മാധ്യമപ്രവര്‍ത്തനം ഒരു വിളിയും നിയോഗവും: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പ്രത്യയശാസ്ത്രങ്ങളുടേതുൾപ്പെടെയുള്ള മതിലുകൾ ഉയരുന്ന ഈ ലോകത്ത് പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാനും, വിഭജനചിന്തകൾ വളർത്തുന്ന ആളുകളുള്ള ഒരു സമൂഹത്തിൽ കൂട്ടായ്മ വളർത്താനും, ലോകം വർത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ പലരും നിഷ്ക്രിയരും ഉദാസീനരുമായിരിക്കുമ്പോൾ, അവയിൽ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വവും വിളിയും മാധ്യമപ്രവർത്തകർക്കുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ.
വത്തിക്കാനിൽ അടുത്തിടെ അവസാനിച്ച മെത്രാന്മാരുടെ സിനഡിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, സഭാകൂട്ടായ്മ വളർത്തുന്നതിലും സിനഡാത്മകമായ ഒരു ശൈലിയാണ് നാം അവലംബിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. നമ്മെ സ്നേഹിക്കുകയും തന്നിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ദിവ്യസ്നേഹം പ്രതിധ്വനിപ്പിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, രാഷ്ട്രീയ, വ്യാവസായിക ചിന്തയും രീതികളും അവലംബിക്കാനാരംഭിച്ചാൽ, നാം സഭാത്മകതയെത്തന്നെയാണ് നഷ്ടപ്പെടുത്തുകയെന്ന് ഓർമ്മപ്പെടുത്തി. നമ്മെ സ്നേഹിക്കുകയും, വിളിക്കുകയും, നമ്മോട് ക്ഷമിക്കുകയും ചെയ്ത കർത്താവിന്റെ അനന്തമായ കരുണയുടെ സാക്ഷികളാകാൻ നമുക്ക് കടമയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വത്തിക്കാന്റെ ആശയവിനിമയ ഡികാസ്റ്ററിയിൽ ജോലി ചെയ്യുന്നവർ എന്ന നിലയിൽ, സത്യം കൊണ്ട് അര മുറുക്കി, നീതിയുടെ കവചം ധരിച്ച്, സമാധാനത്തിന്റെ സുവിശേഷം പരത്താനും, സഭാകൂട്ടായ്മ വളർത്താനും നിങ്ങൾക്ക് ചുമതലയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ആളുകളെയും സംസ്കാരങ്ങളെയും ബന്ധപ്പെടുത്താനും, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ശരിയായി വിലയിരുത്താനും, മറ്റുള്ളവരിലേക്കെത്തിക്കാനും കഴിവുള്ള ഒരു മാധ്യമപ്രവർത്തനമാണ് വത്തിക്കാനിലെ മാധ്യമപ്രവർത്തനമേഖലയിൽ താൻ സ്വപ്നം കാണുന്നതെന്ന് പാപ്പാ പറഞ്ഞു. സാമ്പത്തികബുദ്ധിമുട്ടുകളുടെയും ചിലവുചുരുക്കലുകളുടെയും ഇടയിലും, അൻപത്തിമൂന്ന് ഭാഷകളിലായി വത്തിക്കാൻ മീഡിയ നൽകുന്ന സേവനങ്ങളിൽ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു.
ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയമെന്ന സ്വപ്നത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നിൽ മുറിവേൽക്കാൻ തയ്യാറാകുന്ന ഒരു ശൈലിയോടെയും, കൂടുതൽ ധൈര്യത്തോടെയും എല്ലായിടങ്ങളിലേക്കുമെത്താനും, സ്വന്തം ആശയങ്ങളേക്കാൾ, സത്യസന്ധതയോടും തീക്ഷണതയോടും കൂടെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സാധിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരസ്യവാചകങ്ങൾക്കപ്പുറം, പാവപ്പെട്ടവരെയും ദരിദ്രരെയും കുടിയേറ്റക്കാരെയും, യുദ്ധത്തിന്റെ ഇരകളെയും പരിഗണിക്കുന്നതും, മറ്റുള്ളവരെ ഉൾക്കൊള്ളുന്നതുമായ മനോഭാവവും, പരസ്പരസംവാദങ്ങളും, സമാധാനശ്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു ശൈലിയുമാണ് താൻ വത്തിക്കാൻ മാധ്യമപ്രവർത്തകരിൽനിന്ന് ആഗ്രഹിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.
