തിരയുക

ജി-ഏഴ് രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരുടെ പ്രതിനിധിസംഘത്തിന് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ജി-ഏഴ് രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരുടെ പ്രതിനിധിസംഘത്തിന് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

കുറവുകളുള്ളവരെയും സ്വാഗതം ചെയ്യാൻ തയ്യാറാകുന്ന ഒരു സമൂഹം വളർത്തിയെടുക്കുക: ഫ്രാൻസിസ് പാപ്പാ

ഏവരുടെയും മനുഷ്യാന്തസ്സിനെ ഉയർത്തിക്കാട്ടുന്നതും, അംഗപരിമിതികളുള്ള മനുഷ്യർക്ക് പ്രാധാന്യം കൊടുക്കുന്നതുമായ ഒരു സമൂഹം വളർത്തിയെടുക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. ജി-ഏഴ് രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ ഉൾപ്പെടുന്ന സമൂഹത്തിന് ഒക്ടോബർ പതിനേഴാം തീയതി കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, നീതിയും ഐക്യദാർഢ്യവുമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ വളർച്ചയ്ക്കായി പരിശ്രമിക്കാൻ പാപ്പാ ആഹ്വാനം ചെയ്‌തത്‌.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നീതിയും ഐക്യദാർഢ്യവും പുലരുന്ന ഒരു സമൂഹത്തിന്റെ നിർമ്മാണത്തിനും, അംഗപരിമിതികളുള്ളവർ ഉൾപ്പെടെ എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതും, കുറവുകളുള്ള മനുഷ്യരെയും സ്വാഗതം ചെയ്യാൻ തയ്യാറാകുന്നതുമായ ഒരു സാമൂഹ്യവ്യവസ്ഥിതി വളർത്തിയെടുക്കുന്നതിനും പാപ്പായുടെ ആഹ്വാനം. ഒക്ടോബർ 17 വ്യാഴാഴ്ച, ജി-ഏഴ് രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ ഉൾപ്പെടുന്ന സമൂഹത്തിന് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാസമ്മേളനത്തിലാണ് മെച്ചപ്പെട്ട ഒരു സമൂഹത്തിന്റെ വളർച്ചയിലേക്ക് സംഭാവന ചെയ്യാൻ ഏവരെയും പാപ്പാ ആഹ്വാനം ചെയ്തത്.

അംഗപരിമിതികളുള്ള മനുഷ്യരെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സമൂഹത്തിന്റെ വളർച്ചയെന്നത്, മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ കാഴ്ചപ്പാടിനോട് ചേർന്ന ഒരു ചിന്തയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ എല്ലാ സമൂഹങ്ങളിലും വളർന്നുവരേണ്ട ഒരു മൂല്യമാണിതെന്നും, അങ്ങനെ മെച്ചപ്പെട്ട ഒരു ആഗോളമാനവികകുടുംബത്തിന്റെ വളർച്ചയ്ക്ക് നാം സംഭാവന ചെയ്യണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

അംഗപരിമിതികളുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്തുപിടിക്കാൻ സാധിക്കുന്ന ഒരു സാമൂഹ്യവസ്ഥിതി അന്താരാഷ്ട്രസമൂഹത്തിന്റെ ഒരു പ്രധാന ലക്ഷ്യമായിരിക്കണമെന്നും, അതുവഴി ഏവർക്കും തുല്യ അന്തസ്സ് ഉറപ്പാക്കാൻ കഴിയണമെന്നും പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. ശാരീരികവും, സാമൂഹികവും, സാംസ്കാരികവും, മതപരവുമായ മതിലുകളും തടസ്സങ്ങളും ഇല്ലാത്തതും, ഏവർക്കും അവരുടെ നല്ല കഴിവുകൾ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വളർത്തിയെടുക്കാനും വിനിയോഗിക്കാനും സാധിക്കുന്നതുമായ ഒരു സാഹചര്യം വളർത്തിയെടുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.

അംഗപരിമിതികളുള്ളവർക്ക് അവശ്യസേവനങ്ങൾ ഉറപ്പാക്കുക എന്നത്തിലൂടെ മാത്രമാകരുത്, മറിച്ച് അവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുക എന്നതിലൂടെയാകണം മെച്ചപ്പെട്ട ഒരു സമൂഹം വളർന്നുവരേണ്ടത്. വളർന്നുവരുന്ന സാങ്കേതികത, വിവേകപൂർവ്വം, അസമത്വങ്ങൾ ഇല്ലാത്തതും, പൊതുനന്മ ലക്ഷ്യമാക്കിയതുമായ പ്രവർത്തനങ്ങൾക്കുവേണ്ടി വേണം ഉപയോഗിക്കേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

അംഗപരിമിതികളുള്ളവരെ സമൂഹത്തിൽ ഉൾക്കൊള്ളുന്നതുമായി ബന്ധപ്പെട്ട്, ഇറ്റലിയിലെ ഉംബ്രിയ പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ഒരു സമ്മേളനത്തിന്റെ അവസാനത്തിലാണ്, ജി-ഏഴ് രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ ഉൾപ്പെടുന്ന ഈ സമൂഹത്തിന് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2024, 16:26