ക്രിസ്തുവിന്റെ കരുണനിറഞ്ഞ സ്നേഹം ജീവിക്കുക: ദൈവശാസ്ത്രജ്ഞരോട് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും മനസ്സിലാക്കാൻ സഹായിക്കുന്ന ദൈവശാസ്ത്രം ഏവരിലേക്കും എത്തിക്കാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുപോകാനും, വേദനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന മനുഷ്യരുടെ അന്തസ്സ് ഉയർത്തിക്കാട്ടാനും ദൈവശാസ്ത്രജ്ഞരെ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ സിസിലിയിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ നാമത്തിലുള്ള ദൈവശാസ്ത്രവിഭാഗത്തിന്റെ 2024-2025 അദ്ധ്യായനവർഷം ഉദ്ഘാടനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 16 ബുധനാഴ്ച, അയച്ച വീഡിയോ സന്ദേശത്തിലാണ് ദൈവസ്നേഹത്തെക്കുറിച്ചുള്ള പ്രഘോഷണത്തിന് പാപ്പാ ആഹ്വാനം ചെയ്തത്.
സ്വയം പരിത്യജിച്ച്, മനുഷ്യരോടൊപ്പമായിരുന്ന ക്രിസ്തുവിന്റെ കുരിശിന്റെ ഉയരത്തിൽനിന്ന്, മനുഷ്യർ ജീവിക്കുന്ന യാഥാർഥ്യങ്ങളെ നോക്കിക്കാണാൻ ദൈവശാസ്ത്രജ്ഞർക്ക് സാധിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിന്റെ കരുണ നിറഞ്ഞ സ്നേഹത്തെ മറ്റുള്ളവർക്ക് വെളിവാക്കുന്ന ഒരു ദൈവശാസ്ത്രമാണ് നമുക്ക് ആവശ്യമുള്ളത്. മുട്ടിന്മേൽ നിൽക്കുന്ന, സഹനങ്ങളിലൂടെ കടന്നുപോകുന്നവരിലേക്ക് താഴാൻ സാധിക്കുന്ന, ആർദ്രതയുള്ള മനോഭാവമാണ് ദൈവശാസ്ത്രജ്ഞർ സ്വന്തമാക്കേണ്ടത്.
മാഫിയ പോലെയുള്ള സംഘങ്ങളുടെ ശക്തികളുടെ പ്രവർത്തനങ്ങൾ സാധാരണജനത്തിന്റെ ജീവിതത്തിൽ ഉളവാക്കുന്ന പ്രശ്നങ്ങളെയും പാപ്പാ വീഡിയോയിൽ പരാമർശിച്ചു. ഈയൊരു തിന്മയ്‌ക്കെതിരെ സ്വജീവൻ നൽകിയും പോരാടുന്നവരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. സിസിലിയുടേതുപോലെയുള്ള ഒരു സാഹചര്യത്തിൽ സുവിശേഷപ്രഘോഷണം നീതിയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നുകൂടിയാകേണ്ടതുണ്ടെന്ന് മാഫിയാസംഘങ്ങളുടെ തിന്മകളെ പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. അസമത്വങ്ങൾ ഇല്ലാതാക്കാനും, അതിക്രമങ്ങളുടെ ഇരകളാകുന്നവരെ സംരക്ഷിക്കാനും ശ്രമിക്കുന്നതുവഴി ജീവന്റെ സുവിശേഷം അറിയപ്പെടട്ടെയെന്നും, തിന്മ എല്ലായിടങ്ങളിലും നിന്ന് നീക്കം ചെയ്യപ്പെടട്ടെയെന്നും പാപ്പാ ആശംസിച്ചു.
സിസിലിയുടെ പ്രത്യേക പശ്ചാത്തലത്തിൽ, മുസ്ലിം, യഹൂദ മതങ്ങൾ ഉൾപ്പെടെയുള്ള വിവിധ മതങ്ങളുമായുള്ള മതാന്തരസംവാദങ്ങളുമായി മുന്നോട്ട് പോകാനും പാപ്പാ ദൈവശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്തു.
1982 നവംബർ ഒന്നിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ ദൈവശാസ്ത്രപഠനകേന്ദ്രം സന്ദർശിച്ചിട്ടുണ്ട്. ബെലീസിലേക്കും പലേർമോയിലേക്കുമുള്ള അപ്പസ്തോലികസന്ദർശനത്തിന്റെ ഭാഗമായായിരുന്നു അദ്ദേഹം ഇവിടം സന്ദർശിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: