സ്നേഹത്തോടെയും മനുഷ്യാന്തസ്സ് വളർത്തിയും മുന്നോട്ട് പോകാൻ അധ്യാപനസേവനരംഗത്തുള്ളവരോട് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മനുഷ്യകേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമോർമ്മിപ്പിച്ചും, തുറന്ന ഹൃദയത്തോടെയും പ്രത്യാശയോടെയും സഭയുടെയും സമൂഹത്തിന്റെയും ഭാവികൂടിയായ യുവജനങ്ങളെ അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞും ഫ്രാൻസിസ് പാപ്പാ. "ആസ്സിയോണെ കത്തോലിക്ക" സംഘടനയുടെ വിദ്യാഭ്യാസപ്രതിബദ്ധതാപ്രസ്ഥാനത്തിന്റെ ദേശീയസമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ഒക്ടോബർ 31 വ്യാഴാഴ്ച് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസരംഗത്ത് കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർ, മനുഷ്യാന്തസ്സിന്റെ പൂർത്തീകരണവും, അതിന്റെ വളർച്ചയ്ക്കുള്ള ഇടങ്ങളും ഉറപ്പാക്കുന്നതിനായി, മനുഷ്യന്റെ പ്രാധാന്യം തിരിച്ചറിയുകയും, വിലമതിക്കുകയും ചെയ്യണമെന്ന് ഫ്രാൻസിസ് പാപ്പാ പാപ്പാ.
സുവിശേഷത്താൽ പ്രേരിതരായി, കാലത്തിന്റെ അടയാളങ്ങൾ ശ്രദ്ധിച്ച്, ഒരു ചിട്ടയായ കാഴ്ചപ്പാടോടുകൂടിയാണ് "ആസ്സിയോണെ കത്തോലിക്ക" പ്രസ്ഥാനം വികസിച്ചുവന്നതെന്നും, അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നതെന്നും പാപ്പാ അനുസ്മരിച്ചു. അതതുപ്രദേശങ്ങളിലെ സഭയും, അൽമായയാഥാർത്ഥ്യങ്ങളുമായി യോജിച്ചതാണ് പ്രസ്ഥാനം പ്രവൃത്തിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
മതങ്ങൾക്ക് പ്രാധാന്യം കുറയുന്ന ഇക്കാലത്ത്, മുൻപുള്ളവയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയിലൂടെയാണ് ഇന്നത്തെ പൊതുവിദ്യാഭ്യാസരംഗം കടന്നുപോകുന്നതെന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവവിദ്യാഭ്യാസവും മാനുഷിക, സാംസ്‌കാരിക വ്യതിയാനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ഈ വ്യതിയാനങ്ങൾക്കുള്ള ഉത്തരം നാം ഇനിയും തേടേണ്ടതുണ്ടെന്നും അനുസ്മരിച്ചു. വഴിയറിയാത്ത ഇടങ്ങളിൽ ഒരുമിച്ചാണ് വഴി കണ്ടെത്തേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർ വലിയ ഒരു ഹൃദയമുള്ളവരും, ഉന്നതമായ മൂല്യങ്ങൾ മുന്നോട്ടുവയ്ക്കുന്നവരും ബുദ്ധിമുട്ടുകളുടെ മുന്നിൽ പോകാത്തവരുമാകണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വിഷമസന്ധികളിൽ ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന, കുടുംബങ്ങൾ, അധ്യാപകർ, സാമൂഹ്യസേവകർ, കായികരംഗം നിയന്ത്രിക്കുന്നവർ, മതബോധനം നടത്തുന്നവർ, പുരോഹിതർ, സന്ന്യസ്തർ, വിദ്യാർത്ഥികൾ, തുടങ്ങി ഏവരും ഒരുമിച്ചുനിൽക്കുകയും വിദ്യാഭ്യാസരംഗത്ത് മുന്നോട്ട് പോവുകയും ചെയ്യണമെന്ന് പറഞ്ഞു.
മനുഷ്യനും, അവന്റെ അന്തസ്സും കേന്ദ്രബിന്ദുവായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചു. "ആസ്സിയോണെ കത്തോലിക്ക" മുന്നോട്ടുവയ്ക്കുന്ന ചിന്തപോലെ, മനുഷ്യൻ അവന്റെ ആധ്യാത്മിക, അസ്തിത്വ, വൈകാരിക, സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ മാനങ്ങളിൽ വളർന്നുവരേണ്ടതുണ്ടെന്ന് പാപ്പാ വ്യക്തമാക്കി.
വരാനിരിക്കുന്ന ജൂബിലി വർഷത്തിലേക്ക് പ്രത്യാശയോടെ നോക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. കുട്ടികളുടെയും, കൗമാരപ്രായക്കാരുടെയും യുവജനങ്ങളുടെയും നേർക്ക് പ്രത്യേകമായ കരുതലുണ്ടാകണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവരെ വിശ്വാസത്തോടെയും, സഹാനുഭൂതിയോടെയും, അതായത് ക്രിസ്തുവിന്റെ ഹൃദയത്തോടെ നോക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. അവരാണ് സഭയുടെ വർത്തമാനവും ഭാവിയുമെന്ന് പാപ്പാ പ്രസ്താവിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഏവരും സഹോദരങ്ങളായി വളരുന്നതിനായി, ശരിയായ പാത കാണിച്ചുകൊടുക്കണമെന്നും, അതിനായി അവരെ അനുഗമിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും പരിശുദ്ധപിതാവ് ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസം സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സ്നേഹമില്ലെങ്കിൽ പഠിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി. അധ്യാപനരംഗത്തുള്ളവർക്കായി ധന്യനായ ജ്യുസേപ്പേ ലസാത്തിയുടെ മാതൃക മുന്നോട്ടുവച്ച പാപ്പാ, അദ്ദേഹത്തിൽനിന്ന് പ്രേരണയുൾക്കൊണ്ട് പ്രവർത്തിക്കാൻ "ആസ്സിയോണെ കത്തോലിക്ക" സംഘടനയുടെ വിദ്യാഭ്യാസപ്രതിബദ്ധതാപ്രസ്ഥാനത്തിന്റെ ദേശീയസമ്മേളനത്തിൽ സംബന്ധിച്ചവരെ ആഹ്വാനം ചെയ്‌തു.
"ആസ്സിയോണെ കത്തോലിക്ക" സംഘടന സഭയോട് ബന്ധപ്പെട്ടും, സഭയ്ക്കുള്ളിലും പ്രവർത്തിക്കുന്നതിന് പാപ്പാ നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: