നവകർദിനാളന്മാർക്ക് ഫ്രാൻസിസ് പാപ്പായുടെ എഴുത്ത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒക്ടോബർ ആറാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന മധ്യാഹ്നപ്രാർത്ഥനയുടെ അവസാനം ഫ്രാൻസിസ് പാപ്പാ പുതിയതായി 21 കർദിനാളന്മാരെ കൂടി നിയമിച്ചു. അവരിൽ തന്റെ വിദേശ യാത്രകളുടെ മുഖ്യം സംഘാടകനായ ഭാരതീയനായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടും ഉൾപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട നവകർദിനാളന്മാർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ പിതൃതുല്യമായ വാത്സല്യത്തോടെയും, കരുതലോടെയും ഉപദേശങ്ങളടങ്ങിയ കത്ത് തയ്യാറാക്കി പ്രസിദ്ധീകരിച്ചു.
കത്തിൽ, സഭയുടെ ഐക്യത്തിൻ്റെയും എല്ലാ സഭകളെയും ഈ റോമിലെ സഭയുമായി ബന്ധിപ്പിക്കുന്ന ബന്ധത്തിൻ്റെ പ്രകടനമാണ് ഈ കർദിനാൾ പട്ടമെന്നത് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഒപ്പം കർദിനാൾമാർ തങ്ങളുടെ കരങ്ങൾ കൂപ്പി, കണ്ണുകൾ ഉന്നതങ്ങളിലേക്ക് ഉയർത്തിക്കൊണ്ട്, നിഷ്പാദുകരായി സേവനം ചെയ്യുവാനുള്ള മനോഭാവങ്ങൾ ഉൾക്കൊള്ളണമെന്ന് പാപ്പാ ഓർമിപ്പിച്ചു.
ഈ മൂന്ന് മനോഭാവങ്ങളും വിശദീകരിച്ചുകൊണ്ട്, സഭയ്ക്കുള്ളിലെ അവരുടെ പുതിയ സേവനം കൂടുതൽ ആഴത്തിലാക്കുവാനും, ഏറെ തീക്ഷ്ണതയോടെ മറ്റുള്ളവരെ സ്നേഹിക്കാനും ഹൃദയം വിശാലമാക്കാൻ പാപ്പാ തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നു. അജപാലകരെന്ന നിലയിൽ ആളുകൾക്ക് വേണ്ടി കൂടുതൽ പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു. കാരണം, ദൈവഹിതം വിവേചിച്ചറിയാനും അത് പിന്തുടരാനും സഹായിക്കുന്ന “വിവേചന മണ്ഡലമാണ്” പ്രാർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേദനയും കഷ്ടപ്പാടും നിറഞ്ഞ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളുടെയും കഠിനമായ യാഥാർത്ഥ്യങ്ങളെ സ്പർശിക്കാനുതകും വിധം അനുകമ്പയുടെയും കരുണയുടെയും മാതൃക നൽകിക്കൊണ്ട് നിഷ്പാദുകരായി നടക്കണമെന്നും പാപ്പാ കത്തിൽ ചൂണ്ടിക്കാണിക്കുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: