കുടുംബങ്ങളിൽ പരസ്പരസംവാദം ഉറപ്പാക്കണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കുടുംബങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്കായി പരസ്പരസംവാദം ഉറപ്പാക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. പരസ്പരസംവാദങ്ങളില്ലാത്ത കുടുംബങ്ങൾ ജീവിക്കാത്ത കുടുംബങ്ങളാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒക്ടോബർ 25 വെള്ളിയാഴ്ച, കുടുംബങ്ങളിലെ സിനഡാത്മകതയെക്കുറിച്ച് നൽകിയ ഒരു ചെറിയ വീഡിയോ സന്ദേശത്തിലാണ് കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.
“ഭിന്നാഭിപ്രായങ്ങളും വിയോജിപ്പുകളും ഉള്ളപ്പോഴും കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണം തുടരുന്നത് കുടുംബത്തിന്റെ നിലനിൽപ്പിനുതന്നെ പ്രധാനപ്പെട്ടതാണെന്ന്“ പാപ്പാ ഉദ്‌ബോധിപ്പിച്ചു. “പരസ്പരസംവാദങ്ങളില്ലാത്ത കുടുംബം മരിച്ച കുടുംബമാണെന്ന്” പാപ്പാ അഭിപ്രായപ്പെട്ടു. കുടുംബങ്ങൾക്ക് അനുഗ്രഹാശംസകൾ നേർന്ന പാപ്പാ, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും അഭ്യർത്ഥിച്ചു.
ലോകമെമ്പാടും വ്യക്തിബന്ധങ്ങളും കുടുംബങ്ങളും പ്രതിസന്ധികളിലൂടെയും മൂല്യച്യുതിയിലൂടെയും കടന്നുപോകുന്ന അവസരത്തിലാണ്, ആരോഗ്യപരമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുന്നതിലും കുടുംബങ്ങൾ ശക്തിപ്പെടുത്തുന്നതിലും പരസ്പരസംവാദങ്ങൾക്കും പങ്കുവയ്ക്കലുകൾക്കുമുള്ള പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്.
ഒക്ടോബർ 23 ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിൽ ദാമ്പത്യകൂട്ടായ്മയെക്കുറിച്ച് പാപ്പാ ഉദ്‌ബോധനം നടത്തിയിരുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, പരിശുദ്ധാത്മാവിലാണ് ഈയൊരു സ്നേഹബന്ധം ഉറപ്പിക്കപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ചിരുന്നു.
സിനഡിൽ പങ്കെടുക്കുന്നവരുൾപ്പെടെയുളള യുവജനങ്ങളെ അഭിസംബോധന ചെയ്‌ത്, ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസം സന്ദേശം നൽകിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: