവാൻ ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്കുള്ള കടമയെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. വെനസ്വേലയ്ക്കും ബ്രസീലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ആമസോണിയ മേഖലയിലെ 200-250 ഗ്രാമങ്ങളിൽ താമസിക്കുന്ന 35,000-ത്തോളം തദ്ദേശീയരായ ഒരു സമൂഹമാണ് യാനോമാമി.

തുടർന്ന്, പാപ്പാ യുദ്ധങ്ങളുടെ ഭീകരതയിൽ കഴിയുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളെയും പേരെടുത്തു പരാമർശിച്ചു. സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള ക്രൈസ്തവരുടെ ഉത്തരവാദിത്വവും പാപ്പാ ഓർമ്മിപ്പിച്ചു. രക്തസാക്ഷികളായ ഫലസ്തീൻ, ഇസ്രായേൽ, ലെബനൻ, രക്തസാക്ഷികളായ ഉക്രെയ്ൻ, സുഡാൻ, മ്യാൻമർ എന്നീ രാജ്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2024, 14:04