തങ്ങളുടെ സമയവും കഴിവും മറ്റുള്ളവർക്കായി മാറ്റിവയ്ക്കാനും, യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി, തീക്ഷ്ണതയും കഴിവുമുപയോഗിച്ച് അവ മറ്റുള്ളവരിലേക്കെത്തിക്കാനും സാധിക്കുന്ന ഒരു ശൈലിയാണ് താൻ സ്വപ്നം കാണുന്നതെന്ന് പാപ്പാ പറഞ്ഞു. ദൈവപുത്രനായ ക്രിസ്തു രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നമുക്ക് വെളിവാക്കിത്തന്ന ദൈവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന, സുവിശേഷത്തിന്റെ ചുവയുള്ള വാർത്തകൾ മറ്റുള്ളവരിലേക്കെത്തിക്കുന്നതിന്റെ പ്രാധാന്യം പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചു.
ആശയവിനിമയരംഗത്ത് ധൈര്യപൂർവ്വം മുന്നോട്ട് പോകാനും, പുതിയ ശൈലികൾ പഠിക്കാനും ആശയവിനിമയരംഗത്തുള്ളവരെ പാപ്പാ ആഹ്വാനം ചെയ്തു.
യുദ്ധങ്ങളാൽ ലോകം വലയുമ്പോഴും പ്രത്യാശയോടെ മുന്നോട്ട് നോക്കാൻ ക്രൈസ്തവർക്കാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവമാണ് ചരിത്രത്തെ നയിക്കുന്നതെന്നതും, അവനാണ് മനുഷ്യജീവന് സംരക്ഷിക്കുന്നതെന്നും ഓർമ്മിപ്പിച്ച പാപ്പാ, തിന്മ ഒരിക്കലും വിജയിക്കില്ലെന്ന് വ്യക്തമാക്കി.
നാൽപത്തിയെട്ടു വർഷങ്ങളുടെ സേവനത്തിന് ശേഷം ഒക്ടോബർ 31-ന് വത്തിക്കാൻ ആശയവിനിമയാകാര്യാലയത്തിലെ ജോലിയിൽനിന്ന് വിരമിക്കുന്ന ശ്രീമതി ഗ്ലോറിയ ഫൊന്താനയെ തന്റെ പ്രഭാഷണമധ്യേ പാപ്പാ പ്രത്യേകം പരാമർശിച്ചു. പാപ്പാമാരുടെ പ്രഭാഷണങ്ങൾ പകർത്തിയെഴുതുന്ന പ്രധാനപ്പെട്ട ഒരു സേവനമാണ് ശ്രീമതി ഫൊന്താന ചെയ്തതെന്ന് പാപ്പാ പറഞ്ഞു.
ആശയവിനിമയാകാര്യാലയവുമായി ബന്ധപ്പെട്ട്, ധനവിനിമയ കാര്യങ്ങളിൽ കൂടുതൽ അച്ചടക്കം വേണമെന്ന് ആവശ്യപ്പെട്ട പാപ്പാ മറ്റിടങ്ങളിൽനിന്ന് ധനസഹായങ്ങൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. നിലവിലെ രീതിയിലുള്ള സഹായം തുടരാൻ പരിശുദ്ധസിംഹാസനത്തിന് സാധിക്കില്ലെന്നും പാപ്പാ വ്യക്തമാക്കി.
വരുവാനിരിക്കുന്ന ജൂബിലി ആഘോഷങ്ങൾ, നമ്മുടെ വിശ്വാസവും പ്രത്യാശയും ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്താനുള്ള ഒരു വലിയ അവസരമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. റോമിലെത്തുന്ന തീർത്ഥാടകർക്കും, എത്താൻ സാധിക്കാത്തവർക്കും വത്തിക്കാൻ മീഡിയ നൽകുവാനിരിക്കുന്ന സേവനങ്ങൾക്കും, ജൂബിലിയുടെ വിവിധ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ നേരിട്ടും, മാധ്യമങ്ങൾ വഴിയും സഹായിക്കുന്നതിനും പാപ്പാ നന്ദി പറഞ്ഞു.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ നാല് ഇന്ത്യൻ ഭാഷകളിലും വത്തിക്കാൻ മീഡിയ സേവനം നൽകുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: