തിരയുക

കഴിഞ്ഞ ദിവസം ലാറ്ററൻ ബസലിക്കയിൽ നടന്ന സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസം ലാറ്ററൻ ബസലിക്കയിൽ നടന്ന സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

പാവപ്പെട്ടവരെയും മുറിവേറ്റവരെയും അവഗണിക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ

സമൂഹത്തിൽ പാവപ്പെട്ടവരും മുറിവേറ്റവരുമായ മനുഷ്യരെ അവഗണിക്കരുതെന്നും, വിഭജനങ്ങൾ ഒഴിവാക്കി, കെട്ടുറപ്പുള്ള ഒരു സമൂഹം പണിതുയർത്തണമെന്നും ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 25 വെള്ളിയാഴ്ച, റോം രൂപതയുടെ കീഴിൽ ലാറ്ററൻ ബസലിക്കയിൽ വച്ച് സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ സംസാരിക്കവെയാണ്, പാവപ്പെട്ടവർക്കുനേരെ നമുക്കുണ്ടാകേണ്ട കരുതലിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. സമൂഹത്തിലെ അസമത്വങ്ങളെ അവസാനിപ്പിക്കാനും, പ്രത്യാശയുടെ വിത്തുവിതയ്ക്കാനും നമുക്ക് സാധിക്കണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമൂഹത്തിലെ പാവപ്പെട്ടവരെയും ദാരിദ്ര്യരെയും അവഗണിക്കരുതെന്നും, സാമൂഹ്യവ്യവസ്ഥിതിയിലെ വിഭജനങ്ങളും, അസമത്വങ്ങളും അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് പാപ്പാ. പാവപ്പെട്ടവരോടും വേദനയനുഭവിക്കുന്നവരോടും സമീപസ്ഥരായിരിക്കുക എന്നത് സഭയുടെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് തിരിച്ചറിയണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒക്ടോബർ 25 വെള്ളിയാഴ്ച, റോം രൂപതയുടെ കീഴിൽ "മുറിവേറ്റതിനെ തുന്നിപ്പിടിപ്പിക്കുക, അസമത്വങ്ങൾക്കുമപ്പുറം" എന്ന പേരിൽ, ജോൺ ലാറ്ററൻ ബസലിക്കയിൽ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിൽ സംസാരിക്കുന്ന അവസരത്തിലാണ് പാവപ്പെട്ടവരുടെയും ദരിദ്രരുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി സഭയും സമൂഹവും മുന്നോട്ട് വരണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തത്‌.

റോമിന്റെ തെരുവുകളിൽ താമസിക്കുന്ന ഒരുപാട് മനുഷ്യരുടെയും, സ്വന്തമായി വീടോ ജോലിയോ ഇല്ലാതെ അലയുന്ന യുവജനങ്ങളുടെയും, വിവിധ ദുഃശീലങ്ങൾക്കും ആധുനിക അടിമത്തങ്ങൾക്കും കീഴ്പ്പെട്ട് നിരാശരുമായിരിക്കുന്ന ആളുകളുടെയും ജീവിതങ്ങൾ വെറും കണക്കുകളായി അവസാനിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവരിൽ മുറിവേറ്റ ക്രിസ്തുവിന്റെ മുഖം കാണാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്ന് പാപ്പാ ചോദിച്ചു. ഇങ്ങനെയുള്ള മനുഷ്യർക്കായി നമുക്കൊരുമിച്ച് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

പാവപ്പെട്ടവർ ക്രിസ്തുവിന്റെ ശരീരമാണെന്ന് പറഞ്ഞ പാപ്പാ, അവർക്കായി അത്ഭുതകരമായ പരിഹാരങ്ങളൊന്നും യേശു വാഗ്ദാനം ചെയ്യുന്നില്ലെന്നും, എന്നാൽ അവരിലേക്ക് സുവിശേഷസന്ദേശമെത്തിക്കുകയാണ് നാം വേണ്ടതെന്നും പറഞ്ഞു. ദാരിദ്ര്യമെന്ന പ്രശ്‌നത്തെ സഭാത്മകമായ ഒരു ഉത്തരവാദിത്വമായി കാണുകയും, അവർക്ക് സമീപസ്ഥരായിരുന്നുകൊണ്ട്, ദൈവത്തിന് അവരോടുള്ള ആർദ്രതയുടെ അടയാളങ്ങളായി മാറുകയും ചെയ്യാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. സമൂഹത്തിൽ ദുർബലരും പാവപ്പെട്ടവരുമായിരിക്കുന്ന മനുഷ്യർക്ക് ചെയ്യുന്ന സേവനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.

റോമാ നഗരത്തിൽ സാമ്പത്തികമായതുൾപ്പെടെയുള്ള വൈരുധ്യങ്ങളുടെ മുന്നിൽ നമുക്ക് നിഷ്ക്രിയരായിരിക്കാനാകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാരുണ്യത്തോടെയുള്ള ഉപവിപ്രവർത്തനങ്ങളിലേക്കും, മുൻവിധികളില്ലാതെ പാവപ്പെട്ടവരോടും പാതയോരങ്ങളിൽ അന്തിയുറങ്ങുന്നവരോടും സംവദിക്കുന്നതിലേക്കും നാം വളരേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വരുവാനിരിക്കുന്ന ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, പാവപ്പെട്ടവരുടെ ജീവിതത്തിൽ പ്രതീക്ഷ വളർത്തിയെടുക്കുന്നതിനായി ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും നാം പരിശ്രമിക്കേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, റോമിൽ സന്നദ്ധപ്രവർത്തനം നടത്തുന്നതിൽ മാതൃകയായി പ്രവർത്തിച്ച ലൂയിജി ദി ലിയേഗ്രോ എന്ന വൈദികനെയും, അദ്ദേഹത്തിന്റെ പാത പിന്തുടർന്ന നിരവധി അൽമായസഹോദരങ്ങളെയും പ്രത്യേകം പരാമർശിച്ചു. ഒരുപാട് മനുഷ്യരുടെ വിഷമതകൾക്ക് മുന്നിൽ നാം പ്രതീക്ഷയറ്റ് തളരരുതെന്നും, അവർക്കായി കഴിയാനാകുന്ന വിധത്തിലെല്ലാം സേവനങ്ങൾ നൽകണമെന്നും, സമൂഹത്തിൽ പ്രത്യാശയുടെ വിത്തുവിതയ്ക്കാനാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2024, 17:20