സിനഡ് ഹാളിൽനിന്നുള്ള ഒരു ദൃശ്യം സിനഡ് ഹാളിൽനിന്നുള്ള ഒരു ദൃശ്യം  (VATICAN MEDIA Divisione Foto)

വിശ്വാസജീവിതയാത്രയിൽ മുന്നോട്ട് പോകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

സിനഡാത്മകസഭയെക്കുറിച്ചുള്ള പഠനങ്ങളുമായി മെത്രാന്മാരുടെ സിനഡ് പുരോഗമിക്കുന്ന അവസരത്തിൽ, വിശ്വാസയാത്രയിൽ എപ്പോഴും മുന്നോട്ടു യാത്ര ചെയ്യാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ പാപ്പാ. നിശ്ചലമായിരിക്കുന്ന വിശ്വാസം കെട്ടിക്കിടക്കുന്ന ജലം പോലെ മൂല്യം കുറഞ്ഞതാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിശ്വാസജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. സിനഡാത്മകസഭയെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡ് അതിന്റെ അവസാനദിവസങ്ങളിലേക്ക് അടുക്കുന്നതിനിടെ, യുവജങ്ങൾക്കായി നൽകിയ വീഡിയോ സന്ദേശത്തിലാണ് വിശ്വാസജീവിതത്തിൽ മുന്നോട്ടുപോകാതെ നിശ്ചലരായിപ്പോകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.

നടക്കുകയെന്നത് ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ പാപ്പാ, ഒരു യുവാവ് അവന്റെ ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണം തുടരുന്നിടത്തോളം നാൾ എല്ലാം നന്നായി പോകുമെന്ന് ഉദ്‌ബോധിപ്പിച്ചു. വിശ്വാസജീവിതത്തെ ജലവുമായി താരതമ്യപ്പെടുത്തിയാണ് പാപ്പാ സംസാരിച്ചത്. ഒഴുകുന്ന ജലം നല്ലതായിരിക്കും, എന്നാൽ നിശ്ചലമായി കെട്ടിക്കിടക്കുന്ന ജലം മോശമായിത്തീരുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കെട്ടിക്കിടക്കുന്ന ജലത്തിൽ പല ജീവികളും, കീടങ്ങളും ഉണ്ടായിരിക്കുമെന്നും, അതുപോലെ വിശ്വാസജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണമില്ലാത്ത യുവജനങ്ങളുടെ ജീവിതം ഏറെപ്പെട്ടെന്ന് കളങ്കപ്പെട്ടേക്കാമെന്നും പാപ്പാ പറഞ്ഞു. ഇതൊഴിവാക്കാനായി നിരന്തരം മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പാപ്പാ, ഈ യാത്ര ധൈര്യത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് കൊണ്ടുപോകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌തു.

368 പേരാണ് സിനഡാത്മകതയെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിൽ സംബന്ധിക്കുന്നത്. ഇവരിൽ 272 പേർ മെത്രാന്മാരാണ്. ബാക്കിവരുന്ന 96 പേരിൽ ചില പുരോഹിതരെയും സന്ന്യസ്തരെയും കൂടാതെ നിരവധി അല്മയരുമുണ്ട്. സിനഡിൽ പങ്കെടുക്കുന്ന ആളുകളിൽ മുപ്പതുവയസ്സിൽ താഴെയുള്ളവരുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2024, 15:47